ഇപിയുടെ ആത്മകഥ വിവാദം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി, വീണ്ടും അന്വേഷിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും അന്വേഷണം നടത്താൻ നിർദ്ദേശിച്ച് ഡിജിപി. കോട്ടയം എസ്‌പി നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപി തള്ളി. ശേഷമാണ് സംഭവത്തിൽ വീണ്ടും വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ സംഭവത്തിലാണ് നടപടി.
ഡിജിപിയുടെ നിർദ്ദേശപ്രകാരം ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി മനോജ് എബ്രഹാമാണ് വീണ്ടും അന്വേഷത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇപി ജയരാജന്റെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തത ഉണ്ടെന്നാണ് എഡിജിപി ചൂണ്ടിക്കാണിക്കുന്നത്. ഡിസിയിൽ നിന്നാണ് ഇപി ജയരാജന്റെ ആത്മകഥ ചോർന്നതെന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

എന്നാൽ എന്തിനാണ് ആത്മകഥ ചോർത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പറയുന്നില്ല. കൂടുതൽ വ്യക്തതയോടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് എഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിപിയുടെ നിർദ്ദേശാനുസരണമാണ് എഡിജിപി ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ആത്മകഥയുമായി ബന്ധപ്പെട്ട സംശയങ്ങളിൽ ഉത്തരം നൽകാതെയുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നത്. ഇപി ജയരാജൻ സ്വയം എഴുതിയ ആത്മകഥയാണോ? അല്ലെങ്കിൽ മറ്റാരെങ്കിലും എഴുതിയതാണോ എന്ന കാര്യത്തിൽ ഉൾപ്പെടെ ഇനിയും വിവരങ്ങൾ കിട്ടാനുണ്ട്. ഇതോടെ ഇപി ജയരാജൻ അടക്കം എല്ലാവരുടെയും മൊഴി വീണ്ടും എടുക്കേണ്ടി വരുമെന്നാണ് സൂചന.
അതേസമയം, സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടു വരണം എന്നാണ് ഇപി ജയരാജൻ ആവശ്യപ്പെടുന്നത്. വോട്ടെടുപ്പ് ദിനം പുറത്തുവന്ന ആത്മകഥ ഭാഗങ്ങൾ ഇടത് മുന്നണിക്കും സിപിഎമ്മിനും ഒരുപോലെ തലവേദനയായിരുന്നു. ആത്മകഥയിലെ പരാമർശങ്ങളിൽ പലതും എൽഡിഎഫിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു.
രണ്ടാം പിണറായി സർക്കാർ അത്ര മികച്ച ഭരണമല്ല കാഴ്‌ച വയ്ക്കുന്നത് എന്നതടക്കമുള്ള വിമർശനങ്ങൾ ഇതിലുണ്ടായിരുന്നു. കൂടാതെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായ മത്സരിച്ച, കോൺഗ്രസ് വിട്ടുവന്ന ഡോ. പി സരിനെ വിമർശിക്കുന്ന ഭാഗങ്ങളും ആത്മകഥയിലേത് എന്ന പേരിൽ ചോർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപി വിഷയത്തിൽ പരാതി നൽകിയത്.
ഡിജിപിക്കായിരുന്നു വിഷയത്തിൽ ഗൂഢാലോചന ചൂണ്ടിക്കാട്ടി ഇപി ജയരാജൻ പരാതി നൽകിയത്. കൂടാതെ ഡിസി ബുക്‌സിനെതിരെയും അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിരുന്നു. വിവാദ സംഭവത്തിൽ ആത്മകഥ ഭാഗങ്ങൾ പിൻവലിച്ച് മാപ്പ് പറയണം എന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.












Click it and Unblock the Notifications