പതിനെട്ടാം പടിയുടെ വീതികൂട്ടിയാല്‍ തിരക്ക് നിയന്ത്രിക്കാം; നിര്‍ദേശവുമായി സെന്‍കുമാര്‍
തിരുവനന്തപുരം: ശബരിമലയിലെ അനിയന്ത്രിതമായ തിരക്കില്‍ പ്രതികരണവുമായി മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍. പതിനെട്ടാം പടിയില്‍ ഭക്തരെ കയറ്റിവിടാന്‍ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചാലേ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയൂ എന്ന് സെന്‍കുമാര്‍ പറഞ്ഞു. പരിചയമുള്ള ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ക്യൂ നീങ്ങാത്ത അവസ്ഥയുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ ശ്രദ്ധ മുഴുവന്‍ നവകേരള സദസിലാണ് എന്നും അത് അനുസരിച്ച് ശബരിമലയിലെ ശ്രദ്ധ കുറഞ്ഞിട്ടുണ്ടാകുമെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി. പതിനെട്ടാം പടിയില്‍ ഒരു മിനിറ്റില്‍ 75 പേരെ കടത്തിവിടേണ്ടതാണ് എന്നും അത് കുറഞ്ഞാല്‍ താഴെ നില്‍ക്കുന്ന ആളുകള്‍ക്ക് സമയത്ത് പടി കയറിപ്പോകാന്‍ കഴിയാതെ വരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാത്രി 11 മണിക്ക് ശേഷം ആളുകളെ സന്നിധാനത്തെ ഫ്‌ളൈ ഓവറില്‍ കയറ്റി നിര്‍ത്തണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുപ്പതിയില്‍ ഇല്ലാത്ത വലിയ പ്രശ്‌നം ശബരിമലയിലുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചടി വീതിയുള്ളതാണ് പതിനെട്ടാം പടി. അതിനു വീതികൂട്ടലാണ് തിരക്കു നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗം എന്നും എന്നാല്‍ തന്ത്രിമാര്‍ അത് അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത് മിനിറ്റില്‍ 90 പേരെ പതിനെട്ടാംപടി കയറ്റാം എന്നാണ് എന്നും എന്നാല്‍ 120 പേരെയും കയറ്റാം എന്നും അതിന് വിദഗ്ധരായ പൊലീസുകാര്‍ പതിനെട്ടാം പടിയില്‍ നില്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് വരുന്നവരില്‍ കുട്ടികളും വയോധികരും നടക്കാന്‍ വയ്യാത്തവരുമുണ്ടെന്നിരിക്കെ സാഹചര്യം മനസിലാക്കി ആളെ കയറ്റിവിടണം എന്നും അദ്ദേഹം പറഞ്ഞു.
പതിനെട്ടാംപടിയില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് 15 മിനിറ്റു കഴിയുമ്പോള്‍ വിശ്രമം നല്‍കണം. ശേഷം പുതിയ ആളുകളെ നിയോഗിക്കണം. വളരെ ശ്രമകരമായ ജോലിയാണ് ആളുകളെ പടികളിലൂടെ മുകളിലേക്ക് കയറ്റുന്നത് എന്നും പിടിച്ചു കയറ്റുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആളുകള്‍ക്ക് പരുക്കേല്‍ക്കും എന്നും സെന്‍കുമാര്‍ പറഞ്ഞു. ശബരിമലയിലെ കുപ്പിക്കഴുത്ത് എന്നു പറയുന്നത് പടിക്കെട്ടുള്ള സ്ഥലമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് താന്ത്രികമായി പരിഹരിക്കാതെ മറ്റു വഴികളില്ല എന്നും പതിനെട്ടാം പടിക്ക് വീതി കൂട്ടിയാല്‍ ഇരട്ടി ആളുകള്‍ക്ക് കടന്നുപോകാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരും പൊലീസുകാരും കൃത്യമായി പ്രവര്‍ത്തിക്കണം. ബുക്ക് ചെയ്ത എല്ലാവരെയും കയറ്റിവിടാന്‍ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications