'കൊച്ചിയിലെ ജനങ്ങള്‍ എങ്ങോട്ടാണ് ഓടേണ്ടത്, ആരോടാണ് പറയേണ്ടത്'; തുറന്നടിച്ച് സാന്ദ്രാ തോമസ്
ശുദ്ധമായി ശ്വസിക്കുക എന്നത് ഈ നാട്ടിലുള്ള ഓരോരുത്തരുടെയും അവകാശമാണ്. ഇപ്പോള്‍ നമ്മള്‍ ആരോടാണ് പോരാടേണ്ടത്.

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തെ തുടര്‍ന്ന് എറണാകുളം പുകയില്‍ നിറഞ്ഞിരിക്കുകയാണ്. മാലിന്യ പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കാമെന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് വീടുകള്‍ കയറി ആരോഗ്യ സര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എറണാകുളത്തെ ഇപ്പോഴത്തെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കൊവിഡിനേക്കാള്‍ രൂക്ഷമായ സാഹചര്യത്തിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.
ഇപ്പോഴിതാ കൊച്ചിയിലെ മാലിന്യ പുക പേടിച്ച് എറണാകുളം ജില്ല വിട്ടിരിക്കുകയാണ് സിനിമ നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്. എറണാകുളത്തെ പുക കാരണം, അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതാണെന്ന് സാന്ദ്ര പറയുന്നു. ഇപ്പോള്‍ താനും കുടുംബവും നിലമ്പൂരാണെന്ന് സാന്ദ്ര പറയുന്നു. ബ്രഹ്മപുരം കത്തുന്നതിന് മുമ്പ് തന്നെ കൊച്ചിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ കുറിച്ച് ജനങ്ങള്‍ക്ക് അറിയുമോ എന്നറിയില്ല.
കൊച്ചിയിലെ പൊല്യൂഷന്റെ നിരക്ക് 250 ഓക്കെയായിരുന്നു. കഴിഞ്ഞ ഒരു അഞ്ചാറ് മാസമായി കൊച്ചിയില്‍ താമസിക്കുന്ന ആള്‍ക്ക് പലര്‍ക്കും തൊണ്ട വേദനയും സൗണ്ട് പോകുകയും ഒരാഴ്ചയൊക്കെ സൗണ്ട് പോകുകയും ചെയ്യുന്നു. ആള്‍ക്കാര്‍ക്ക് തന്നെ എന്താന്ന് പോലും മനസിലാകുന്നില്ല. ബ്രഹ്മപുരം മാത്രമല്ല കൊച്ചിയിലുള്ളത്.
ശുദ്ധമായി ശ്വസിക്കുക എന്നത് ഈ നാട്ടിലുള്ള ഓരോരുത്തരുടെയും അവകാശമാണ്. ഇപ്പോള്‍ നമ്മള്‍ ആരോടാണ് പോരാടേണ്ടത്. കൊച്ചിയിലെ ജനങ്ങള്‍ ഇപ്പോള്‍ എങ്ങോട്ടാണ് ഓടേണ്ടത്. കുറച്ച് പേര്‍ക്കൊക്കെ ഓടി രക്ഷപ്പെടാന്‍ സാധിക്കും. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. കൊച്ചിയിലേക്ക് എങ്ങനെ തിരിച്ചുവരുമെന്നുള്ള കാര്യത്തില്‍ ആശങ്കയാണെന്ന് സാന്ദ്ര പറഞ്ഞു.
ഈ നമ്പര്‍ വണ്‍ കേരളത്തില്‍ മാലിന്യ സംസ്‌കരണം ഒരു മരീചികയാണ്. എല്ലാത്തിനും നമ്പര്‍ വണ്‍ എന്ന് പറയുന്ന കേരളത്തില്‍, ബ്രഹ്മപുരം എന്ന് പറയുന്നത് 110 ഏക്കറാണ്. അത്രയും കണക്കിന് സ്ഥലമുണ്ട്. എന്തുകൊണ്ട് നമുക്ക് ഒരു മാലിന്യ പ്ലാന്റ് നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. മാറി മാറി വന്ന സര്‍ക്കാരുകളുടെ എല്ലാം പരാജയമായിട്ടാണ് കാണുന്നത്. നമ്മള്‍ ഈ ടാക്‌സ് അടയ്ക്കുന്നതും രാഷ്ട്രീയ നേതാക്കളെ എല്ലാം കണ്ണടച്ച് വിശ്വസിക്കുകയാണ്.
ഇത് ഇന്ന് മാറും നാളെ മാറും എന്ന് പറഞ്ഞ് നിക്കുന്ന ഒരുപാട് പേരുണ്ട്. എന്താണ് ഇതിന് ഒരു സൊല്യൂഷന്‍, ആര്‍ക്കെങ്കിലും തരാന്‍ പറ്റുമോ, ഇന്ന് തീ അണയ്ക്കും നാളെ അണയ്ക്കും എന്ന് പറയുന്നവര്‍, തിരുവനന്തപുരത്ത് നിന്നാണ്, അവര്‍ ഓണ്‍ലൈനില്‍ നിന്നാണ് പറയുന്നത്. ഒരാളും കൊച്ചിയിലേക്ക് വരുന്നില്ല,. എന്തുകൊണ്ട് വരുന്നില്ല. ഇവിടെ വന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കേണ്ടെയെന്ന് സാന്ദ്ര തോമസ് ചോദിക്കുന്നു.












Click it and Unblock the Notifications