വിഎസിനെ കഴുകനാക്കി ഫ്‌ലക്‌സ് ബോര്‍ഡ്
കണ്ണൂര്‍: പാര്‍ട്ടിയെ സ്ഥിരം പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ കണ്ണൂരില്‍ ഫല്ക്‌സ് ബോര്‍ഡ്. വിഎസിനെ കഴുകനോട് ഉപമിച്ചുകൊണ്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡ് ആണ് ഉയര്‍ന്നിരിക്കുന്നത്.
സിപിഎമ്മിന് നല്ല സ്വാധീനമുള്ള പയ്യന്നൂര്‍ കോളേജ് പ്രദേശത്താണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ബോര്‍ഡ് സ്ഥാപിച്ചത് ആരെന്ന് വ്യക്തമല്ല.

പാര്‍ട്ടി പതാക കൊത്തി വലിക്കുന്ന കഴുകനാണ് ചിത്രത്തില്‍ ഉള്ളത്. കഴുകന്റെ വാലിന് കോണ്‍ഗ്രസ് പതാകയുടെ നിറമാണ്.
മലയെ കല്ലെറിഞ്ഞിട്ട് കാര്യമില്ല എന്നാണ് ബോര്‍ഡിന്റെ തലക്കെട്ട്. ബാക്കി വാചകങ്ങള്‍ ഇങ്ങനെ...
'പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരാന്‍ നാലണയുടെ വിലയില്ലാത്ത ഒരു കത്തയച്ചിട്ട് , ഊറിച്ചിരിച്ചുകൊണ്ട് , എനിക്ക് ശേഷം പ്രളയം എന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ... ഞങ്ങള്‍ക്ക് ജീവനേക്കാള്‍ വലുതാണ് പാര്‍ട്ടി. ഏത് പ്രളയത്തേയും ഏത് മഹാമാരിയേയും ഏത് ഭൂകമ്പത്തേയും തടഞ്ഞ് നിര്‍ത്താനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്ന് മനസ്സിലാക്കിയാല്‍ നല്ലത്...'
ടിപി വധത്തിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെകെ രമ നിരാഹാര സമരം നടത്തിയിരുന്നു. ഈ ആവശ്യം വിഎസും മുന്പ് ഉന്നയിച്ചതായിരുന്നു. എന്നാല്‍ രമയുടെ സമരം അവസാനിക്കുന്നതിന് മുന്പ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വിഎസ് മുഖ്യമന്ത്രിക്ക് കത്തെഴുതി. ഇത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി.
ആദ്യം പിണറായി വിജയന്‍ കത്തിന്റെ കാര്യം നിഷേധിച്ചെങ്കിലും പിന്നീട് കത്തയച്ച കാര്യം വിഎസ് തന്നെ സ്ഥിരീകരിച്ചു. ഇത് പാര്‍ട്ടിക്കുണ്ടായ നാണക്കേട് ചെറുതായിരുന്നില്ല.ഈ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്.












Click it and Unblock the Notifications