കെ സുധാകരന് വേണ്ടി കോണ്‍ഗ്രസില്‍ മുറവിളി; ഓഫീസിന് മുന്നില്‍ ബോര്‍ഡുകള്‍, സമയം ഇല്ല...
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫില്‍ കോണ്‍ഗ്രസിനെതിരെ പടയൊരുക്കം. കോണ്‍ഗ്രസിനകത്തും പുറത്തും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ന് യുഡിഎഫ് നേതൃയോഗം ചേരാനാരിക്കെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കെ സുധാകരന് മാത്രമേ സാധിക്കൂ എന്ന സൂചന നല്‍കി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കെ സുധാകരനെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ബോര്‍ഡുകളിലെ വാചകം. ഇനിയും ഒരു പരീക്ഷണത്തിന് സമയം ഇല്ലെന്നും ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നു. കെപിസിസി ആസ്ഥാനത്തും എംഎല്‍എ ഹോസ്റ്റലിന് മുന്നിലുമാണ് ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവരുടെ പേരിലാണ് ബോര്‍ഡുകള്‍.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റാണ് കെ സുധാകരന്‍. പ്രസിഡന്റായി നിയമിക്കണം എന്നാണ് ഉയരുന്ന ആവശ്യം. മികച്ച നേതൃപാടവമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ച തുറന്നുപറഞ്ഞ് സുധാകരന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. കെപിസിസി പ്രസിഡന്റ് താനായിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല തിരഞ്ഞെടുപ്പ് ഫലം എന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സംഘടനാ ശക്തി ക്ഷയിച്ചു എന്നാണ് സുധാകരന്‍ സൂചിപ്പിച്ചത്. സിപിഎമ്മും ബിജെപിയും കേഡര്‍ പ്രസ്ഥാനങ്ങളാണ്. ഇവരെ നേരിടാനുള്ള സംഘടനാ ശേഷി കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും തളര്‍ന്നു; നേട്ടമുണ്ടാക്കിയത് എന്‍ഡിഎ, കണക്കുകള്‍ ഇങ്ങനെ
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടപൊരിച്ചിലാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി അഭിപ്രായ ഭിന്നതകള്‍ പറഞ്ഞ നേതാക്കള്‍ക്കെതിരെ അണികള്‍ക്കിടയിലും വികാരം ഉയര്‍ന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, വടകര എംപി കെ മുരളീധരന്‍ തുടങ്ങിയവരെല്ലാം വ്യത്യസ്ത അഭിപ്രായങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് പ്രകടിപ്പിച്ചത്. അതിനിടെ കെ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇക്കാര്യം ആവശ്യപ്പെട്ട് കോഴിക്കോട് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണ് എന്ന് സൂചിപ്പിച്ച് കൊല്ലത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.