തിരുവനന്തപുരം കിന്‍ഫ്രയില്‍ വന്‍ തീ പിടുത്തം: തീ അണയ്ക്കുന്നതിനിടെ ഫയർഫോഴ്സുകാരന് ദാരുണാന്ത്യം
തിരുവനന്തനപുരം: തിരുവനന്തപുരം കിന്‍ഫ്ര പാർക്കില്‍ വന്‍ തീപ്പിടുത്തം. മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരന്‍ അപകടത്തില്‍ മരിച്ചു. ചാക്ക യൂണിറ്റിലെ ഫയർമാൻ ജെ.എസ്.രഞ്ജിത്താണ് മരിച്ചത്. തീ അണച്ചുകൊണ്ടിരിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് ദാരുണാന്ത്യം സംഭവിച്ചത്.
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രത്തില്‍ പുലർച്ചെ 1.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. കെമിക്കലുകള്‍ സൂക്ഷിച്ച കെട്ടിടത്തില്‍ വലിയ പൊട്ടിത്തെറിയോടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. അപകട സമയത്ത് നൈറ്റ് സെക്യുരിറ്റി ജീവനക്കാർ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നുള്ളു.

ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് യൂണിറ്റും അപകടസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. വലിയ തോതില്‍ പുക ഉയരുന്നതിനാല്‍ തന്നെ ഫയർ ഫോഴ്സ് ജീവനക്കാർക്ക് ചെറിയ തോതിലുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാവുന്ന സ്ഥിതിയുണ്ട്. ബ്ലീച്ചിങ് പൌഡർ സൂക്ഷിച്ച കെട്ടിടത്തിനാണ് തീ പിടിച്ചതെന്നാണ് സൂചന. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. നിലവില്‍ ജെ സി ബി ഉപയോഗിച്ച് കെട്ടിത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇനിയും ഏതെങ്കിലും തരത്തിലുള്ള പൊട്ടിത്തെറികള്‍ ഉണ്ടാവാതാരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പതിനഞ്ച് യൂണിറ്റോളം ഫയർഫോഴ്സുകള്‍ ഇപ്പോഴും പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഏതാനും യൂണിറ്റ് മാത്രമാണ് തിരിച്ച് പോയത്. സെക്യുരിറ്റി ജീവനക്കാരന്‍ വിവരം അറിയിച്ചതിന് തൊട്ടുപിന്നാലെ തന്നെ സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനം നടത്തിയതിനാലാണ് തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരുന്നത്.
ജനവാസ കേന്ദ്രത്തിനോട് ചേർന്ന പ്രദേശത്താണ് തീപിടുത്തം ഉണ്ടായത് എന്നതിനാല്‍ തന്നെ അവിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം ഫയർ ഫോഴ്സിന്റെ ഭാഗത്ത് നിന്നും കൃത്യമായി ഉണ്ടായി. കഴക്കൂട്ടത്ത് നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റായിരുന്നു ആദ്യം സംഭവം സ്ഥലത്തേക്ക് എത്തിയത്. പിന്നീട് ചാക്കയില്‍ നിന്നും ചെങ്കല്‍ ചൂളയില്‍ നിന്നുമുള്ള യൂണിറ്റുകളും എത്തി. ഏറ്റവും ഒടുവില്‍ വർക്കലയില്‍ നിന്നുള്ള യൂണിറ്റുകളും അപകടസ്ഥലത്തേക്ക് വന്നു. ഏകദേശം നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ ഒരു പരിധിവരെ നിയന്ത്രിക്കാനായത്.
സിറ്റി പൊലീസ് കമ്മീഷ്ണർ ഉള്‍പ്പടേയുള്ളവർ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം ഉള്‍പ്പടേയുള്ളവയില്‍ പൊലീസിന്റേയും സ്ഥാപന അധികൃതരുടേയും ഭാഗത്ത് നിന്നും അന്വേഷണം ആരഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications