കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലിന്റെ മറവില്‍ തകര്‍ത്ത ഹൈന്ദവ സഹോദരങ്ങളുടെ കടകള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ മന്ത്രി ജലീലിന്റെ നേതൃത്വത്തില്‍ പണപ്പിരിവ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഹര്‍ത്താലിന്റെ മറവില്‍ തകര്‍ത്ത ഹൈന്ദവ സഹോദരങ്ങളുടെ കടകള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ മന്ത്രി ജലീലിന്റെ നേതൃത്വത്തില്‍പണപ്പിരിവ്. ഹര്‍ത്താലില്‍ വ്യാപക അക്രമമുണ്ടായ താനൂരിലാണ് ഐക്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശവുമായി മന്ത്രി കെ ടി ജലീലും ജനപ്രതിനിധികളും നേതാക്കളും രംഗത്തിറങ്ങിയത്. തകര്‍ത്ത കടകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ തന്റെയും വി അബ്ദുറഹ്മാന്‍ എംഎല്‍എയുടെയും നേതൃത്വത്തില്‍ പൊതുസഹായനിധിയും മന്ത്രി പ്രഖ്യാപിച്ചു. മൂന്ന് കടകളും പൂര്‍വസ്ഥിതിയിലാക്കാന്‍ 25,000 രൂപ സംഭാവന നല്‍കുമെന്ന് മന്ത്രി അറിയിച്ചു. വി അബ്ദുറഹ്മാന്‍ എംഎല്‍എ ഒരു ലക്ഷം രൂപ നല്‍കും.

ഗഫൂര്‍ പി ലില്ലീസ്, കൈനിക്കര ആഷിഖ്, ലില്ലി ജംഷീദ്, കള്ളിയത്ത് അന്‍വര്‍, ഉസ്മാന്‍ ഹാജി ചെറിയമുണ്ടം, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, പി പി ലത്തീഫ് കുറ്റിപ്പുറം, പാട്ടത്തില്‍ സലിം, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുജീബ് റഹ്മാന്‍ എന്നിവര്‍ 25,000 വീതം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉടമകളുടെ ഒരുരൂപപോലും ചെലവാക്കാതെ കടകള്‍ പൂര്‍വസ്ഥിതിയിലാക്കും.

jaleel

മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലും സഹോദര സമുദായങ്ങളുടെ കടകള്‍ക്കും ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ടത് മുസ്ലിങ്ങളുടെ കടമയും ചുമതലയുമാണ്. മറ്റുള്ള മേഖലയില്‍ ഇതുപോലെ എന്തെങ്കിലുമുണ്ടായിട്ടുണ്ടെങ്കില്‍ മഹല്ല് കമ്മിറ്റികളും മുസ്ലിം സംഘടനകളും ഈ മാതൃക സ്വീകരിച്ച് മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. താനൂരില്‍ ഭീകരമായി ആക്രമിക്കപ്പെട്ടത് കെ ആര്‍ ബേക്കറിയാണ്. ഇതിന്റെ ഉടമ ബാലന്‍ തന്റെ നാട്ടുകാരനാണ്. ഇദ്ദേഹത്തിന്റെ ബേക്കറിയില്‍നിന്നാണ് താന്‍ സാധനങ്ങള്‍ വാങ്ങാറ്. ഗുണമേന്മയുള്ളതിനാലാണത്. ശിഹാബ് തങ്ങള്‍ക്ക് ഇവിടുത്തെ ബ്രഡ് ഏറെ ഇഷ്ടമായിരുന്നു. മതവികാരം ഇളക്കിവിടുന്ന മട്ടില്‍ ഈ ബേക്കറിക്കെതിരെ മുമ്പ് ചിലര്‍ ദുഷ്പ്രചാരണം നടത്തിയിരുന്നു. താന്‍ അന്ന് എതിര്‍ത്തിരുന്നു. ബിസിനസ് രംഗത്തുള്ള വിദ്വേഷം ഇവിടെ തീര്‍ത്തോ എന്നും പരിശോധിക്കും. കടകള്‍ ആക്രമിക്കപ്പെട്ടതില്‍ കര്‍ശന നടപടിയുണ്ടാകും. പ്രശ്നം കൈവിട്ടുപോകുന്ന സ്ഥിതി ഒരു കാരണവശാലും ഉണ്ടാകരുത്. കട ഉടമകളോട് മാപ്പുചോദിക്കുകയാണെന്നും ജലീല്‍ പറഞ്ഞു.


ഇതുസംബന്ധിച്ചു കെ.ടി ജലീല്‍ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റ്

കാലുഷ്യങ്ങൾക്കിടയിലും സമാധാനത്തിന്റെ തുരുത്തായി നിന്നിട്ടുള്ള പ്രദേശങ്ങൾ ഉൾകൊള്ളുന്ന ജില്ലയാണ് മലപ്പുറം . ഇവിടെ ജോലി ചെയ്തവരും താമസിച്ചവരുമായ എല്ലാവരും മലപ്പുറത്തുകാരെക്കുറിച്ച് നല്ലതു മാത്രമേ പറയൂ . രണ്ട് ദിവസം മുമ്പ് നടന്ന , ആൾക്കൂട്ടം നേതൃത്വമേറ്റെടുത്ത "വാട്‌സ് അപ്പ് ഹർത്താൽ " താനൂരിൽ മാന്യതയുടെ സർവ്വ അതിർവരമ്പുകളും വിട്ട് ഒരു പറ്റം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമായി മാറിയത് മലപ്പുറത്തിന്റെ നെറ്റിയിൽ തീർത്ത കാളിമ മാറാൻ നല്ല ഇടപെടലുകൾ തന്നെ വേണം .

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സർക്കാറിന്റെ പ്രതിനിധിയായി ഇന്ന് രാവിലെ പത്തരമണിക്ക് സ്ഥലം MLA വി. അബ്ദുറഹിമാന്റെ കൂടെ ജില്ലാ കളക്ടർക്കും പോലീസ് സൂപ്രണ്ടിനുമൊപ്പം താനൂരിലെ തകർക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കാൻ എത്തിയപ്പോൾ നല്ല ജനക്കൂട്ടമുണ്ടായിരുന്നു . ആദ്യം ഞങ്ങൾ പോയത് കാട്ടിങ്ങൽ ചന്ദ്രേട്ടന്റെ പടക്ക കടയിലേക്കാണ് . വിഷുവിന് വിൽക്കാൻ വെച്ച പടക്കം മുഴുവൻ കട തകർത്ത് അകത്ത് കയറിയ ഹർത്താൽ അനുകൂലികൾ റോഡിലേക്കിട്ട് പൊട്ടിച്ച് നശിപ്പിച്ചത് ചുറ്റുപാടുകൾ വീക്ഷിച്ചാൽ ആർക്കും ബോദ്ധ്യമാകും . ടൗണിന്റെ സെൻട്രലിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷനറി ക്കടയിലെത്തിയപ്പോൾ ഉടമസ്ഥൻ വിയ്യാംവീട്ടിൽ ചന്ദ്രൻ വാതിൽക്കൽ നിന്ന് നിറചിരിയോടെ ഞങ്ങളെ സ്വീകരിച്ചു . സ്ഥാപനം കുത്തിത്തുറന്ന് സോഡാ കുപ്പികൾ ഹർത്താലുകാർ തല്ലിപ്പൊട്ടിച്ചതായും ക്യാഷ് കൗണ്ടറിൽ നിന്ന് പണം എടുത്ത് കൊണ്ട് പോയതായും അദ്ദേഹം പറഞ്ഞു . പിന്നെ പോയത് ക്രിമിനലുകൾ പൂർണ്ണമായും തകർത്ത കെ.ആർ ബേക്കറിയിലേക്കാണ് .

hartal

എന്റെ അഭ്യർത്ഥന മാനിച്ച് KR ഗ്രൂപ്പിന്റെ ചെയർമാൻ ബാലേട്ടൻ നേരത്തെ തന്നെ സ്ഥാപനത്തിൽ എത്തിയിരുന്നു . ബേക്കറിയിൽ കണ്ട കാഴ്ചകൾ ദൗർഭാഗ്യകരമായിരുന്നു . ബേക്കറി അsച്ചിട്ടിട്ടും പൂട്ട് പൊളിച്ച് അകത്ത് കയറി ഗ്ലാസ്സുകളൊക്കെ തച്ചുടയ്ക്കുകയും ഫർണിച്ചറുകളെല്ലാം തല്ലിത്തകർക്കുകയുംഭക്ഷ്യവസ്തുക്കൾ പുറത്തേക്ക് വലിച്ചിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവം ആരിലും മനപ്രയാസമുണ്ടാക്കും . താനൂരിലെ ഷോപ്പ് വേണ്ടെന്ന് വെക്കാൻ തീരുമാനിച്ച KR ഗ്രൂപ്പിനോട് കടുത്ത നടപടിയിലേക്ക് പോകരുതെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചു .

ഏതു പ്രദേശത്താണെങ്കിലും അവിടുത്തെ ഭൂരിപക്ഷ സമുദായത്തിന്റെ ഉത്തരവാദിത്തമാണ് സഹോദര സമുദായക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുകയെന്നത് . മലപ്പുറത്ത് ഭൂരിപക്ഷ സമുദായം മുസ്ലിങ്ങളാണ് . ഇവിടെ ഹൈന്ദവർ ന്യൂനപക്ഷമാണ് . മുസ്ലിങ്ങളെന്ന് പറയപ്പെടുന്ന ഏതാനും വിവരദോശികൾ നടത്തിയ തെമ്മാടിത്തത്തിന്റെ പേരിൽ നാട്ടിലെ സൗഹാർദ്ദം തകർന്ന് കൂട . രാജ്യത്തിന് തന്നെ മാതൃകയാകുന്ന ഒരു കർമ്മപദ്ധതി കൂടെയുണ്ടായിരുന്നവരുമായി ആലോചിച്ച് കണ്ടെത്തി . ഈ മൂന്ന് സ്ഥാപനങ്ങളും പൂർവ്വസ്ഥിതിയിലാക്കാൻ സർക്കാർ സഹായം കാത്ത് നിൽക്കാതെ തന്നെ ഒരു "ജനകീയ നിധി" രൂപീകരിക്കാനാണ് തീരുമാനമായത് . ആദ്യ സംഭാവനയായി 25000 രൂപ ഈയുള്ളവൻ തന്നെ നൽകി . MLA അബ്ദുറഹ്മാൻ ഒരുലക്ഷം നൽകാമെന്നേറ്റു . അവിടന്നുതന്നെ കിട്ടാവുന്നവരെ ബന്ധപ്പെട്ടു . അഞ്ച് മിനുട്ടിനുള്ളിൽ താഴേ പറയും പ്രകാരം പണം പിരിഞ്ഞ് കിട്ടി .

1. അക്ബർ ട്രാവൽസ് MD , നാസർക്ക : 50000 ,

2 . ലില്ലി ഗഫൂർ : 25000 ,

3 . കൈനിക്കര ആഷിക്ക് : 25000 ,

4 . ലില്ലി ജംഷീദ് : 25000 ,

5 . കള്ളിയത്ത് അൻവർ : 25000 ,

6 . സി.കെ. ഉസ്മാൻ ഹാജി : 25000 ,

7 . INL പ്രസിഡണ്ട് , പ്രൊഫ: വഹാബ് : 25000 ,

8 . VP ലത്തീഫ് കുറ്റിപ്പുറം : 25000 ,

9 . പാട്ടത്തിൽ സലീം : 25000 ,

10 . MES ഭാരവാഹി ഡോ. NM മുജീബ് റഹ്മാൻ :25000 ,

11 . കെ.കെ. ഹനീഫ (ദേരാ ട്രാവൽസ് ): 25000 ,

12 . ടി.വി. സിദ്ദീഖ് (ഫോറം ഗ്രൂപ്പ് ) : 25000 ,

13 . ടി.വി. ത്വൽഹത്ത് ( ഫോറം ഗ്രൂപ്പ് ): 25000 ,

14 . പി.എ. ലത്തീഫ് മാന്തടം : 25000 ,

15 . സഫ ഷാജി എടപ്പാൾ : 25000 ,

16 . തെയ്യമ്പാട്ടിൽ ഷറഫു : 25000 ,

17 . മയൂര ജലീൽ : 25000 ,

18 . തെയ്യമ്പാട്ടിൽ സുബൈർ : 25000 ,

19 . Home Sted MD ലത്തീഫ് കൈനിക്കര : 25000 . വിവരമറിഞ്ഞ് ഇനിയും കാശ് ആവശ്യമെങ്കിൽ നൽകാൻ നിരവധി പേർ സന്നദ്ധത അറിയിക്കുകയും ചെയ്തു .

നാളെത്തന്നെ MLA യുടെ നേതൃത്വത്തിൽ പണികൾ തുടങ്ങും .

സാമൂഹ്യ ദ്രോഹികൾ ചെയ്ത തനി തോന്നിവാസത്തിന് ബാലേട്ടനോടും രണ്ട് ചന്ദ്രേട്ടൻമാരോടും കൈകൂപ്പി മാപ്പിരന്നാണ് താനൂരിൽ നിന്ന് യാത്രയായത് . രണ്ട് പക്ഷത്തുള്ള വർഗ്ഗീയ ഭ്രാന്തൻമാരോടും അടങ്ങാത്ത അമർഷം അവിടെക്കൂടിയ ഓരോരുത്തരുടെ മുഖത്തും നിഴലിച്ച് നിന്നത് മനസ്സിൽ ഒരു സമാശ്വാസമായാണ് അനുഭവപ്പെട്ടത് . കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകും . ആൾക്കൂട്ടങ്ങൾ തെരുവുകൾ കയ്യടക്കിയാൽ അരാജകത്വം നടമാടും . കേരളത്തെ ഗുജറാത്താക്കാനല്ല , മറിച്ച് ഗുജറാത്തിനെ കേരളമാക്കാനാണ് നാം ഐക്യപ്പെടേണ്ടത് . വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സ്നേഹം തകർക്കാൻ എളുപ്പമാണ് . വീണുടഞ്ഞ മൈത്രി പുനസൃഷ്ടിച്ചെടുക്കൽ ഏറെ ക്ലേശകരവുമാണ് .

hartal


മേൽസൂചിപ്പിച്ച ഇടപെടലുകൾക്ക് പുറമെ സമാന കേസുകളിൽ സർക്കാർ സാധാരണ നൽകാറുള്ള സഹായം ബന്ധപ്പെട്ടവർക്ക് പരമാവധി ലഭ്യമാക്കാനും പ്രത്യേകം ശ്രദ്ധിക്കും. CPM ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ VP സക്കറിയ , VP അനിൽ, ഇ. ജയൻ ജില്ലാ കമ്മിറ്റി അംഗമായ ബഷീർ കൂട്ടായി എന്നിവരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു

English summary
Fund collection for repairing shops of hindus which were attacked on Harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X