23 പ്രൂഫ് റീഡര്‍മാരെ പിരിച്ച് വിട്ട് മാധ്യമം, ജീവനക്കാർ സമരത്തിൽ, പ്രതിഷേധിച്ച് കെയുഡബ്ലുജെയും
കോഴിക്കോട്: 23 പ്രൂഫ് റീഡര്‍മാരെ പിരിച്ച് വിടാനുളള നീക്കത്തെ തുടര്‍ന്ന് മാധ്യമം പത്രത്തിലെ ജീവനക്കാര്‍ സമരത്തില്‍. പ്രൂഫ് റീഡിംഗ് വിഭാഗത്തിലെ 27 ജീവനക്കാരില്‍ സീനിയര്‍മാരായ നാല് പേരെ മാത്രം നിലനിര്‍ത്തിയാണ് 23 പേരെ മാനേജ്‌മെന്റ് പിരിച്ച് വിടാനുളള ഉത്തരവിറക്കിയിരിക്കുന്നത്. പത്രത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഓട്ടോമേഷന്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രൂഫ് റീഡര്‍മാരെ പിരിച്ച് വിടുന്നത് എന്ന് സ്ഥാപനം നല്‍കിയ നോട്ടീസില്‍ പറയുന്നു.
ജൂലൈ മുതല്‍ നോട്ടീസ് നല്‍കിയ 23 പേര്‍ ജോലിക്ക് ഹാജരാകേണ്ടതില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ നിലപാ്ട് ന്യായമല്ലെന്ന് ആരോപിച്ചാണ് മാധ്യമത്തിലെ എല്ലാ യൂണിറ്റുകളിലേയും ജീവനക്കാര്‍ പണിമുടക്കിനിറങ്ങിയിരിക്കുന്നത്. ജീവനക്കാരെ പിരിച്ച് വിട്ട നടപടി തിരുത്താതെ പണിമുടക്ക് അവസാനിപ്പിക്കില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. നാളെ മൂന്ന് മണിക്ക് സമരക്കാരുമായി മാനേജ്മെന്റ് ചർച്ച നടത്തും.

എംപ്ലോയീസ് യൂണിയന്റെയും ജേര്‍ണലിസ്റ്റ് യൂണിയന്റെയും സംയുക്ത നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മാധ്യമത്തില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ജീവനക്കാര്‍ കൃത്യമായി ശമ്പളം കൊടുക്കാത്തുമായി ബന്ധപ്പെട്ടുളള കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. മാത്രമല്ല ലേബര്‍ കോടതിയില്‍ നിന്നും ശമ്പളം കൃത്യമായ നല്‍കണമെന്ന നിര്‍ദേശങ്ങള്‍ പല തവണ ഉണ്ടായിട്ടും അത് പാലിക്കപ്പെടുന്നില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശമ്പളം കൃത്യമായി നല്‍കാത്തത് കാരണമുളള പ്രതിഷേധം സ്ഥാപനത്തില്‍ നിലനില്‍ക്കെയാണ് 23 ജീവനക്കാരെ പിരിച്ച് വിട്ടുകൊണ്ടുളള നടപടി മാധ്യമം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മാത്രമല്ല മാധ്യമപ്രവര്‍ത്തകരുടെ വേതനം ഉയര്‍ത്തുന്നത് സംബന്ധിച്ചുളള മജീദിയ വേജ് ബോര്‍ഡുമായി ബന്ധപ്പെട്ടും സ്ഥാപനത്തിന് എതിരെ കേസ് കോടതിയിലുണ്ട്.
മാധ്യമം മാനേജ്‌മെന്റ് നീക്കത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയനും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജീവിതത്തിന്റെ നല്ല ഭാഗം ഈ സ്ഥാപനത്തെ കെട്ടിപ്പടുക്കാന്‍ വിനിയോഗിച്ച ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട നടപടി പ്രതിഷേധാര്‍ഹമാണ്. ഈ നടപടി പിന്‍വലിക്കണം. ഇല്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകും, കെയുഡബ്ല്യുജെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications