കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ ഇടതിന് അടിപതറാന്‍ സാധ്യത

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: പലപ്പോഴും ഇടതിനേയും വലതിനേയും മാറിമാറി പരീക്ഷിച്ച ചരിത്രമാണ് എറണാകുളം മണ്ഡലത്തിനുള്ളത്. ഇടതുമുന്നണിക്ക് വേണ്ടി 2004 ല്‍ സെബാസ്റ്റ്യന്‍ പോള്‍ പിടിച്ചെടുത്ത മണ്ഡലം പക്ഷേ 2009 ല്‍ പ്രൊഫ കെവി തോമസ് തിരിച്ചുപിടിക്കുകയായിരുന്നു.

2009 ല്‍ പക്ഷേ എറണാകുളത്ത് കോണ്‍ഗ്രസിന്റെ വിജയം അത്ര എളുപ്പമായിരുന്നില്ല. സിന്ധു ജോയ് എന്ന എസ്എഫ്‌ഐ നേതാവിനെ രംഗത്തിറക്കി പരീക്ഷിച്ച സിപിഎം നല്ല മത്സരമാണ് കാഴ്ചവച്ചത്. കേരളം മൊത്തം ഇടതുവിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോഴും കെവി തോമസിന് പുതുമുഖമായ സിന്ധു ജോയിക്കെതിരെ നേടാനായത് വെറും 11,790 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. മണ്ഡലത്തില്‍ അന്ന് സിപിഎമ്മിനോട് അത്രക്ക് വിമുഖതയുണ്ടായിരുന്നില്ലെന്ന് സാരം.

എന്നാല്‍ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ വീണ്ടും മാറി. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങള്‍ പോലും യുഡിഎഫിനൊപ്പം നിന്നു. ലോക്‌സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ആറിലും യുഡിഎഫ് വിജയക്കൊടി പാറിച്ചു. വൈപ്പിന്‍ മണ്ഡലത്തില്‍ എസ് ശര്‍മ നേടിയ വിജയം മാത്രമായിരുന്നു സിപിഎമ്മിന് ആശ്വാസം.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെവി തോമസിനേക്കാള്‍ സിപിഎം വോട്ട് പിടിച്ച മണ്ഡലങ്ങളായിരുന്നു തൃപ്പൂണിത്തുറയും, തൃക്കാക്കരയും പറവൂരും. ഈ മൂന്ന് മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ തോറ്റമ്പുന്ന കാഴ്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയ ഭൂരിപക്ഷം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെവി തോമസ് നേടിയതിനേക്കാള്‍ അധികമായിരുന്നു. പറവൂരില്‍ ഏതാണ്ട് തുല്യവും.

സിപിഎമ്മിന് ആകെ നേടാനായ വൈപ്പിന്‍ മണ്ഡലത്തില്‍ കാര്യമായ ഭൂരിപക്ഷവും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തവണ ആറ് മണ്ഡലങ്ങളില്‍ യുഡിഎഫ് നേടിയ ലീഡ് 1,06,262 വോട്ടുകളാണ്.

കേന്ദ്രമന്ത്രിയായി നടത്തിയ പ്രകടനവും കൊച്ചി മെട്രോയും ഭക്ഷ്യസുരക്ഷാ ബില്ലും ഒക്കെ മുന്‍ നിര്‍ത്തിയാണ് ഇത്തവണ കെവി തോമസിന്റെ പ്രചാരണം. എന്നാല്‍ മണ്ഡലത്തെ സംബന്ധിച്ച് തീര്‍ത്തും അപരിചിതനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ രംഗത്തിറക്കിയാണ് സിപിഎം പരീക്ഷണം നടത്തുന്നത്.

Christy-Kochi

ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് എറണാകുളം. സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ ആളെ നിര്‍ത്തിയാല്‍ ക്രിസ്റ്റ്യന്‍ വോട്ടുകള്‍ ലഭിക്കില്ലെന്ന ഭയമാണ് പലപ്പോഴും എറണാകുളത്ത് ഇടത് സ്വതന്ത്രരെ പരീക്ഷിക്കുന്നതിനുള്ള കാരണം. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിന് സിപിഎം ലേബല്‍ ഇല്ല എന്നതാണ് പാര്‍ട്ടി ഗുണകരമായി കാണുന്നത്. സഭയുടെ പിന്തുണ നേടിയെടുക്കാനായാല്‍ ക്രിസ്റ്റി അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.

എന്നാല്‍ സഭയോടും സഭാനേതൃത്വത്തോടും എപ്പോഴും നല്ല അടുപ്പം സൂക്ഷിക്കുന്ന കെവി തോമസിന് ക്രിസ്റ്റി ഫെര്‍ണാണ്ടസ് വെല്ലുവിളി സൃഷ്ടിക്കില്ലെന്നാണ് കരുതുന്നത്. തോമസിന് വോട്ട് ചെയ്യേണ്ടെന്ന് സഭ തീരുമാനിക്കാനുള്ള രാഷ്ട്രീയ സാഹചര്യവും നിലവിലില്ല.

English summary
Ernakulam will be safe for UDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X