തുല്യ നീതിക്കായി 'ഷീറോ'; പുതിയ എന്‍ ജി ഒ രൂപീകരിച്ച് ഹരിതയില്‍ നിന്ന് പുറത്താക്കിയവര്‍
കോഴിക്കോട്: എം എസ് എഫ് ഹരിതയില്‍ നിന്ന് പുറത്താക്കിയവര്‍ ചേര്‍ന്ന് പുതിയ എന്‍ ജി ഒ രൂപീകരിച്ചു. ഷീറോ(സോഷ്യല്‍ ഹെല്‍ത്ത് എംപവര്‍മെന്റ് റിസോഴ്സ് ഓര്‍ഗനൈസേഷന്‍) എന്ന എന്‍ ജി ഒയ്ക്കാണ് മുന്‍ ഹരിത നേതൃത്വം രൂപം നല്‍കിയിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് വേണ്ടി നില നില്‍ക്കുകയാണ് ഷീറോ സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിയാണ് ഷീറോ സംഘടനയുടെ ചെയര്‍പേഴ്സണ്‍. അസമത്വവും അനീതിയും നിറഞ്ഞ സമൂഹത്തില്‍ തങ്ങളാല്‍ കഴിയും വിധം തുല്യ നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മുഫീദ തെസ്നി പറഞ്ഞു.
എം എസ് ഡബ്ല്യു, വിമന്‍ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നിവ കഴിഞ്ഞവര്‍ മാത്രമാണ് എന്‍ ജി ഒയിലുള്ളതെന്നും കൂട്ടായ്മയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്നും മുഫീദ തെസ്നി പറഞ്ഞു. ഹരിത നേത്യത്വത്തില്‍ നിന്ന് മുഫീദ അടക്കമുള്ളവരെ മാറ്റിയ സമയത്ത് പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് എന്‍ ജി ഒ രൂപീകരിക്കുമെന്ന് വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു.ഷീറോയുടെ ജനറല്‍ സെക്രട്ടറി ഹരിതയുടെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഷിഫ എം ആണ്. ഷീറോയുടെ ഭാരവാഹികളില്‍ ഒരാളൊഴികെ എല്ലാവരും ഹരിതയുടെ മുന്‍ ഭാരവാഹികളാണ്. ഹരിത മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ ഷീറോ എന്‍ ജി ഒയുടെ ഭാഗമല്ല.
രാഹുല്‍ ഈശ്വറിന് പുതിയ പട്ടം; മീഡിവണ്‍ ചര്‍ച്ചയില്‍ 'ദിലീപ് അനുകൂലി'; ചോദ്യം ചെയ്ത് രാഹുല്‍

ഹരിതയിലെ വനിതാ നേതാക്കള്‍ക്കെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്ന പരാതിയുയര്‍ന്നതോടെയാണ് വിവാദം ഉണ്ടായത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ പി കെ നവാസിനെതിരെ നല്‍കിയ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് അവരെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നത്. പിരിച്ചുവിട്ട സംസ്ഥാന കമ്മറ്റിയില്‍ ട്രഷററായിരുന്ന പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ അധ്യക്ഷ. ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയുമാണ് ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്.

നജ്മ തബ്ഷീറക്കെതിരെ പി കെ നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം പുറത്തായത്. വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി കെ നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു മുസ്ലീം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. എം എസ് എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഹരിത, വനിതാകമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നാണ് ലീഗിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഹരിത ഇതിന് വഴങ്ങിയിരുന്നില്ല. ഇതോടെയായിരുന്നു ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടത്. ഇതിനിടെ ഹരിത നേതാക്കളെ പിന്തുണച്ച ലത്തീഫ് തുറയൂരിനെ എംഎസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു. സംസ്ഥാന ജോയന്റ് സെക്രട്ടറി കെ എം ഫവാസിനേയും പ്രവര്‍ത്തക സമിതി അംഗം കെ വി ഹുദൈഫിനേയും മുസ്ലിം ലീഗിന്റേയും പോഷക സംഘടനകളുടേയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് കാണിച്ചായിരുന്നു ലീഗിന്റെ നടപടി.

ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിനെതിരേയും ലത്തീഫ് രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. എം എസ് എഫ് യോഗത്തിലെ മിനുട്സ് തിരുത്താന്‍ സലാം ആവശ്യപ്പെട്ടിരുന്നുവെന്നും ലത്തീഫ് തുറയൂര്‍ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലത്തീഫിനെതിരെയുള്ള നടപടി. എം കെ മുനീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ലത്തീഫിനെതിരെ നടപടിയുണ്ടായെടുത്തത്. നിലവില്‍ എം എസ് എഫ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ആബിദ് ആറങ്ങാടിക്കാണ് പകരം ജനറല്‍ സെക്രട്ടറിയുടെ ചുമതല.