വ്യാജവാർത്ത ആരോപണം: ഏഷ്യാനെറ്റില്‍ പൊലീസ് പരിശോധന, പിണറായി മോദിയെ പിന്തുടരുന്നുവെന്ന് ചെന്നിത്തല
മാധ്യമ സ്വതന്ത്ര്യത്തെ കൂച്ച് വിലങ്ങിട്ട് പൂട്ടുന്ന നരേന്ദ്ര മോദി സർക്കാരിന്റെ അതെ പിൻതുടർച്ചയാണ് കേരളത്തിൽ പിണറായി സർക്കാരും ചെയ്ത് കൊണ്ടിരിക്കുന്നതെന്നാണ് രമേശ് ചെന്നിത്തല

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത തയാറാക്കിയെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റീജ്യണല്‍ ഓഫീസില്‍ പൊലീസ് പരിശോധന. പിടി ഉഷ റോഡില്‍ രാവിലെ 10:45 ന് തുടങ്ങിയ പരിശോധന 2:30 നാണ് അവസാനിച്ചത്. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ വി. സുരേഷിന്റെ നേതൃത്വത്തിൽ എട്ടുപേരടങ്ങുന്ന സംഘത്തില്‍ പൊലീസും തഹസിൽദാറും വില്ലേജ് ഓഫിസറും ഉൾപ്പെട്ടിരുന്നു.
ഓഫിസിലെ കമ്പ്യൂട്ടറുകളിൽ സൂക്ഷിച്ച വിഡിയോ ദൃശ്യങ്ങൾ അടക്കമുള്ളവ പൊലീസ് പരിശോധിച്ചു. പിവി അന്‍വർ എം എല്‍ എയാണ് പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത സൃഷ്ടിച്ചെന്ന പേരില്‍ ഏഷ്യാനെറ്റിനെതിരെ പരാതി നല്‍കിയത്. എം എൽ എയുടെ പരാതിയിൽ ശനിയാഴ്ച വെള്ളയിൽ പൊലീസ് ചാനലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പരിശോധനയുണ്ടാവുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റീജനൽ എഡിറ്റര്‍ ഷാജഹാന്‍ കാളിയത്ത്, വിഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, പെണ്‍കുട്ടിയുടെ മാതാവ് എന്നിവര്‍ക്കെതിരെ പോക്സോ, വ്യാജ രേഖ ചമക്കൽ, ക്രിമിനൽ ഗൂഡാലോചന എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. 2022 നവംബർ പത്തിന് ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത റിപ്പോർട്ടാണ് ആരോപണത്തിന് വിധേയമായിരിക്കുന്നത്.
അതേസമയം, ഏഷ്യാനെറ്റിലെ പരിശോധനയ്ക്കെതിരെ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ രംഗത്ത് വന്നു. മാധ്യമ സ്വതന്ത്ര്യത്തെ കൂച്ച് വിലങ്ങിട്ട് പൂട്ടുന്ന നരേന്ദ്ര മോദി സർക്കാരിന്റെ അതെ പിൻതുടർച്ചയാണ് കേരളത്തിൽ പിണറായി സർക്കാരും ചെയ്ത് കൊണ്ടിരിക്കുന്നതെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഒരു ന്യൂസ്ഹവർ പ്രോഗ്രാമിന്റെ പേരിൽ ഏഷ്യാനെറ്റിലെ വിനു വി.ജോണിനെതിരെ കേസ് എടുപ്പിച്ച് വാ അടപ്പിക്കാൻ നോക്കിയതിന്റെ ബാക്കിയാണ് ഏഷ്യാനെറ്റ് ന്യൃസിന്റെ ഓഫീസിൽ പോലീസിനെ ഉപയോഗിച്ച് റെയ്ഡ് എന്ന പേരിൽ നടത്തുന്നത്. പിണറായി സർക്കാരിന്റെ അഴിമതികൾ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളെ അടിച്ചമര്‍ത്താൻ പോലീസിനെ ഉപയോഗിക്കുന്നത് ഭരണകൂട ഭീകരതയടെ മറ്റൊരു രൂപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസിൻറെ കോഴിക്കോട് ഓഫീസിൽ നടക്കുന്ന റെയിഡ് സിപിഎം ഫാസിസത്തിൻറെ ഏറ്റവും ഭീകര രൂപമാണെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രതികരണം. സർക്കാരിന്റെ പരാജയം തുറന്ന് കാണിക്കുന്നവരെ പ്രവർത്തിക്കാൻ സമ്മതിക്കില്ലെന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തമാണ് ഇടത് സർക്കാർ പ്രകടിപ്പിക്കുന്നത്. കേരളത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുകയാണ് സിപിഎം ചെയ്യുന്നത്. പിണറായിക്കെതിരെ ശബ്ദിക്കുന്നവർ കേരളത്തിൽ വേട്ടയാടപ്പെടുകയാണ്. പൊലീസ് നടത്തുന്നത് ഭരണകൂട ഭീകരതയാണ്. വാർത്തകളെ കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ ജനാധിപത്യരീതിയിലാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചാൽ നിയമനടപടി സ്വീകരിക്കാം. എന്നാൽ ഒരു മാധ്യമ സ്ഥാപനത്തിന് നേരെ അതിക്രമവും പൊലീസ് രാജും പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ബിജെപിക്കെതിരെ നിരവധി വാർത്തകൾ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ജനാധിപത്യരീതിയിൽ അല്ലാതെ ബിജെപി അവരെ എതിർത്തിട്ടില്ല. എന്നാൽ സംസ്ഥാന സർക്കാർ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് മാദ്ധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുകയാണ്. കൊച്ചിയിലെ ഏഷ്യാനെറ്റ് ഓഫീസിൽ എസ്എഫ്ഐക്കാർ നടത്തിയ അക്രമം മുഖ്യമന്ത്രിയുടെ അറിവോടെയായായിരുന്നെന്നതിന്റെ തെളിവാണ് കോഴിക്കോട് ഓഫീസിൽ നടക്കുന്ന റെയിഡെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications