കൊച്ചിയിലെ 3 റെയിൽവേ സ്‌റ്റേഷനുകളുടെ മുഖം മാറും; രണ്ട് ഘട്ടങ്ങളിലായി പദ്ധതി, ഈ സ്‌റ്റേഷന് 150 കോടി..!
കൊച്ചി: രാജ്യത്തെ 48 റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം കഴിഞ്ഞ ദിവസമാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പ്രഖ്യാപിച്ചത്. വൻ നഗരങ്ങളുടെ കൂട്ടത്തിൽ കൊച്ചിയിൽ നിന്നുള്ള സ്‌റ്റേഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. എറണാകുളം സൗത്ത് അഥവാ ജംഗ്‌ഷൻ, എറണാകുളം ടൗൺ, തൃപ്പൂണിത്തുറ എന്നീ സ്‌റ്റേഷനുകൾ ഒരുമിച്ച് കണ്ടാണ് റെയിൽവേ നവീകരണം നടത്താൻ ഉദ്ദേശിക്കുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്.
ഇത് കൊച്ചി നിവാസികൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. മൂന്ന് സ്‌റ്റേഷനുകളുടെയും നവീകരണം ഒറ്റ പദ്ധതിയായി കണക്കാക്കിയാണ് ട്രെയിൻ കപ്പാസിറ്റി കൂട്ടാനുള്ള നീക്കങ്ങൾ നടത്തുന്നതെന്ന് സതേൺ റെയിൽവേ ഡിസംബർ 28ന് പുറത്തിറക്കിയ വാർത്താക്കുറിപ്പ് പറയുന്നു. നിലവിൽ ടൗൺ സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.

കൂടുതൽ പ്ലാറ്റുഫോമുകളും പിറ്റ് ലൈനുകളും, ഷണ്ടിങ് സൗകര്യങ്ങളുമെല്ലാം ഈ സ്‌റ്റേഷനുകളിൽ ഏർപ്പെടുത്താനാണ് നീക്കം. ഘട്ടംഘട്ടമായി നടക്കുന്ന പ്രവൃത്തികൾ അഞ്ച് വർഷം കൊണ്ടാണ് പൂർത്തീകരിക്കുക എന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. നിലവിൽ എറണാകുളം ടൗൺ സ്‌റ്റേഷനിൽ നടക്കുന്നത് ഇതിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളാണ്.
ഈ നഗരത്തിലെ റെയിൽ വ്യവസ്ഥയിൽ എറണാകുളം ടൗൺ റെയിൽവേ സ്‌റ്റേഷന്റെ പുനർവികസനം രണ്ട് ഘട്ടങ്ങളിലായി 150.28 കോടി ചെലവിലാണ് ആസൂത്രണം ചെയ്‌തിട്ടുണ്ട്. സ്‌റ്റേഷൻ ഏരിയയുടെ തെക്കു ഭാഗത്ത് ഒന്നാം ഘട്ടം പുരോഗമിക്കുകയാണ്. സ്‌റ്റാഫ് ക്വാർട്ടേഴ്‌സ്, പാഴ്‌സൽ ഓഫീസ്, ഡ്യൂട്ടി എസ്എം റൂം, സബ്‌സ്‌റ്റേഷൻ, ഒഎഫ്‌സി മുറികൾ തുടങ്ങിയ നിലവിലുള്ള സൗകര്യങ്ങൾ നിർവ്വഹണം സുഗമമാക്കുന്നതിനായി മാറ്റി സ്ഥാപിക്കുകയൂം ചെയ്‌തിട്ടുണ്ട്.
വെസ്‌റ്റ് ടെർമിനൽ കെട്ടിടത്തിന്റെ പണികൾ ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ഇത് കൂടാതെ സെഗ്മെന്റ് ഒന്നിന്റെ പണികൾ പൂർത്തീകരിച്ച് ഫിനിഷിംഗ് ജോലികൾ പുരോഗമിക്കുകയാണ്. മൾട്ടിലെവൽ കാർ പാർക്കിംഗ് ആണ് പൂർത്തീകരിക്കപ്പെട്ട മറ്റൊരു പദ്ധതി. 200 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു.
12 മീറ്റർ വീതിയുള്ള ഫൂട്ട് ഓവർ ബ്രിഡ്‌ജിന്റെ ഫൗണ്ടേഷൻ ജോലികൾ അടക്കം പൂർത്തിയായിട്ടുണ്ട്. ആർഡിഎസ്ഒ അംഗീകൃത വർക്ക്‌ഷോപ്പിൽ ഫാബ്രിക്കേഷൻ ജോലികൾ നടക്കുകയാണ്. എറണാകുളം ടൗൺ സ്‌റ്റേഷൻ രണ്ടാം പ്ലാറ്റ്‌ഫോം വികസന പ്രവർത്തനങ്ങളും അധിക ടോയ്‌ലറ്റ് കെട്ടിടവും പുരോഗമിക്കുകയാണ്. 2026 മെയ് മാസത്തോടെ ഒന്നാംഘട്ടം കമ്മീഷൻ ചെയ്യാൻ ഉദ്ദേശിച്ചാണ് ഇപ്പോൾ പ്രവർത്തനം നടക്കുന്നത്.
എറണാകുളം ജംഗ്‌ഷൻ നവീകരണം പുരോഗമിക്കുന്നു
എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നടപ്പാക്കുന്ന നിർദ്ദിഷ്‍ട പദ്ധതി പ്രകാരം, കിഴക്ക് ഭാഗത്ത് ഒരു പ്രത്യേക മൂന്ന് നില കെട്ടിടം നിർമ്മിക്കും. യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം, ആശുപത്രി, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസുകൾ എന്നിവ ഇതിൽ ഉൾപ്പെടും. പടിഞ്ഞാറ് ഭാഗത്ത്, നാല് നില കെട്ടിടത്തിൽ ടിക്കറ്റിംഗ് ഏരിയ, കാത്തിരിപ്പ് ലോഞ്ചുകൾ, എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും കണക്റ്റിവിറ്റിയുള്ള ഒരു വാണിജ്യ ഏരിയ എന്നിവ ഉണ്ടാവുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതിവർഷം 1.96 കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്‌റ്റേഷനുകളിൽ ഒന്നാണ് എറണാകുളം ജംഗ്‌ഷൻ. ഭാവിയിൽ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന ക്രമാതീതമായ വളർച്ചയ്ക്ക് അനുസൃതമായി നവീകരണം നടത്തുക എന്നതാണ് റെയിൽവേ ലക്ഷ്യമിടുന്നത്. പുതിയ കരാർ കമ്പനി വന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. തൃപ്പൂണിത്തുറയിലും കൂടുതൽ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.












Click it and Unblock the Notifications