എമ്പുരാന്‍ വിടാതെ ബിജെപി; പൃഥ്വിരാജും മോഹന്‍ലാലും കോടതി കയറേണ്ടി വരും? ഹര്‍ജി ഇങ്ങനെ
കൊച്ചി: മോഹന്‍ലാലും പൃഥ്വിരാജും പ്രധാന വേഷമിട്ട എമ്പുരാന്‍ സിനിമ ലോകമെങ്ങും റെക്കോര്‍ഡ് കളക്ഷനില്‍ മുന്നേറുന്നതിനിടെ ഹൈക്കോടതിയില്‍ ഹര്‍ജി. മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതോടെ എമ്പുരാന്‍ വിവാദം തീരുമെന്ന് കരുതിയിരുന്നു എങ്കിലും ഇനി കോടതി തീരുമാനം നിര്‍ണായകമാകും. ബിജെപി നേതാവ് വിവി വിജീഷ് ആണ് ഹര്‍ജിക്കാരന്‍.
ഗുജറാത്ത് കലാപം സിനിമയില്‍ സൂചിപ്പിക്കുന്നു എന്ന് കാണിച്ചാണ് ഹിന്ദുത്വ സംഘടനാ നേതാക്കള്‍ സിനിമക്കെതിരെ രംഗത്തുവന്നിരുന്നത്. തുടര്‍ന്ന് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് എഴുതിയിരുന്നു. സംവിധായകന്‍ പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഇത് പങ്കുവയ്ക്കുകയും ചെയ്തു. പൃഥ്വിരാജിനെ വ്യക്തിപരമായി ഉന്നംവച്ച് ബിജെപി നേതാക്കള്‍ പരസ്യമായി പ്രതകരിക്കുകയും ചെയ്തിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി.

ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗമാണ് ഹര്‍ജിക്കാരനായ വിജീഷ്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ്, മോഹന്‍ലാല്‍-പൃഥ്വിരാജ് ഉള്‍പ്പെടുന്ന എമ്പുരാന്‍ ടീം, കേരള പോലീസ് മേധാവി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയാണിത് എന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
പ്രതിരോധ മന്ത്രാലയം, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്നിവയുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലാണ് സിനിമയുടെ ഉള്ളടക്കം എന്നാണ് വിജീഷിന്റെ ഹര്‍ജിയിലെ മറ്റൊരു ആരോപണം. ഗുജറാത്ത് കലാപത്തെ അനാവശ്യമായി സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതെല്ലാം സമൂഹത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ഇടയാക്കുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
മന്ത്രാലയത്തിന് വിജീഷ് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ കോടതി ഇടപെട്ട് എമ്പുരാന്റെ പ്രദര്‍ശനം തടയണം എന്നാണ് ആവശ്യം. സിനിമയുടെ പ്രദര്‍ശനം തടയാന്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിനും സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനും ഇക്കാര്യത്തില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സിനിമയുമായി ബന്ധപ്പെട്ട് വര്‍ഗീയ സംഘര്‍ഷത്തിന് ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കണം. ഇതിന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണം എന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെ സിനിമയിലൂടെ അധിക്ഷേപിക്കാന്‍ പൃഥ്വിരാജ് നിരന്തരം ശ്രമിക്കുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചാല്‍ മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ.
അതിനിടെ സിനിമാ വിവാദത്തില്‍ പ്രതികരിച്ച് നിര്‍മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍ രംഗത്തുവന്നു. എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാനമാണ് ചില ഭാഗങ്ങള്‍ നീക്കുക എന്നത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തില്ല. മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും സിനിമ നേരത്തെ കണ്ടതാണ്. മറിച്ചുള്ള പ്രതികരണം ശരിയല്ല. സിനിമ കൊണ്ട് ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications