ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; 30 മാസങ്ങൾ കൊണ്ട് പൂർത്തിയാവുമോ? വൈകിയാൽ ചിലവ് കൂടും!
കൊച്ചി: മലയാളികൾ ഒന്നടങ്കവും കൊച്ചിക്കാർ മുഴുവനും ഒരുപോലെ കാത്തിരിക്കുന്ന സ്വപ്‌ന പദ്ധതിയാണ് ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത. ഈ വർഷം ജനുവരി മാസം അവസാനിക്കാറായപ്പോഴും ഇതിന്റെ തുടർപ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടത്തിലാണ്. ആകെ 2672 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ-റെയിൽ) ആണ്.
ആഴക്കടലിലെ ഷിപ്പിംഗ് ചാനൽ കടന്നുപോകാൻ തുരങ്കമാണ് അനുയോജ്യമെന്ന് കെ-റെയിലിന്റെ പഠന റിപ്പോർട്ട് നേരത്തെ ശുപാർശ ചെയ്‌തിരുന്നു. നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമായ വിവരം. എങ്കിലും 2025 അവസാനത്തോടെ, തുരങ്കത്തിന്റെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി ആഗോള, ദേശീയ കമ്പനികളിൽ നിന്ന് താൽപര്യപത്രങ്ങൾ ക്ഷണിക്കാൻ നിർദ്ദേശം ലഭിച്ചിരുന്നു.

പദ്ധതിക്ക് 30 മാസത്തെ നിർമ്മാണ സമയവും ഭൂമി ഏറ്റെടുക്കലിനു 18 മാസത്തോളവും ആവശ്യമാണ്. 2026-ന്റെ തുടക്കത്തിൽ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 2027 സെപ്റ്റംബറോടെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് സാധ്യമാവുമോ എന്നാണ് എല്ലാവരും ഒരുപോലെ ചോദിക്കുന്ന ചോദ്യം.
ഈ വർഷം ജനുവരി അവസാനിക്കാറായിട്ടും കൂടുതൽ പുരോഗതി വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നതാണ് ഇത്തരമൊരു ചോദ്യത്തിന് കാരണം. ഏറ്റവും വേഗത്തിൽ താൽപര്യ പത്രങ്ങൾ ക്ഷണിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പദ്ധതി വൈകുമോ എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആശങ്ക.
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാതയുടെ പ്രത്യേകതകൾ
2.75 കിലോമീറ്റർ ഇരട്ട ട്യൂബ് തുരങ്കമാണിത്. ഇതിൽ 1.75 കിലോമീറ്റർ കടലിനടിയിലൂടെയുള്ള ബോർഡ് തുരങ്കവും, ഇരുവശത്തുമുള്ള 1 കിലോമീറ്റർ "കട്ട് ആൻഡ് കവർ" സമീപന ഭാഗങ്ങളും ഉൾപ്പെടും. കടൽനിരപ്പിൽ നിന്ന് 35 മീറ്റർ താഴെയായി നിർമ്മിക്കുന്ന ഇത് കപ്പൽ ഗതാഗതത്തിന് 20 മീറ്റർ ജലവും തുരങ്കത്തിന് 15 മീറ്റർ മണ്ണ് സ്ഥിരതയും നൽകുമെന്നതാണ് പ്രത്യേകത.
തുരങ്കം വരുമ്പോള്‍ ഗോശ്രീ പാലങ്ങളിലൂടെയുള്ള നിലവിലെ 16 കിലോമീറ്റർ ദൂരം 3 കിലോമീറ്ററായി കുറയുമെന്നതാണ് കൊച്ചിക്കാരെ സംബന്ധിച്ചുള്ള ഏറ്റവും വലിയ നേട്ടം. ഒരു മണിക്കൂറിലധികം എടുത്തിരുന്ന യാത്രാ സമയം 10-20 മിനിറ്റായി ചുരുങ്ങുമെന്നതാണ് ഇതിന്റെ ഗുണം. നിലവിലെ സാഹചര്യത്തിൽ 50 മുതൽ 100 രൂപ വരെ ടോൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഗണ്യമായ യാത്രാ ലാഭം ലഭിക്കുമെന്നതാണ് യഥാർത്ഥ ഗുണം.
പദ്ധതി നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെ?
623 കിലോമീറ്റർ തീരദേശ ഹൈവേ പദ്ധതിയിലെ പ്രധാന കണ്ണിയായ ഈ തുരങ്കത്തിന് ഭൂമി ഏറ്റെടുക്കലും ധനസമാഹരണവുമാണ് വെല്ലുവിളികൾ. 2.79 ഹെക്‌ടർ ഭൂമി ഏറ്റെടുക്കുമ്പോൾ ഫോർട്ട് കൊച്ചി, വൈപ്പിൻ മേഖലകളിലെ 285 കെട്ടിടങ്ങളെ ബാധിക്കുമെന്നതാണ് പ്രധാന കാരണം. ഉയർന്ന ചെലവ് പരിഗണിച്ച് സർക്കാർ സ്വകാര്യ പങ്കാളിത്തവും കിഫ്‌ബി ധനസഹായവും പരിഗണിക്കുന്നു.
മാത്രമല്ല നടപടി ക്രമങ്ങൾ വൈകുന്തോറും ചിലവ് കുതിച്ചുയരും എന്നതാണ് മറ്റൊരു വെല്ലുവിളി. ഈ വർഷം അവസാനത്തോടെ പദ്ധതിയുടെ വലിയൊരു ശതമാനം ജോലികൾ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷ. ഇല്ലായെങ്കിൽ ചിലവുകൾ കുതിച്ചുയരും. കൂടാതെ ടോൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമ്പോൾ കാര്യമായ എതിർപ്പും നേരിടേണ്ടി വന്നേക്കാം. എങ്കിലും രാജ്യത്തെ ആദ്യ ഭൂഗർഭ തുരങ്കപാത എന്ന നിലയിൽ ഈ വെല്ലുവിളികൾ മറികടക്കാൻ സാധിച്ചേക്കും.












Click it and Unblock the Notifications