'കൊവിഡ് ആദ്യം ബാധിക്കുക അടുക്കളകളെ', സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് വ്യാപനം സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധി മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള നടപടികളാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതല്‍ സ്വീകരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. 'നമ്മുടെ അടുക്കളകളെയാകും കോവിഡ് ആദ്യം ബാധിക്കുക എന്നതിനാല്‍ അതിനെ മറികടക്കുന്നതിനാണ് മുന്‍തൂക്കം നല്‍കിയത്. അതിന്‍റെ ഭാഗമാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്കരിച്ചത്. ലോക്ഡൗണ്‍ ഘട്ടത്തിലും പിന്നീടും അത് എല്ലാ കുടുംബങ്ങള്‍ക്കും ആയി വിതരണം ചെയ്തു. 85 ലക്ഷത്തോളം കുടുംബങ്ങള്‍ ഭക്ഷ്യക്കിറ്റിന്‍റെ ഉപഭോക്താക്കളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുകയും ഭക്ഷ്യ വകുപ്പിന്‍റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഈ മാസവും അത് തുടരുകയാണ്'.
'എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ അരി വിതരണവും ലോക്ഡൗണ്‍ ഘട്ടത്തില്‍ നടത്തി. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ അരി വിതരണം ചെയ്തു. അഗതിമന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്. ഇത്തവണയും അവര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്'.

'ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും കൃത്യമായി വിതരണം ചെയ്തും പ്രതിസന്ധിയെ തരണം ചെയ്യാനായിരുന്നു ശ്രമിച്ചത്. പെന്‍ഷന്‍ ലഭ്യമാകാത്തവര്‍ക്ക് പ്രത്യേക ധനസഹായവും നല്‍കി. അന്ന് നടത്തിയ കാര്‍ഷിക മേഖലകളിലെ ഇടപെടല്‍, സുഭിക്ഷ കേരളം പദ്ധതി, എത്രത്തോളം വിജയമായിരുന്നു എന്ന് തെളിയിക്കപ്പെട്ടു. ആളുകള്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കാനും തൊഴിലവസരം സൃഷ്ടിക്കാനുമായി കുടുംബശ്രീ ഹോട്ടലുകള്‍ക്ക് തുടക്കമിട്ടു. ഈ കുടുംബശ്രീ ഹോട്ടലുകളാണ് രണ്ടാം ലോക് ഡൗണില്‍ നമ്മുടെ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നത് എന്നു കൂടി കാണണം. കുടുംബശ്രീ വഴി നടപ്പാക്കിയ പലിശരഹിത വായ്പാ പദ്ധതിയും ആ ഘട്ടത്തില്‍ സഹായകരമായി. ഇത്തരം ഇടപെടലുകള്‍ തുടരണം എന്നാണ് ഉദ്ദേശിക്കുന്നത്' എന്ന് മുഖ്യമന്ത്രി അറിയിച്ചു.
നിലവില്‍ രോഗവ്യാപനം വലിയ തോതില്‍ കൂടിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് കേരളമുള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍. മെയ് മാസത്തിനു ശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കാണുന്നതിനു സമാനമായ സാഹചര്യം ഇവിടെയും ഉണ്ടായേക്കാം. അതുകൊണ്ട്, രോഗവ്യാപനം അതിശക്തമാകുന്ന മെയ് മാസത്തില്‍ പരമാവധി ശ്രദ്ധ പുലര്‍ത്തിയാല്‍ നമുക്ക് മരണങ്ങള്‍ കുറച്ചുനിര്‍ത്താന്‍ സാധിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications