ലക്ഷദ്വീപില്‍ ഭരണകൂടത്തിന്റെ കണ്ണില്ലാത്ത ക്രൂരത; വള്ളങ്ങളും ഷെഡുകളും അര്‍ധരാത്രി പൊളിച്ചുനീക്കി
കവരത്തി: ലക്ഷദ്വീപില്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികള്‍ തുടരുന്നു. മല്‍സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ഷെഡുകളും അര്‍ധരാത്രി നശിപ്പിച്ചു. തീരസംരക്ഷണ നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ക്രൂരത. കൊവിഡിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ സംഭവം ദ്വീപ് നിവാസികള്‍ക്ക് അറിയാനും സാധിച്ചില്ല. എല്ലാം കഴിഞ്ഞപ്പോഴാണ് ദ്വീപുകാര്‍ വിവരം അറിഞ്ഞത്. ഏപ്രില്‍ 28നാണ് പോലീസിന്റെ സംരക്ഷണത്തില്‍ ദ്വീപ് ഭരണകൂടം മല്‍സ്യത്തൊഴിലാളികളുടെ ജീവതോപാധികള്‍ നശിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യം മനോരമ ന്യൂസ് പുറത്തുവിട്ടു.

ദ്വീപില്‍ നിന്നുള്ള പല വിവരങ്ങളും വളരെ വൈകിയാണ് പുറംലോകം അറിയുന്നത്. ഇതിന് രണ്ട് കാരണമാണുള്ളത്. ഒന്ന് മാധ്യമങ്ങളുടെ സാന്നിധ്യം കുറവായതാണ്. മറ്റൊന്ന് ദ്വീപില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വേഗത കുറവാണ്. കവരത്തിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വള്ളങ്ങള്‍ കയറ്റി നിര്‍ത്തുന്നതിന് മറ്റു സംവിധാനങ്ങള്‍ ഒരുക്കിയ ശേഷമാണ് അനധികൃത നിര്‍മാണം പൊളിക്കേണ്ടത്. എന്നാല്‍ ഈ ചട്ടം പാലിക്കാതെയാണ് ദ്വീപ് ഭരണകൂടത്തിന്റെ നടപടി. ഇതിനെതിരെ ദ്വീപില്‍ പ്രതിഷേധം ശക്തമാണ്. കളക്ടര്‍ ഇന്ന് മാധ്യമങ്ങളെ കാണുമ്പോള്‍ വിഷയത്തില്‍ പ്രതികരിക്കുമെന്ന് കരുതുന്നു.
ഇന്ന് സര്‍വകക്ഷി യോഗം ഓണ്‍ലൈനില്‍ ചേരുന്നുണ്ട്. ബിജെപി പ്രതിനിധികളും യോഗത്തിനെത്തുമെന്നാണ് സൂചന. ജനപ്രതിനിധികളും യോഗത്തില്‍ സംബന്ധിക്കും. ഈ മാസം 30ന് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപിലെത്തുമെന്നാണ് വിവരം. ശക്തമായ പ്രതിഷേധം ദ്വീപില്‍ ഉയര്‍ന്നേക്കും. ഈ സാഹചര്യത്തില്‍ ഗുണ്ടാ നിയമം പ്രയോഗിച്ച് അറസ്റ്റിനുള്ള സാധ്യതയും രാഷ്ട്രീയ നേതാക്കള്‍ മുന്‍കൂട്ടി കാണുന്നുണ്ട്.












Click it and Unblock the Notifications