• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ബിജെപിക്ക് രണ്ട് മാനദണ്ഡം മാത്രം, ഹിന്ദുത്വയും കോർപേറ്റ് സേവയും', ലക്ഷദ്വീപ് വിവാദത്തിൽ തോമസ് ഐസക്

തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ ഖോഡെ പട്ടേൽ നടപ്പിലാക്കുന്ന പരിഷ്ക്കരണങ്ങളെ ന്യായീകരിച്ചാണ് ഇന്ന് കളക്ടർ കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയത്. ദ്വീപുകളുടെ സമഗ്രവികസന പരിപാടിയാണ് നടപ്പിലാക്കാൻ പോകുന്നതെന്ന വാദത്തെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് തോമസ് ഐസക്.

തോമസ് ഐസകിന്റെ കുറിപ്പ്: ലക്ഷദ്വീപിലെ വംശഹത്യാസമാനമായ വികസന നയങ്ങളെക്കുറിച്ച് രാജ്യത്തെമ്പാടും ഉയർന്നുവരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപ് കളക്ടർ കേരളത്തിൽവന്നു മാധ്യമങ്ങളെ കണ്ടു. കാര്യം വളരെ വ്യക്തം: "ചൈനക്ക് മക്കാവോ പോലെ, ഇൻഡോനേഷ്യക്ക് ബാലി പോലെ, തായ്‌ലൻഡിന് ഫുക്കെറ്റ് പോലെ, ഫിലിപ്പീൻസിന് പലവാൻ പോലെ ഇന്ത്യക്ക് ഒരു ലോകോത്തര ടൂറിസ്റ്റ് ടെസ്റ്റിനേഷനാക്കി മാറ്റാൻ സാധിക്കുന്ന ആർച്ചിപലാഗോ ആണ് ലക്ഷദ്വീപ്". (ഇവ കളക്ടറുടെ വാക്കുകളല്ല. ഇന്നു വേറൊരു പോസ്റ്റിൽ വായിച്ചതാണ്). ഇങ്ങനെയാക്കി മാറ്റുമ്പോൾ അവിടുത്തെ ജനങ്ങൾക്ക് എന്താണു വേണ്ടതെന്നു ചോദിക്കണ്ടേ? അവർക്ക് ഇതിൽ നിന്നും എന്തു ഗുണമെന്ന് അന്വേഷിക്കണ്ടേ? അതോ കോർപ്പറേറ്റുകളുടെ ലാഭം മാത്രം പരിഗണിച്ചാൽ മതിയോ?

ലക്ഷദ്വീപുകളെ കേരളത്തിനോടു ചേർക്കാതെ കേന്ദ്രഭരണ പ്രദേശമാക്കിയത് പട്ടികവർഗ്ഗക്കാരായ അവിടുത്തെ ജനങ്ങളുടെ ചരിത്ര പാരമ്പര്യങ്ങളും സംസ്കാരവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ടാണ്. പട്ടികവർഗ്ഗക്കാരുടെ വികസനത്തിന് ഇത്തരം പരിഗണന വേണോ? നമ്മുടെ ആധുനിക ലോകത്തേയ്ക്ക് അവരെ നിർബന്ധപൂർവ്വം കൊണ്ടുവരേണ്ടതല്ലേയെന്ന് നെഹ്റുവിന്റെ കാലത്തു വലിയ ചർച്ച നടന്ന കാര്യമാണ്. വെരിയർ എൽവിന്റെ ദർശനത്തിന്റെ അടിസ്ഥാനത്തിൽ ആദിവാസി പഞ്ചശീലത്തിനു നെഹ്റു രൂപം നൽകിയത് അങ്ങനെയാണ്. ഈ ചരിത്രമൊന്നും ബിജെപിക്കു ബാധകമല്ല. അവർക്കു രണ്ടു മാനദണ്ഡമേയുള്ളൂ. ഒന്ന്, ഹിന്ദുത്വ, രണ്ട്, കോർപ്പറേറ്റ് സേവ.

ദ്വീപുകളുടെ സമഗ്രവികസന പരിപാടിയാണുപോലും നടപ്പാക്കാൻ പോകുന്നത്. അപരിഷ്കൃതത്വത്തിൽ നിന്നും ആധുനികയുഗത്തിലേയ്ക്കു ദ്വീപ് നിവാസികളെ കൊണ്ടുവരാൻ പോവുകയാണ് എന്നാണ് നാട്യം. ബിജെപി ഭരിക്കുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെക്കാൾ, എന്തിന് ദേശീയശരാശരിയേക്കാൾ എത്രയോ ഉയർന്നതാണ് ദ്വീപിലെ വികസന സൂചികകൾ. ഇതൊന്നുമല്ല പരിഗണിക്കേണ്ടത്. പ്രതിശീർഷ വരുമാനമാണ്. ലക്ഷദ്വീപ് മക്കാവോയും ബാലിയും എല്ലാം പോലെ ആഗോള ടൂറിസം ചൂതാട്ട കേന്ദ്രമാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള പ്രദേശമായി ലക്ഷദ്വീപ് മാറിയേക്കാം. എന്നാൽ അതിൽ ദ്വീപുകാർക്കുള്ള പങ്കുകൊണ്ട് അവരുടെ ജീവിതം ഇന്നത്തേക്കാൾ മെച്ചമാകുമെന്ന് എന്ത് ഉറപ്പ്?

ദ്വീപിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളവ ഇവയാണ് - മത്സ്യബന്ധനം നവീകരിക്കുക, അവ ഉൽപ്പന്നങ്ങളായി സംസ്കരിക്കുക, നാളികേര വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക, ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുക. ഡീസാലിനേഷൻ പ്ലാന്റു വേണം. പുതിയ ആശുപത്രി വേണം. സ്കൂൾ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തണം. ഇതിനൊക്കെ ഇന്നു ചെയ്യുന്ന പരാക്രമങ്ങൾ എന്തിന്? കടപ്പുറത്തെ അനധികൃത മത്സ്യബന്ധന നിർമ്മാണെന്ന് കളക്ടർ വിശേഷിപ്പിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകളെയാണ്. നൂറ്റാണ്ടുകളായി അവർക്കുള്ള അവകാശം ഇല്ലാതാക്കാൻ ഈ വരത്തൻമാർ ആരാണ്? മയക്കുമരുന്നും കുറ്റകൃത്യങ്ങളും കൂടുന്നൂവെന്നുള്ള വാദം ശരിതന്നെയാവട്ടെ. അതിന് ഇന്ത്യയിൽ ക്രിമിനൽ നിയമങ്ങളുണ്ട്. ഗുണ്ടാ ആക്ടിന്റെ ആവശ്യമെന്ത്? നിങ്ങൾ ആർക്ക് എതിരായിട്ടാണ് യുദ്ധം പ്രഖ്യാപിക്കുന്നത്? പിരിച്ചുവിടപ്പെട്ടവർ താൽക്കാലികക്കാരാണു പോലും. കോവിഡു കാലമാണോ അതിനുള്ള സമയം? ദ്വീപുകാരെക്കൊണ്ട് കൂടുതൽ പച്ചക്കറി തീറ്റിക്കാനാണ് ബീഫ് നിരോധിച്ചത് എന്നാണ് ചിലവരുടെ വാദം. ഇപ്പോൾ കളക്ടർ പറയുന്നു ഇറച്ചിക്കു പകരം കൂടുതൽ മീൻ തീറ്റിക്കാനാണ് എന്നാണ്. എന്തു തിന്നണമെന്ന് അവർ തന്നെ തീരുമാനിക്കുന്നതല്ലേ ഉചിതം.

എത്രയോ നാളായി നിലനിൽക്കുന്ന പള്ളി എന്തിന് ഇപ്പോൾ പൊളിക്കണം? വീടുകൾ കുടിയൊഴിപ്പിച്ച് എന്തിന് വൻകരയിലെന്നപോലെ റോഡ്? പുത്തൻ വിമാനത്താവളം. ഓ, ബാലിയും മക്കാവോയുമെല്ലാം ആകുമ്പോൾ ഇതൊക്കെ അനിവാര്യം. ദ്വീപുകൾക്കുചുറ്റും കടൽഭിത്തി അടിയന്തിരമായി നിർമ്മിക്കുമത്രെ. അതിന്റെ പാരിസ്ഥിതിക വിലയിരുത്തൽ നടത്തിയിട്ടുണ്ടോ? ഇത്തരം പാരിസ്ഥിതി പരിഗണന നൽകാതെ തീരത്ത് നിർമ്മാണ പ്രവൃത്തികൾ നടത്തിയതിന്റെ പ്രത്യാഘാതങ്ങൾ കേരളത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുകയല്ലേ.

cmsvideo
  Elamara Karim about Lakshadweep issue

  "ദ്വീപിലെ ജനങ്ങളുടെ സാമ്പത്തിക സാഹചര്യം പരിഗണിച്ചാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത്". എന്നാണ് കളക്ടറുടെ വ്യാഖ്യാനം. എന്തായിരുന്നെന്നോ ഈ നിയന്ത്രണം? ദ്വീപിലെ എന്തെങ്കിലും സാമ്പത്തിക പ്രവർത്തനത്തിനുള്ള നിയന്ത്രണമല്ല. ദ്വീപിലേയ്ക്ക് ആർക്കെങ്കിലും വരണമെങ്കിൽ എംപാർക്കേഷൻ സ്ഥലത്ത് ക്വാറന്റൈനിൽ താമസിച്ചശേഷമേ പാടുള്ളൂവെന്നാണ്. ഇതു മാറ്റിയതിന്റെ ഫലമായി ദ്വീപുകൾ ഇന്ന് പകർച്ചാവ്യാധി കേന്ദ്രങ്ങളായി മാറി. പിന്നെ, ആ കളക്ടറുടെ ഒരു ദാർഷ്ട്യമുണ്ടല്ലോ - ഒരു പ്രതിഷേധത്തിനും വഴങ്ങില്ലായെന്നുള്ളത്. പ്രതിഷേധിക്കുന്നവരൊക്കെ സാമൂഹ്യവിരുദ്ധരുമാണത്രെ - അതു വിലപോവില്ലായെന്നു പഠിപ്പിക്കേണ്ടതുണ്ട്. ജനങ്ങളെല്ലാം ഒത്തൊരുമിച്ചു സമാധാനപരമായി നിലയെടുത്താൽ ഏതു സ്വേച്ഛാധിപതിയും തലകുനിക്കേണ്ടിവരുമെന്നു ഗാന്ധിജി പഠിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോൾ ഡൽഹിയിലെ കൃഷിക്കാർ ഇതേകാര്യം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
  പട്ടിക വർഗ്ഗക്കാർ മാത്രം താമസിക്കുന്ന പ്രദേശമെന്ന നിലയിൽ അവരുടെ അറിവും സമ്മതത്തോടുംകൂടിയല്ലാതെ ഒരു പദ്ധതിയും അവിടെ നടപ്പാക്കാൻ പാടില്ല. അതിന് അവിടെ ജില്ലാ കൗൺസിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എംപിയുണ്ട്. ജില്ലാ കൗൺസിലിന്റെ അധികാരങ്ങൾ കവരുന്നു. എംപിയെ നോക്കുകുത്തിയാക്കുന്നു. ഇതിനെതിരെ കേരളവും തമിഴ്നാടും മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ ജനാധിപത്യവിശ്വാസികളും അണിനിരക്കേണ്ടതാണ്.

  English summary
  Ex minister Thomas Isaac slams BJP over Lakshadweep issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X