ഫോര്‍ട്ട് കൊച്ചി ബോട്ടപകടം, മരണസംഖ്യ പതിനൊന്നായി
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ബോട്ടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ പതിനൊന്നായി. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബീവിയാണ് മരിച്ചത്.
കൊച്ചി കുന്നുപുറം സ്വദേശിയാണ് ബീവി. ബീവിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. 39 ഓളം യാത്രക്കാരുണ്ടായിരുന്ന ബോട്ട് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.

കമാലക്കടവിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. ബോട്ട് പൂര്‍ണ്ണമായും മുങ്ങുകയാണുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്നതാണ് മരണസംഖ്യ കൂടാന്‍ കാരണമായത്. നാവികസേന ഹെലികോപ്റ്ററും ബോട്ടുകളുമുപയോഗിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് 28 ഓളം പേരെ രക്ഷിച്ചത്. അപകടത്തില്‍ 22 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
വൈപ്പിനില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് പോയ ബോട്ടാണ് ഉച്ചയ്ക്ക് 1.40 ഓടെ അപകടത്തില്‍പ്പെട്ടത്. നീന്തലറിയാവുന്ന കുറേപ്പേര്‍ നീന്തിരക്ഷപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications