ഷാരൂഖിനെ കാണാതായ ആ ദിവസത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പിതാവ്
ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ രത്‌നഗിരിയിൽ പിടിയിലായതും ഡൽഹിയിൽ നിന്ന് കാണാതായ ഷാരൂഖ് സെയ്ഫിയും ഒരാൾ തന്നെയെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഷാരൂഖ് സെയ്ഫിയുടെ ഡൽഹി ഷഹീൻബാഗിലെ വീട്ടിലെത്തി പോലീസും കേരള എ.ടി.എസും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രത്‌നഗിരിയിൽ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോയും കുടുംബാംഗങ്ങളെ കാണിച്ചിരുന്നു. ഫോട്ടോയിലുള്ളത് കാണാതായ ഷാരൂഖ് സെയ്ഫി തന്നെയാണെന്ന് കുടുംബം തിരിച്ചറിഞ്ഞു.
എലത്തൂരിലെ തീവെപ്പിന് പിന്നാലെ കണ്ടെടുത്ത കുറിപ്പുകളും മൊബൈൽഫോണിൽ ഉപയോഗിച്ച സിംകാർഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് കേരള എ.ടി.എസും പോലീസും ഇയാളുടെ വീട്ടിലെത്തിയത്. ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ നോട്ടുപുസ്തകങ്ങളടക്കം പോലീസ് വിശദമായി പരിശോധിച്ചിരുന്നു. റെയിൽവേ ട്രാക്കിൽനിന്ന് കിട്ടിയ കുറിപ്പുകളിലെ കയ്യക്ഷരവും വീട്ടിലെ പുസ്തകങ്ങളിലെ കയ്യക്ഷരവും ഒന്നുതന്നെയാണെന്ന് പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തു.

ഷാരൂഖ് സെയ്ഫിയെ കാണാനില്ലെന്ന് മാർച്ച് 31-ാം തീയതിയാണ് കുടുംബം ഷഹീൻബാഗ് പോലീസിൽ പരാതി നൽകിയത്. ഇതിനിടെയാണ് എലത്തൂരിലെ തീവെപ്പിൽ അന്വേഷണവുമായി പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയത്. എലത്തൂരിൽ നിന്ന് കിട്ടിയ ഫോൺ സ്വിച്ച് ഓഫ് ചെയ്തത് മാർച്ച് 30-നായിരുന്നു. ഇതും അന്വേഷണത്തിൽ നിർണായകമായി.
ഷാരൂഖിന്റെ ഷഹീൻബാഗിലെ വീട്ടിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും മണിക്കൂറുകളോളം പോലീസ് സംഘവും എ.ടി.എസും പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെ ഡയറിയും മറ്റൊരു മൊബൈൽഫോണും ഷഹീൻബാഗ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് കേരള എ.ടി.എസിന് കൈമാറും.
അതിനിടെ, ഷാരൂഖ് കേരളത്തിൽ പോയതിനെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നായിരുന്നു ഷാരൂഖിന്റെ പിതാവ് പറയുന്നത്. മകൻ കുറ്റക്കാരനാണെങ്കിൽ കടുത്ത ശിക്ഷ ലഭിക്കണം. അതിൽ തങ്ങൾക്ക് എതിർപ്പില്ല. കഴിഞ്ഞദിവസം പോലീസ് വീട്ടിലെത്തിയതോടെയാണ് സംഭവമെല്ലാം അറിയുന്നത്. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പരമാവധി ശിക്ഷ ലഭിക്കണമെന്നും ഷാരൂഖിന്റെ പിതാവ് പറഞ്ഞു മാതൃഭൂമി ന്യൂസിനോട് ആയിരുന്നു പ്രതികരണം.
'മാർച്ച് 31ന് രാവിലെ 9 മണിയോടെയാണ് ഷാരുഖിനെ കാണാതാവുന്നത്. എവിടെ പോവുകയാണെന്നൊന്നും പറഞ്ഞില്ല. കടയിൽ പോയതാണെന്നാണ് കരുതിയത്. പക്ഷേ കടയിലൊന്നും എത്തിയില്ലെന്ന് മനസിലായി. തുടർന്ന് പൊലീസിൽ മകനെ കാണാനില്ലെന്ന് പരാതി നൽകി' ഷാരൂഖിന്റെ പിതാവ് പറഞ്ഞു ട്വറ്റിഫോർ ന്യൂസിനോടായിരുന്നു പ്രതികരണം.
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗർ സ്വദേശികളായ ഷാരൂഖിന്റെ പിതാവും കുടുംബവും വർഷങ്ങൾക്ക് മുൻപേ ഡൽഹിയിലെ ഷഹീൻബാഗിൽ താമസമാക്കി. രണ്ട് സഹോദരങ്ങളാണ് ഇയാൾക്കുള്ളത്. ഷാരൂഖിന് മാനസികപ്രശ്‌നങ്ങളില്ലെന്നും പിതാവിനൊപ്പം മരപ്പണി
ചെയ്തുവരികയായിരുന്നു ഷാരൂഖ് സെയ്ഫിയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
മാഹാരഷ്ട്രയിൽ നിന്നുമാണ് ഷാരൂഖ് സെയ്ഫി പിടിയിലായത്. പ്രതിയെ പിടികൂടിയത്. പുലർച്ചെ മൂന്ന് മണിയോടെ മഹാരാഷ്ട്ര നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഷാരൂഖ് സെയ്ഫി നിലവിൽ മഹാരാഷ്ട്ര എ ടി എസിന്റെ കസ്റ്റഡിയിലാണ്. പ്രതിയെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കേരള പൊലീസിന് കൈമാറും.












Click it and Unblock the Notifications