കീശ കാലിയാക്കുമോ കറന്റ് ബില്ല്? നിങ്ങളുടെ കറന്റ് ബില്ല് എത്ര കൂടും? വിശദമായി അറിയാം..
തിരുവനന്തപുരം: വൈദ്യുതി നിരക്ക് ശരാശരി 16 പൈസ കൂട്ടിയിരിക്കുകയാണ്. വ്യാഴാഴ്ച മുതൽ പുതിയ നിരക്ക് നിലവിൽ വന്നു. അടുത്ത വർഷം 12 പൈസ കൂടും. നിരക്ക് കൂട്ടിയതോടെ വീടുകളിലെ വൈദ്യുതി ബില്ലിൽ രണ്ട് മാസത്തിലൊരിക്കൽ ഏകദേശം 14 രൂപ മുതൽ 300 രൂപ വരെ വർധനവ് ഉണ്ടാവും. അതേ സമയം സർചാർജും 10 ശതമാനം വൈദ്യുതി ഡ്യൂട്ടിയും കൂടുമ്പോൾ കറന്റ് ബില്ല് ഇതിലും കൂടിയേക്കാം.
ജനുവരി മുതൽ മേയ് വരെ അഞ്ച് മാസത്തേക്ക് വേനൽക്കാല നിരക്കായി 10 പൈസ കെ എസ് ഇ ബി അധികം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ചെറുകിട വ്യവസായങ്ങൾക്ക് അഞ്ച് പൈസ വീതം രണ്ട് വർഷവും കൂടും. വൻകിട വ്യവസായങ്ങൾക്ക് ഈ വർഷം 10 പൈസയും അടുത്ത വർഷം അഞ്ച് പൈസയും കൂടും.

വീടുകളിലെ വിവധ സ്ലാബുകളിലെ വർധന 15 പൈസ മുതൽ 25 പൈസ വരെയാണ്. വീടുകളിൽ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ട ഫിക്സഡ് ചാർജ് രണ്ട് വർഷത്തേക്കും അഞ്ച് മുതൽ 30 രൂപ വരെ കൂട്ടി. അതേ സമയം ഈ വർഷത്തെ നിരക്കുകൾ 2025 മാർച്ച് 31 വരെയാണ് ബാധകം.
അടുത്ത വർഷത്തെ നിരക്കുകൾ 2027 മാർച്ച് 31 വരെ തുടരും. ഇതോടൊപ്പം സർചാർജും നൽകേണ്ടി വരും. ഡിസംബറിൽ ഇത് യൂണിറ്റിന് 15 പൈസയാണ്. മീറ്റർ വാടക കൂട്ടില്ല. ഒരു മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബി പി എൽ വിഭാഗങ്ങളിലെ വീടുകളിൽ നിരക്ക് കൂടില്ല. കാര്യക്ഷമത കൂട്ടിയും ചെലവ് ചുരുക്കിയും കുറഞ്ഞനിരക്കിൽ വൈദ്യുതി വാങ്ങിയും നഷ്ടം പരാമവധി കുറയ്ക്കാൻ ബോർഡിനോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം. അനിവാര്യ ഘട്ടത്തിലാണ് നിരക്ക് വർധിപ്പിച്ചതെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞത്. നിവർത്തി ഇല്ലാതെയാണ് നിരക്ക് വർധിപ്പിച്ചത്. പല വിഭാഗങ്ങൾക്കും ഇത് ദോഷം ചെയ്യുമെന്നറിയാം. നിരക്ക് വർദ്ധിപ്പിക്കാതെ പറ്റാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി. പുറത്ത് നിന്നാണ് വൈദ്യുതി വാങ്ങുന്നത്. ബോർഡിന് പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയുണ്ട്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത് വലിയ പ്രതിസന്ധിയാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications