'വന്യമൃഗശല്യത്തിന് പരിഹാരമായില്ലെങ്കിൽ കർഷകരോട് ആയുധം എടുക്കാൻ പറയും'; ഇപി ജയരാജൻ
പാലക്കാട്: വന്യമൃഗ ശല്യത്തിന് പരിഹാരം ഇനിയും ഉണ്ടായില്ലെങ്കിൽ കർഷകരോട് ആയുധം എടുക്കാൻ പറയുമെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ഇപി ജയരാജൻ. ആൾ ഇന്ത്യ കിസാൻ സഭയുടെ ജാഥക്ക് പാലക്കാട് കാഞ്ഞീരത്ത് നൽകിയ സ്വീകരണത്തിലാണ് ഇപി ജയരാജന്റെ ഈ പ്രസ്‌താവന ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'വന്യമൃഗശല്യത്തിന് പരിഹാരം ഇല്ലെങ്കിൽ കർഷകരോട് ആയുധം എടുത്ത് വെടിവെച്ചും, അമ്പെയ്ത്തും മൃഗങ്ങളെ കൊല്ലാൻ പറയും. സമരത്തിന്റെ ഭാഗമായി ആദ്യം വനം വകുപ്പ് ആസ്ഥാനം വളയും' ഇപി ജയരാജൻ പറഞ്ഞു.

അതിനിടെ വന്യമൃഗങ്ങള്‍ പെരുകുന്നത് തടയാന്‍ ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയിലും അതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയുണ്ടായി. നയം തിരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് പിണറായി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
'നാട്ടില്‍ ജനസംഖ്യാ നിയന്ത്രണം ഉണ്ടായെങ്കിലും വന്യമൃഗങ്ങളുടെ വര്‍ധനവ് നിയന്ത്രിക്കാനായിട്ടില്ല. വന്യമൃഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിന് ലോകത്താകെ നടക്കുന്നത് നായാട്ടും മറ്റ് നടപടികളുമാണ്' പിണറായി വിജയൻ നിലപാട് വ്യക്തമാക്കി.
'അത്തരം കാര്യങ്ങള്‍ നമ്മുടെ രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. അത് മാറണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. നയം തിരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്' എന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. വന്യമൃഗങ്ങളെ കൊല്ലുന്ന കാര്യം ആലോചിക്കണമെന്നും പിണറായി വിജയൻ ആശ്യപ്പെട്ടിരുന്നു. ദി ന്യൂഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
'കാട്ടുപന്നികളെ കൊല്ലാന്‍ ഉത്തരവിടാന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചത്ത പന്നികള്‍ക്കു പിന്നാലെ പോകേണ്ട ആവശ്യമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോടു ഞാന്‍ പറഞ്ഞിട്ടുണ്ട്. വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നമുക്ക് നിയമം ആവശ്യമാണ്. ഇപ്പോള്‍ ഉള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് നമ്മള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്' പിണറായി പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. കാട്ടുപന്നി പലപ്പോഴും നാട്ടിൻ പുറങ്ങളിൽ പോലും യഥേഷ്‌ടം സഞ്ചരിക്കുന്നതും പതിവ് കാഴ്‌ചയാണ്. ഇവ കൃഷിയെ കാര്യമായി തന്നെ നശിപ്പിക്കുകയും മറ്റ് അപകടങ്ങൾക്ക് കാരണവും ആയിട്ടുണ്ട്. ഇതോടെയാണ് ശക്തമായ നടപടി വേണമെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായം ഉയരുന്നത്.












Click it and Unblock the Notifications