ടൂറിസം മേഖലയിൽ സമ്പൂർണ്ണ വാക്സിനേഷൻ; വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖലയിൽ സമ്പൂർണ്ണ വാക്സിനേഷൻ ഉറപ്പുവരുത്തുമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും വീണ ജോർജും അറിയിച്ചു. വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വരുന്ന ഒരാഴ്ചക്കാലത്തിനുള്ളിൽ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കുമെന്നും മന്ത്രിമാർ പറഞ്ഞു.തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

കൊവിഡ് വ്യാപനവും ലോക്ക്ഡൗണും പ്രതിസന്ധിയിലാക്കിയ സംസ്ഥാനത്തെ ടൂറിസം മേഖല ഉണർവിൻ്റെ പാതയിലാണ്. ഘട്ടംഘട്ടമായി ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള ആലോചനകൾ സർക്കാർ തലത്തിൽ നടക്കുന്നതായി മന്ത്രിമാരായ മുഹമ്മദ് റിയാസും വീണ ജോർജും പറഞ്ഞു.ടൂറിസം മേഖലയിൽ സമ്പൂർണ്ണ വാക്സിനേഷൻ ഉറപ്പുവരുത്തുമെന്നും മന്ത്രിമാർ വ്യക്തമാക്കി.
വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്ന് പ്രവർത്തിക്കാനാകും.വയനാട് ജില്ലയിലെ ടൂറിസം മേഖലയില്‍ ഭൂരിഭാഗം പേര്‍ക്കും ഒന്നാം ഡോസ് വാക്സിൻ നല്‍കി കഴിഞ്ഞു. നിലവിൽ ഏഴ് ദിവസം കൊണ്ട് തന്നെ മുൻഗണന വിഭാഗത്തിൽപ്പെടാത്തവർക്കും വാക്സിനേഷൻ ഉറപ്പു വരുത്തും - മന്ത്രിമാർ പറഞ്ഞു.

സംസ്ഥാനത്ത് പതിനഞ്ച് ലക്ഷത്തോളം പേരാണ് ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ ഇല്ലാതായതോടെ, ടൂറിസം മേഖല പൂർണമായും തകർന്നു. കൊവിഡ് രോഗവ്യാപനം കുറയുന്ന മുറയ്ക്ക് ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം.കൊവിഡ് തിരിച്ചടിയില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് 34,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

കോട്ടയത്തെ പ്രധാന വിനോദസഞ്ചാര മേഖലയാണ് കുമരകം ടൂറിസം. ഇതിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് വാക്സിനേഷൻ നൽകി കഴിഞ്ഞു. രണ്ടാം ഘട്ടമെന്ന നിലയില്‍ കുമരകവും മൂന്നാറും വിനോദ സഞ്ചാരികൾക്കായി തുറന്ന് നൽകും. ഒരു ജില്ലയില്‍ രണ്ട് ടൂറിസ്റ്റ് കേന്ദ്രമെങ്കിലും കാലതാമസമില്ലാതെ തുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രിമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗ്ലാമറസ് ചിത്രങ്ങളുമായി ദിശ പട്ടാനി; ആഘോഷമാക്കി സോഷ്യൽ മീഡിയ












Click it and Unblock the Notifications