പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍, ചികിത്സ വെന്റിലേറ്റർ സഹായത്തിൽ
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സിനിമാ സംവിധായകന്‍ സംഗീത് ശിവന്‍ ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ആണ് സംഗീത് ശിവന്‍ ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ബാധിച്ച് നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത് എന്നാണ് കിംസ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

മലയാളത്തിലും ഹിന്ദിയിലും അടക്കം നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് സംഗീത് ശിവന്‍. പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവന്റെ സഹോദരന്‍ കൂടിയാണ്. യോദ്ധ അടക്കമുളള മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കിയ വ്യൂഹം ആണ് സംഗീത് ശിവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1990ലാണ് വ്യൂഹം പുറത്തിറങ്ങിയത്.
എന്നാല്‍ സംഗീത് ശിവന്റെ സിനിമാ രംഗത്തെ തുടക്കം 1989ല്‍ ആയിരുന്നു. രാഖ് എന്നുളള ഹിന്ദി ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു സംഗീത് ശിവന്‍. മലയാളത്തില്‍ യോദ്ധ കൂടാതെ നിര്‍ണയം, ഗാന്ധര്‍വം, ഡാഡി, ജോണി പോലുളള ശ്രദ്ധേയമായ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനൊപ്പമാണ് സംഗീത് ശിവന്‍ കൂടുതലും സിനിമകള്‍ ചെയ്തിട്ടുളളത്. ഡാഡി എന്ന ചിത്രം 1993ല്‍ കുട്ടികള്‍ക്കുളള മികച്ച ചിത്രത്തിനുളള സംസ്ഥാന പുരസ്‌ക്കാരം നേടിയിരുന്നു. 2013ല്‍ പുറത്തിറങ്ങിയ യംല പഗല ദീവാന ആണ് സംഗീത് ശിവന്റെ സംവിധാനത്തിനുളള അവസാന ചിത്രം. മലയാളത്തിലും ഹിന്ദിയിലുമായി 13 ചിത്രങ്ങള്‍ക്കായി സംഗീത് ശിവന്‍ സംവിധായകന്റെ തൊപ്പി അണിഞ്ഞിട്ടുണ്ട്.