'അവിടെയാണ് പൃഥ്വിയുടെ ബുദ്ധി, എമ്പുരാൻ ബിജെപിക്ക് വോട്ട് കൂട്ടും, സംഘികളെ പറ്റിച്ച് പണം കൊയ്യാൻ അറിയാം': മാരാർ
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. അതിനിടയിലൊരു ട്വിസ്റ്റായിരിക്കുകയാണ് മോഹൻലാലിനും പൃഥ്വിരാജിനും എതിരെ നടക്കുന്ന സൈബർ ആക്രമണം.
ഗുജറാത്ത് കലാപം അടക്കമുളള വിഷയങ്ങൾ ചിത്രത്തിൽ വന്നതോടെയാണ് സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ മോഹൻലാലിനും പൃഥ്വിക്കും എതിരെ തിരിഞ്ഞിരിക്കുന്നത്. അതേസമയം എമ്പുരാനാകട്ടെ ഈ സൈബർ ആക്രമണങ്ങൾക്കിടയിലും ബോക്സ്ഓഫീസ് കുതിപ്പ് തുടരുന്നു. സംഘികളേയും സംഘവിരുദ്ധരേയും ഒരുപോലെ പറ്റിച്ച് പണമുണ്ടാക്കാൻ പൃഥ്വിരാജിന് അറിയാം എന്ന് സംവിധായകനും ബിഗ് ബോസ് വിജയിയും ആയ അഖിൽ മാരാർ പറയുന്നു.
എമ്പുരാൻ മുന്നോട്ട് വെക്കുന്നത് സംഘ വിരുദ്ധ രാഷ്ട്രീയമാണോ അതോ ബിജെപിക്ക് കൂടുതൽ വോട്ടുകൾ എത്തിക്കാനുള്ള രാഷ്ട്രീയമാണോ എന്നുളള ചോദ്യവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ മാരാർ ചോദിക്കുന്നു.

അഖിൽ മാരാരുടെ കുറിപ്പ്: സിനിമ ഇറങ്ങും മുൻപ് വലിയ ഹൈപ്പ് സൃഷ്ട്ടിച്ചത് കൊണ്ട് ഉണ്ടായ ടിക്കറ്റ് ബുക്കിങ്ങിൽ എന്തായാലും കേരളത്തിലെ എല്ലാ ലാലേട്ടൻ ഫാൻസും ടിക്കറ്റ് എടുത്തു... എടുത്ത ലാലേട്ടൻ ഫാൻസിൽ വലിയൊരു വിഭാഗം സംഘ അനുകൂലികൾ ഉണ്ടെന്നതും സത്യം.. മമ്മൂക്ക ഫാൻസ് സത്യത്തിൽ അവരും ലാലേട്ടന്റെ സിനിമ നല്ലതാണെങ്കിൽ ആസ്വദിക്കും.. എന്നാൽ ഈ സിനിമ വിജയിച്ചാൽ കേരളത്തിൽ ആദ്യം കുരു പൊട്ടുന്നത് മീഡിയ മുക്കാലനും സുഡാപ്പികൾക്കും ആയിരിക്കും..
കഴിഞ്ഞ കുറെ നാളുകളായി മോഹൻലാൽ എന്ന നടനെ തകർക്കാൻ നോക്കിയിരിക്കുന്ന ഈ രണ്ട് കൂട്ടർക്കും എമ്പുരാന്റെ വിജയം ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ല.. അത് കൊണ്ട് തന്നെ ഇതിന്റെ പ്രീ ബുക്കിങ്ങിൽ അവർ വളരെ അസ്വസ്ഥരാണ്.. അവിടെയാണ് പൃഥ്വിരാജിന്റെ ബുദ്ധി.. ടിക്കറ്റ് എടുത്ത സംഘികൾ എല്ലാം എന്തായാലും പടം കാണും... സിനിമയിൽ ഗുജറാത്ത് കലാപം കാണിക്കുന്നു അത് കൊണ്ട് സംഘികൾ ഈ സിനിമയെ എതിർക്കുന്നു എന്ന മാർക്കറ്റിംഗ് തന്ത്രം ഇന്നലെ മുതൽ സൃഷ്ടിക്കുന്നു.. സംഘികൾ സിനിമയ്ക്ക് എതിരാകുന്നു...
സിനിമയിൽ ഇല്ലാത്ത ഭാഗം പുറത്ത് വിട്ട് ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന ഡയലോഗ് വെച്ചു ജനഗണമന വിജയിപ്പിച്ചതും ഇതേ സംഘ വിരുദ്ധ മാർക്കറ്റിങ് തന്ത്രം ആയിരുന്നു.. അത് കൊണ്ട് തന്നെ രണ്ടാം ആഴ്ച മുതൽ കേരളത്തിലെയും, തമിഴ്നാട്ടിലെയും, കർണാടകത്തിലെയും, തെലുങ്കിലെയും മതേതര വാദികളുടെയും ബിജെപി വിരുദ്ധരുടെയും വക ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും...
ചുരുക്കത്തിൽ മോഹൻലാലിനെ ഉപയോഗിച്ച് ആദ്യ ആഴ്ചയിൽ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതൽ സംഘ വിരുദ്ധരെ പറ്റിച്ചും മുടക്കിയ പണവും ലാഭവും കൊയ്യാൻ പൃഥിരാജിനറിയാം.. ഇനി എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്.. ഈ സിനിമ സംഘ വിരുദ്ധ രാഷ്ട്രീയമാണോ മുന്നോട്ട് വെക്കുന്നത് അതോ ബിജെപിക്ക് കൂടുതൽ വോട്ടുകൾ എത്തിക്കാനുള്ള രാഷ്ട്രീയമാണോ...?
നര ഭോജി, നരാധമൻ വിളികൾക്ക് ശേഷം തുടർച്ചയായി 3തവണ മുഖ്യമന്ത്രി.. 3 തവണ പ്രധാനമന്ത്രി ആയ മോദിക്കും ബിജെപിയ്ക്കും എപ്പോഴൊക്കെ കലാപം ജനങ്ങളെ ഓർമ്മിപ്പിച്ചോ അപ്പോഴൊക്കെ നേട്ടം മാത്രം.. അവരുടെ ജയത്തിന് ഏറ്റവും കാരണമായതും ഈ വർഗീയ വാദികൾ എന്ന എതിരാളികളുടെ വിളികളാണ്... അതായത് ഗുജറാത്ത് കലാപം ആരംഭിച്ചത് അയോദ്ധ്യ സന്ദർശനത്തിന് ശേഷം മടങ്ങിയ കർ സേവകരെ ട്രെയിനിൽ തീ വെച്ചു കൊന്ന ശേഷം ആണെന്ന് ഇന്ത്യയിലെ എല്ലാവർക്കും അറിയാം..
ഇന്ദിരാ ഗാന്ധി വധത്തിനു ശേഷം സിക്ക് കാരെ കൂട്ട കൊല ചെയ്തത് എല്ലാവർക്കും അറിയാം... എന്നാൽ ഇന്ദിരാ ഗാന്ധി വധം കാണിക്കാതെ സിക്ക്കാരെ കൊന്നൊടുക്കുന്ന കോൺഗ്രസുകാർ എന്ന് ഒരു സിനിമയിൽ കാണിച്ചാൽ ഇന്ത്യയിലെ ജനങ്ങൾ പറയും അത് മര്യാദ അല്ലല്ലോ ഇവർ കള്ളം പറഞ്ഞതാണല്ലോ എന്ന്.. സ്വാഭാവികമായും കോൺഗ്രസ്സിന്റെ തെറ്റുകൾ ആൾക്കാർ ന്യായീകരിക്കും...
അവിടെയാണ് എമ്പുരാനിൽ കാണിക്കുന്ന ഗുജറാത്ത് കലാപവും കാണുന്ന പ്രേക്ഷകർക്ക് തോന്നുക.. സ്വാഭാവികമായും അവർ ട്രെയിനിൽ തീ വെച്ച കാര്യം ചർച്ച ചെയ്യും.. നിക്പക്ഷ ഹിന്ദുക്കൾ ഇന്നലെകളിൽ കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്ക് പോയത് ഈ ഒരു ഭാഗം ചേർന്ന് കൊണ്ടുള്ള പ്രചാരണം കൊണ്ടാണ്.. അത് കൊണ്ട് എമ്പുരാൻ നിലവിൽ സംഘ വിരുദ്ധമാണ് എന്ന് തോന്നുന്നെങ്കിൽ ആത്യന്തികമായി ബിജെപിയ്ക്ക് വോട്ട് വർധിപ്പിക്കാൻ കാരണമാകുന്ന ഒരു സിനിമ ആയിഭവിക്കും..
ഇത്രയും എഴുതിയ സ്ഥിതിക്ക് ഞാനും സംഘിയാകും...എനിക്ക് എന്റെ മനസാക്ഷിക്ക് തോന്നുന്ന സത്യം എഴുതാനെ അറിയൂ.. ജയിക്കാനുള്ള ഫോർമുല പഠിക്കുന്നതിനു മുൻപ് എതിരാളി എങ്ങനെ ജയിക്കുന്നു എന്ന് പഠിക്കണം.. നമ്മളായിട്ട് എതിരാളിയേ ജയിപ്പിക്കരുത്..ഞാൻ എഴുതിയത് തലച്ചോർ ഉപയോഗിച്ച് വായിച്ചു മനസ്സിലാക്കുക...''
അതേസമയം കോൺഗ്രസ് നേതാക്കൾ അടക്കമുളളവർ എമ്പുരാനെ പിന്തുണച്ചും പൃഥ്വിരാജിനെ അഭിനന്ദിച്ചും രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ എമ്പുരാൻ ഹിന്ദു വിരുദ്ധ പശ്ചാത്തലമുളള സിനിമയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:'' എമ്പുരാൻ കണ്ടു. ഒരു ഹിന്ദു വിരുദ്ധ പശ്ചാത്തലമുള്ള സിനിമയാണ് എമ്പുരാൻ .ഇതൊരു സിനിമ മാത്രമല്ലേ , എന്തിന് പ്രതിഷേധിക്കണം എന്ന് ചോദിക്കുന്നവരാരും തന്നെ കേരള സ്റ്റോറിക്ക് ആ ആനുകൂല്യം നൽകുന്നുമില്ല. സിനിമ രാഷ്ട്രീയം സംസാരിക്കുകയും അതിന് വേണ്ടി ചരിത്ര സംഭവങ്ങളെ കൂട്ടിയിണക്കുകയും ചെയ്യുമ്പോൾ അതിലെ ചരിത്ര വിരുദ്ധത നിശ്ചയമായും ചർച്ച ചെയ്യും. തുടക്കത്തിൽ ട്രെയിൻ കത്തുന്ന രംഗം കാണിക്കുകയും തീവണ്ടിക്ക് തീപിടിച്ചു എന്ന പത്രവാർത്തകൾ കാണിക്കുകയും ചെയ്യുന്നുണ്ട്. തീ തനിയേ പിടിച്ചതല്ലാ , തീ വച്ചതാണ് എന്ന യാഥാർത്ഥ്യം ഈ സിനിമ മറച്ച് വച്ചു.
ഇതിലൂടെ ഗോധ്രയിൽ മതതീവ്രവാദികൾ തീവണ്ടിക്ക് തീയ്യിട്ട് പച്ചയ്ക്ക് കൊലപ്പെടുത്തിയ നിരപരാധികളോട് ഈ സിനിമ കടുത്ത അനീതിയാണ് കാണിച്ചത്. ആക്രമണത്തിന് നേതൃത്വം നൽകിയവർ ഇന്നും ജീവപര്യന്തം തടവ് അനുഭവിക്കുമ്പോഴാണ് തീവണ്ടിക്ക് തനിയേ തീ പിടിച്ചതാണെന്ന തോന്നലുണ്ടാക്കുന്ന രംഗം കാണിക്കുന്നത് . ഗോധ്ര ഉണ്ടായിരുന്നില്ലെങ്കിൽ പിന്നീട് നടന്ന ഗുജറാത്ത് കലാപവും ഉണ്ടാകുമായിരുന്നില്ല എന്ന സത്യം സിനിമ കാണാതെ പോയി.
എന്നാൽ ഏകപക്ഷീയമായി മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഒരു വിഭാഗം അക്രമികളുടെ ക്രൂരതകൾ വെളിവാക്കുന്ന രംഗങ്ങൾ കാണിക്കുമ്പോൾ അക്രമകാരികൾ ഒരു വിഭാഗത്തിൽ പെട്ടവർ മാത്രമാണെന്ന അസത്യം സിനിമ ആവർത്തിക്കുന്നു. കലാപത്തിന് നേതൃത്വം നൽകിയ ബാബാ ബജ്രം രംഗിയും മുന്നയും (ഇതിൽ ഒരു ഉദ്ദേശവുമില്ല! ) ഒരു ഹിന്ദുത്വ പാർട്ടിയുടെ നേതാക്കളായി കേരളത്തിൽ വരുകയും ഇവിടെയും അക്രമം നടത്തുകയും ചെയ്യുന്നു. പോപ്പുലർ ഫ്രണ്ട് പോലുള്ള ഭീകര സംഘടനകൾ താവളമുറപ്പിക്കുകയും നിരവധി തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളം ഇരയാവുകയും ചെയ്യുമ്പോഴാണ് അതൊന്നും കാണാതെ എമ്പുരാൻ ഹിന്ദുത്വ ആശയമുള്ളതെന്ന് തോന്നിപ്പിക്കുന്ന ഒരു സംഘടനയെ അവഹേളനപരമായി പ്രതിസ്ഥാനത്ത് നിർത്തുന്നത്.
ശരിയാണ്..... കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ആശയങ്ങളെ സിനിമ വിമർശിക്കുകയും അന്താരാഷ്ട്ര ഇസ്ലാമിക ജിഹാദി സംഘങ്ങൾ ഹിന്ദുസ്ഥാനെതിരായി നടത്തുന്ന നീക്കങ്ങൾ സിനിമ ചർച്ച ചെയ്തിട്ടുമുണ്ട്. എന്നാൽ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ സിനിമ ചരിത്രത്തോട് ഒരു നീതിയും പുലർത്തിയിട്ടില്ല. അത് കൊണ്ട് തന്നെ എമ്പുരാൻ വിമർശിക്കപ്പെടുന്നതിൽ ഒരു തെറ്റുമില്ല''.












Click it and Unblock the Notifications