ഇസ്ലാമോഫോബിയ വളര്‍ത്തുന്നതില്‍ സിപിഎമ്മിന് ചെറുതല്ലാത്ത പങ്ക്; ഫാത്തിമ തഹ്ലിയ
കോഴിക്കോട്: സമൂഹത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നതില്‍ സിപിഎമ്മിന് ചെറുതല്ലാത്ത പങ്കുണ്ടെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തോടും കോഴിക്കോട് ആവിക്കല്‍തോട് മാലിന്യ പ്ലാന്റിനെതിരായ സമരത്തോടും സിപിഎം സ്വീകരിച്ച സമീപനം ചൂണ്ടിക്കാട്ടിയാണ് തഹ്ലിയയുടെ പ്രതികരണം.
രണ്ടു സമരത്തോടും വ്യത്യസ്തമായ സമീപനമാണ് സിപിഎം സ്വീകരിച്ചത്. വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീന്‍ കത്തോലിക്കാ സഭ പ്രത്യക്ഷ സമരത്തിലാണ്. അവര്‍ക്കെതിരെ തീവ്രവാദ ആരോപണം സിപിഎം ഇതുവരെ ഉന്നയിച്ചിട്ടില്ല. ഈ സമരം മലബാറില്‍ മുസ്ലിം സംഘടനകള്‍ നടത്തുകയാണെങ്കില്‍ എന്തൊക്കെ പുകിലാകും സിപിഎം ഉണ്ടാക്കുക എന്നും തഹ്ലിയ ചോദിക്കുന്നു.

ആവിക്കല്‍തോട് മാലിന്യ പ്ലാന്റിനെതിരായ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് സിപിഎം ആരോപിച്ചിരുന്നു. കോഴിക്കോട് സിപിഎം ജില്ലാ നേതൃത്വവും മുന്‍ മന്ത്രി എംവി ഗോവിന്ദനും ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സമരത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്നും ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. നേരത്തെ ഗെയില്‍ വിരുദ്ധ സമരത്തിനെതിരെയും സിപിഎം സമാനമായ നിലപാട് സ്വീകരിച്ചത് വിവാദമായിരുന്നു.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ-
സി.പി.എമ്മിന്റെ ഇസ്ലാമോഫോബിയ അറിയണമെങ്കില്‍ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തോടും ആവിക്കല്‍തോട് മാലിന്യ പ്ലാന്റ് വിരുദ്ധ സമരത്തോടും അവര്‍ കാണിക്കുന്ന വ്യത്യസ്ത സമീപനം പരിശോധിച്ചാല്‍ മതി.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെ ലത്തീന്‍ കത്തോലിക്കാ സഭ പ്രത്യക്ഷ സമരത്തിലാണ്. അവരുടെ സമരം തീര്‍ത്തും ന്യായമാണ് താനും. പുരോഹിതര്‍ ളോഹ അണിഞ്ഞു സമരത്തില്‍ പങ്കെടുക്കുന്നു. അവര്‍ക്കെതിരെ തീവ്രവാദ - വര്‍ഗീയവാദ ആരോപണങ്ങള്‍ സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ഉയരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇതേ സമരം മലബാറിലായിരുന്നു നടന്നിരുന്നത് എന്നും മുസ്ലിം മതസംഘടനകള്‍ പ്രത്യക്ഷ സമരത്തിലേക്ക് വന്നു എന്നും കരുതുക. എന്തൊക്കെ പുകിലാകും സി.പി.എം ഉണ്ടാക്കുക.
ഗെയില്‍, ആവിക്കല്‍തോട് മാലിന്യ പ്ലാന്റ് വിരുദ്ധ സമരങ്ങളോടുള്ള സി.പി.എമ്മിന്റെ ഇസ്ലാമോഫോബിക് പ്രതികരണങ്ങള്‍ ഓര്‍മയില്ലേ. നമ്മുടെ സമൂഹത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയതില്‍ ചെറുത് അല്ലാത്ത പങ്ക് സി.പി.എമ്മിനുണ്ട്.












Click it and Unblock the Notifications