ജോജുവിന്റെ കാര്‍ തകര്‍ത്തതില്‍ ആദ്യ അറസ്റ്റ്; ജാമ്യമില്ലാ വകുപ്പ് പ്രകാരം 30 പേര്‍ക്കെതിരെ കേസ്
കൊച്ചി: യൂത്ത് കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തില്‍ പ്രതിഷേധിച്ച സിനിമാ താരം ജോജു ജോര്‍ജ്ജിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മരട് സ്വദേശി ജോസഫാണ് പിടിയിലായത്.വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് പൊലീസ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് ഒന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നില്‍ സുരേഷുമാണ്. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റില്‍ കൂടുതല്‍ റോഡ് ഉപരോധിക്കാനും പൊലീസ് അനുമതി നല്‍കിയിരുന്നില്ലെന്നും ജോജുവിനെതിരായ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചു.
അതേസമയം ജോജുവിനെതരിയുള്ള നിലപാട് കടുപ്പിച്ച് തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നത്. ജോജു മനപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ വന്നതാണെന്ന് സംശയിക്കുന്നതായി എറണാകുളം ഡിസിസി പ്രസിഡന്റ് ഷിയാസ് പറഞ്ഞു. ജോജു ലഹരിക്കടിമപ്പെട്ടാണ് പ്രശ്‌നമുണ്ടാക്കിയതെന്ന നിലപാടില്‍ ഉറച്ച് തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. എന്ത് ലഹരിയാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തട്ടെയെന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ നിലപാട്. അതേസമയം ഇന്നലെതന്നെ ജോജുവിനെ വൈദ്യ പരിശോധനക്ക് ഹാജരാക്കിയിരുന്നു. എന്നാല്‍ ജോജു മദ്യപിച്ചിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്.
പിണാറായി വിജയനും നരേന്ദ്ര മോദിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഷിയാസ് പറഞ്ഞു. ഏകപക്ഷിയമായാണ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ നിലപാട് സ്വീകരിച്ചതെന്നും ജോജു കലാകാരനായത്‌കൊണ്ട് ഒരു നീതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറ്റൊരു നീതിയുമെന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഷിയാസ് പറഞ്ഞു. പൊലീസിനോട് സമരം ചെയ്യാനായി അനുമതി വാങ്ങിയിരുന്നുവെന്നും. മനപൂര്‍വ്വം ജോജു പ്രശ്‌നങ്ങളുണ്ടാക്കിയതാണെന്നും ഷിയാസ് ആരോപിച്ചു.
ഇന്നലെ നടന്ന സംഭവത്തില്‍ മൊഴിയെടുക്കുവാനായി ജോജുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും ജോജു അസൗകര്യം അറിയിച്ചുവെന്നാണ് അധികൃതര്‍ പറഞ്ഞത്. അതിനാല്‍ ഇന്ധന വില പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വഴിതടയല്‍ മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ നടന് അയച്ചുകൊടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് പറയാതെ ജോജുവിനെ മാളയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ഈ പ്രസ്താവനക്കെതിരെ ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരുന്നു.യൂത്ത് കോണ്‍ഗ്രസ്
പറഞ്ഞത് അപലപനീയമാണെന്നും ജോജുവിന് പൂര്‍ണ സംരക്ഷണം മാള ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി നല്‍കുമെന്നും അറിയിച്ചിരുന്നു.












Click it and Unblock the Notifications