'കാനുമായി ഒരാള്‍ ട്രെയിനിന് സമീപമെത്തി; തീ ആളിക്കത്തി', ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
കണ്ണൂര്‍: ട്രെയിനില്‍ തീപ്പിടിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. പുലര്‍ച്ചെ ഒന്നരയോടെയാണ് ട്രെയിനില്‍ തീ കണ്ടതെന്ന് ദൃക്‌സാക്ഷിയായ ജോര്‍ജ് പറയുന്നു. താന്‍ ആ സമയം മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പോവുകയായിരുന്നു. അവിടെ പാഴ്‌സല്‍ ജീവനക്കാരുണ്ടായിരുന്നു. അവരെല്ലാം പുകയുണ്ടെന്ന് പറഞ്ഞ് പോയി നോക്കിയിരുന്നു. അപ്പോഴാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് മനസ്സിലായത്.
പുക ഉയരുന്നതാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷിയായ ജോര്‍ജ് വെളിപ്പെടുത്തി. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് തീപ്പിടിത്തമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാനുമായി ഒരാള്‍ ട്രെയിനിന് സമീപം എത്തുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അതേസമയം അഗ്നിരക്ഷാ സേനയെത്തി 45 മിനുട്ടിനുള്ളില്‍ തീ അണച്ചു.

എഞ്ചിന്‍ വേര്‍പ്പെടുത്തിയ ശേഷമാണ് തീപ്പിടിത്തമുണ്ടായതെന്ന് ജോര്‍ജ് പറയുന്നു. അതേസമയം എഞ്ചിന്‍ വേര്‍പ്പെടുത്തിയാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചുകളിലൊന്ന് പൂര്‍ണമായും കത്തിനശിച്ചു. ആദ്യം ബാത്‌റൂമിന്റെ ഭാഗത്താണ് തീ കണ്ടത്. ഇത് പിന്നീട് പൂര്‍ണമായും കത്തുകയായിരുന്നുവെന്ന് ജോര്‍ജ് പറയുന്നു.
ഏകദേശം ഒരു മണിക്കൂറോളമാണ് തീ കത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും, വേഗത്തിലാണ് തീ കത്തി പടര്‍ന്നതെന്നും, അതുകൊണ്ടാണ് സംശയമെന്നും ദൃക്‌സാക്ഷി പറഞ്ഞു. അതേസമയം സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. തീപ്പിടിത്തതില്‍ അട്ടിമറി സംശയിക്കുന്നുവെന്നാണ് റെയില്‍വേ പറയുന്നു. ഷാരൂഖ് സെയ്ഫിയുടെ കേസിന് സമാനമാണ് ഇതെന്നും സംശയമുണ്ട്.
സംഭവത്തില്‍ എന്‍ഐഎയും വിവരങ്ങള്‍ തേടും. സംസ്ഥാന-റെയില്‍വേ പോലീസില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. നിലവില്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. ഇതും കൂടി പരിഗണിച്ചാണ് വിവര ശേഖരണം നടത്തുന്നത്. ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ തീപ്പിടിത്തതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
യാര്‍ഡില്‍ നിര്‍ത്തിയിട്ട ട്രെയിനിന് സമീപത്തേക്ക് വേഗത്തിലെത്താന്‍ അഗിശമന സേനയുടെ വാഹനത്തിന് എത്താന്‍ കഴിയാതിരുന്നതും തിരിച്ചടിയായി. സമീപത്തെ ബോഗികള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നേരത്തെ കോഴിക്കോട് എലത്തൂരില്‍ തീവെപ്പ് ഉണ്ടായ അതേ ട്രെയിനിലെ ബോഗിയാണ് കത്തി നശിച്ചത്.
അതേസമയം ഷര്‍ട്ടിടാത്തയാളാണ് കാനുമായി ട്രെയിന്‍ ബോഗിയിലേക്ക് പോകുന്നത്. ജനലുകള്‍ ഷട്ടറിട്ട അവസ്ഥയിലായിരുന്നു. ഒരു ഭാഗത്ത് ജനല്‍ ഗ്ലാസ് തകര്‍ന്നതായി കാണുന്നുണ്ട്. കോച്ചിന്റെ ശുചിമുറിയോട് ചേര്‍ന്ന ജനലിന്റെ ഗ്ലാസാണ് തകര്‍ന്ന നിലയിലുള്ളത്.


Click it and Unblock the Notifications