സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരും, അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം
തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം രൂക്ഷമായതോടെ നാളെ മുതല്‍ സംസ്ഥാനം സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതല്‍ ആണ് ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിക്കുക എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കില്ല. സമൂഹ അടുക്കള വീണ്ടും ആരംഭിക്കുമെന്നും ഭക്ഷണം ആവശ്യമുളളവരെ കണ്ടെത്തി വീടുകളില്‍ എത്തിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
നാളെ മുതല്‍ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി പുറത്ത് ഇറങ്ങുന്നവര്‍ പോലീസില്‍ നിന്ന് പാസ്സ് വാങ്ങണം. അന്തര്‍ ജില്ലാ യാത്രകള്‍ ഒഴിവാക്കണമെന്ന മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് വരുന്ന ആളുകള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

തട്ടുകടകൾ ലോക്ക് ഡൗൺ കാലത്ത് തുറക്കരുത്. വാഹന റിപ്പയർ വർക്ക്‌ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാർബർ ലേലം ഒഴിവാക്കും. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. പൾസ് ഓക്‌സിമീറ്ററുകൾക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കാൻ കലക്ടർമാർക്ക് നിർദേശം നൽകി. ഇന്നത്തെ സ്ഥിതിയിൽ വീട്ടിനകത്ത് രോഗപ്പകർച്ച ഉണ്ടാവാൻ സാധ്യത കൂടുതലാണ്. വെളിയിൽ പോയി വരുന്നവരിൽ നിന്നും അയൽപക്കക്കാരിൽ നിന്നും രോഗം പകരാൻ സാധ്യതയുണ്ട്.
വീടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം. ഭക്ഷണം കഴിക്കൽ, ടിവി കാണൽ, പ്രാർത്ഥന എന്നിവ ഒറ്റയ്‌ക്കോ പ്രത്യേക മുറിയിലോ ആവുന്നതാണ് നല്ലത്. അയൽ വീട്ടുകാരുമായി ഇടപെടുമ്പോൾ ഡബിൾ മാസ്‌ക് നിർബന്ധമാക്കണം. അവരിൽനിന്ന് എന്തെങ്കിലും സ്വീകരിച്ചാൽ കൈകഴുകണം. പുറത്ത് പോയി വരുന്ന മുതിർന്നവർ കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. വീട്ടിൽ വായുസഞ്ചാരം ഉറപ്പാക്കാൻ ജനലുകൾ തുറന്നിടണം. ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം.
മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്












Click it and Unblock the Notifications