എലത്തൂർ തീവണ്ടീ ആക്രമണം; പ്രതി ഷാരൂഖ് സെയ്ഫിയെ പിടികൂടിയത് ഇങ്ങനെ, വിവരം ലഭിച്ചത് ഇന്റലിജെൻസിന്
മുംബൈ: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെഫിയെ പോലീസ് പിടികൂടിയത് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടാൻ എത്തിയപ്പോഴെന്ന് സൂചന. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഉള്ള ആശുപത്രിയിലേക്കായിരുന്നു ഇയാൾ വന്നത്. ഇത് സംബന്ധിച്ച് തുടർന്ന് മഹാരാഷ്ട്ര എ ടി എസിന്റെയും കേന്ദ്ര ഏജന്‍സികളുടേയും സഹായത്തോടെ മഹാരാഷ്ട്ര തീവ്രവിരുദ്ധ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.
രഹസ്യാന്വേഷണ ഏജൻസികൾക്കായിരുന്നു ഷാരൂഖ് സെയ്ഫ് എവിടെ ഉണ്ടെന്നത് സംബന്ധിച്ച് ആദ്യം വിവരം ലഭിച്ചത്. മുഖത്തും തലയ്ക്കും പൊള്ളലേറ്റ ആൾ രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നായിരുന്നു ലഭിച്ച വിവരം. ഇതോടെ ഇന്റലിജെന്റസ് ഏജൻസി ഇക്കാര്യം മഹാരാഷ്ട്ര എ ടി എസിന് കൈമാറുകയായിരുന്നു. അതേസമയം പ്രതിയെ ഉടൻ കോഴിക്കോടേക്ക് എത്തിക്കുമെന്നും ഇതിനായി കേരള പോലീസ് സംഘം പുറപ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം.

ഷാരൂഖിന് പൊള്ളലേറ്റത് കൂടാതെ തലയ്ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകണ്ട്. അജ്മീറിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയത്. തീയിട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവിൽ തന്നെയാണ് ഇയാൾ കോഴിക്കോടേക്ക് എത്തിയതെന്നുമാണ് വിവരം. ഇയാൾ അതേ ട്രെയിനിൽ കണ്ണൂരിലേക്ക് പോയി അവിടെ നിന്ന് മറ്റ് വാഹനങ്ങളിൽ കയറി മഹാരാഷ്ട്രയിലേക്ക് തിരിക്കുകയായിരുന്നുവെന്നുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളും ഉണ്ട്.
അതേസമയം എത്രയും പെട്ടെന്ന് പ്രതിയെ നട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കേരള ഡി ജി പി അനിൽകാന്ത് അറിയിച്ചു. അക്രമണത്തിന് പിന്നിലുള്ള കാരണങ്ങൾ അടക്കമുള്ള വിവരങ്ങൾ പ്രതിയെ ചോദ്യം ചെയ്ത ശേഷം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കേരളത്തിനെ ഞെട്ടിച്ച് കൊണ്ട് ഓടുന്ന ട്രെയിനിൽ ആക്രമണം നടന്നത്. അലപ്പുഴയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ എലത്തൂരിൽ വെച്ചായിരുന്നു അക്രമി തീയി
ട്ടത്. സംഭവത്തിൽ 8 പേർക്ക് പൊള്ളലേൽക്കുകയും 3 പേർ മരിക്കുകയും ചെയ്തിരുന്നു. ട്രാക്കിൽ നിന്നും ലഭിച്ച ഡയറിയിൽ നിന്നും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയിലേക്കുള്ള തുമ്പ് പോലീസിന് ലഭിച്ചത്. തുടർന്ന് ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരിക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി.
അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പോലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരളപോലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്.
അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജന്‍സ്, റയില്‍വെ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നു', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications