ലോജിസ്റ്റിക് ടൗണ്‍ഷിപ്പ് വിഴിഞ്ഞത്ത് വരുന്നു, കേരളത്തില്‍ ആദ്യം; ഒരുങ്ങുന്നത് 1500 ഏക്കറില്‍
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ലോജിസ്റ്റിക് ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാകുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്താണ് ടൗണ്‍ഷിപ്പ് ഉയരുക. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്. ലോജിസ്റ്റിക്‌സ്, മിനി ലോജിസ്റ്റിക്‌സ് പാര്‍ക്കുകളുടെ ശൃംഖലയാണ് വിഴിഞ്ഞത്ത് ഒരുക്കുന്നത്. പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ പോകുന്നത്.
തിരുവനന്തപുരത്ത് വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രത്യേക വികസന ഇടനാഴിയിലെ ആദ്യത്തെ ടൗണ്‍ഷിപ്പ് എന്ന പ്രത്യേകതയുണ്ടാവും. കോടികളുടെ നിക്ഷേപ സാധ്യതകള്‍ ഇതിലൂടെ കടന്നുവരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

630 ഹെക്ടര്‍ ഭൂമിയാണ് ബാലരാമപുരം, വെങ്ങാനൂര്‍, കോട്ടുകാല്‍, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നായി ഏറ്റെടുക്കുന്നത്. അതേസമയം വെങ്ങാനൂര്‍ വില്ലേജില്‍ ലോജിസ്റ്റിക് ടൗണ്‍ഷിപ്പ് വരുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അനുമമതി നല്‍കിയ ലോജിസ്റ്റിക്‌സ് പാര്‍ക്ക് പോളിസിയിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ടൗണ്‍ഷിപ്പുകളുടെ നിര്‍മാണം. കേരള ലോജിസ്റ്റിക് പാര്‍ക്ക് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചതോടെ പദ്ധതിക്ക് വേഗംകൂടും.
ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഉള്‍പ്പെടെ നിരവധി ദേശീയ അന്താരാഷ്ട്ര കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും നിക്ഷേപത്തിന് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് പദ്ധതിയുടെ നടത്തിപ്പുകാരനായ ക്യാപിറ്റല്‍ റീജ്യന്‍ ഡെവലെപ്‌മെന്റ് പ്രൊജക്ട് 2 അധികൃതര്‍ പറഞ്ഞു. അതേസമയം ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി നെയ്യാറ്റിന്‍കര താലൂക്കിലെ ബാലരാമപുരം, കോട്ടുകാല്‍, വിഴിഞ്ഞം വില്ലേജുകളിലെയും, തിരുവനന്തപുരം താലൂക്കിലെ വെങ്ങാനൂര്‍ വില്ലേജിലുമായി 1500 ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുക.
ഉടമകളുടെ സമ്മതത്തോടെ വികസനാവശ്യത്തിനായി ഭൂമി ഉപയോഗിക്കുന്ന ലാന്‍ഡ് പൂളിംഗ് രീതിയിലാണ് ഭൂമിയേറ്റെടുക്കല്‍ നടക്കുക. ഇതിനായിട്ടാണ് ഇപ്പോള്‍ ജനങ്ങളെ ബോധവത്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
അതേസമയം പദ്ധതിയുടെ ഭാഗമായി നിര്‍ബന്ധിച്ച് ഭൂമി ആരില്‍ നിന്നും ഏറ്റെടുക്കില്ല. സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഭൂവുടമകളില്‍ നിന്ന് അഭിപ്രായം തേടും. 75 ശതമാനം പേര്‍ സമ്മതിക്കുകയാണെങ്കില്‍ മാത്രമേ ഭൂമി ഏറ്റെടുക്കൂ. പകുതി സ്ഥലം വ്യവസായങ്ങള്‍ക്കായി നീക്കിവെക്കും. സംരംഭങ്ങള്‍ക്ക് നല്‍കിയതിന് ശേഷമുള്ള മുഴുവന്‍ ഭൂമിയും ഉടമകള്‍ക്ക് ആനുപാതികമായി വിട്ടുനല്‍കുന്നതിനാണ് നിലവില്‍ ആലോചിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സഹായം പാര്‍ക്കുകള്‍ സ്ഥാപിക്കാനായി ഉണ്ടാവും. വലിയ പാര്‍ക്കിന് 7 കോടി രൂപ വരെയും ചെറുതിന് മൂന്ന് കോടി വരെയും മൂലധന സബ്‌സിഡി ലഭിക്കും. മന്ത്രിസഭ അംഗീകാരം നല്‍കിയ ലോജിസ്റ്റിക് പാര്‍ക്ക് നയം അനുസരിച്ച് പത്ത് ഏക്കറില്‍ വലിയ ലോജിസ്റ്റിക്‌സ് പാര്‍ക്കുകളും അഞ്ച് ഏക്കറില്‍ മിനി പാര്‍ക്കുകളും സ്ഥാപിക്കാം. ഏകജാലക ക്ലിയറന്‍സിലൂടെ ആവശ്യമായ അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കും.












Click it and Unblock the Notifications