'കെഎസ്ആർടിസിയെ ലാഭത്തിലേക്ക് എത്തിച്ചു, ഗണേഷ് കുമാർ കേരളത്തിന്റെ നിതിൻ ഗഡ്കരി', പുകഴ്ത്തി കുറിപ്പ്
ഗതാഗത വകുപ്പ് മന്ത്രി ഡോ. കെബി ഗണേഷ് കുമാറിനെ പുകഴ്ത്തിയുളള ഡോ. ആശ ഉല്ലാസിന്റെ കുറിപ്പ് വൈറലാകുന്നു. ജനങ്ങളെ കേൾക്കാനും പഠിക്കാനും ഉള്ള മനസ്സുളള മന്ത്രിയാണ് ഗണേഷ് കുമാറെന്നും ഗതാഗത വകുപ്പിന്റെ ചരിത്രത്തിൽ ഇത് പോലെ ഒരു ആദ്യമായാണ് എന്നും ഡോ. ആശ ഉല്ലാസ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഒരിക്കലും രക്ഷപ്പെടില്ലെന്ന് പറഞ്ഞ കെഎസ്ആർടിസിയെ ലാഭത്തിന്റെ അടുത്ത് എത്തിച്ചുവെന്നും ഏതു മുന്നണി ഭരിച്ചാലും ഏതു പാർട്ടി ഭരിച്ചാലും ഗണേഷ് കുമാർ തന്നെ അടുത്ത പ്രാവശ്യവും ഗതാഗത മന്ത്രിയാകണം എന്നും ഡോ. ആശ ഉല്ലാസ് കുറിക്കുന്നു.
'' കേരളത്തിന്റെ നിധിൻ ഗഡ്കരി ആണ്. ശ്രീ കെ.ബി ഗണേഷ് കുമാർ. ഇദ്ദേഹത്തിന്റെ വിഷൻ അത് വേറെ ലെവൽ ആണ്. 45 മിനിറ്റ് സ്വന്തം വകുപ്പിനെ കുറിച്ച് ലെവലേശം സംശയമില്ലാതെ ഇത്രയേറെ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കേട്ടിരുന്നു പോയി. വകുപ്പിൽ പ്രാവീണ്യവും അഗാധമായ അറിവും ചെയ്യുന്ന കാര്യങ്ങളിൽ ഉറച്ച വിശ്വാസവും ഉള്ള മികച്ച കാര്യശേഷി ഉള്ള മന്ത്രി. എല്ലാ പ്രശ്നങ്ങളിലും കൃത്യമായ ഇടപെടലുകൾ നടത്തി വിവിധ ഭാഗങ്ങൾ പഠിച്ച് കൃത്യമായ ഹോംവർക്കുകൾ നടത്തിയാണ് ബഹുമാനപ്പെട്ട മന്ത്രി മുന്നോട്ടുപോകുന്നത്. താങ്കളുടെ ആശയങ്ങൾ പരിഷ്കാരങ്ങൾ സ്വപ്നങ്ങൾ ഫലം കാണുന്നു എന്നതിൽ അതിയായ സന്തോഷമുണ്ട്.

പണ്ടൊരു പ്രായമായ ഒരു അമ്മ കെഎസ്ആർടിസി ബസിന്റെ ചവിട്ടുപടിക്ക് ഉയര കൂടുതൽ ആയതുകൊണ്ട് കയറാൻ പറ്റുന്നില്ല മോനേ എന്ന് ഇദ്ദേഹത്തോട് പറഞ്ഞു. അടുത്ത പ്രാവശ്യം പുതുതായി ഇറക്കിയ എല്ലാ വണ്ടിയുടെയും ചവിട്ടുപടി താഴ്ത്തി വെക്കാൻ ഇദ്ദേഹം ഓർഡർ ഇട്ടു. ജനങ്ങളെ കേൾക്കാനും പഠിക്കാനും ഉള്ള മനസ്സ്. സാധാരണക്കാരന്റെ കൂടെ സഞ്ചരിച്ച് ജനങ്ങളുടെ പൾസ് അറിയുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാനും പ്രവർത്തിക്കാനും കഴിയു. ഇതുപോലെ ദീർഘവീക്ഷണത്തോടും നിസ്വാർത്ഥമായും ആത്മാർത്ഥമായും അർപ്പണബോധത്തോടെയും പ്രവർത്തിക്കുകയും കാര്യങ്ങൾ പഠിച്ച് എല്ലാവരെയും പരിഗണിച്ച് പ്രാവർത്തികമാക്കുകയും ചെയ്യുന്ന മന്ത്രി ഗതാഗത വകുപ്പിന്റെ ഭരണചരിത്രത്തിൽ വേറെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം.
ഏതു മുന്നണി ഭരിച്ചാലും ഏതു പാർട്ടി ഭരിച്ചാലും താങ്കൾ തന്നെ അടുത്ത പ്രാവശ്യവും ഗതാഗത മന്ത്രിയാകണം. കെഎസ്ആർടിസി ഒരുകാലത്തും രക്ഷപ്പെടില്ല, സ്വകാര്യവൽക്കരിക്കണം എന്നൊക്കെ മുറവിളി ഉയരുന്ന സമയത്ത് കോടികൾ നഷ്ടത്തിൽ ഓടിയിരുന്ന ഒരു സ്ഥാപനത്തെ ലാഭത്തോട് അടുത്ത് എത്തിക്കുക, കൈപിടിച്ചുയർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു നാടിന്റെ പൊതു സ്വത്താണ് പൊതുഗതാഗതം. അത് മികച്ചതായി മാറുന്നു അല്ല മാറ്റപ്പെടുന്നു. അഭിമാനകരമായ വളർച്ച.... നടപ്പാക്കാൻ പറ്റാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ചു.
മന്ത്രി പറഞ്ഞ ഒരു കാര്യം 100% ശരിയാണ് കെഎസ്ആർടിസി രക്ഷപ്പെടണമെങ്കിൽ നന്നാവണമെങ്കിൽ ഇപ്പോൾ നന്നാവണം അതിന് ജീവനക്കാരും കൂടി വിചാരിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങൾ എന്റെ കുടുംബത്തിന്റെയും അന്നമാണ് എന്ന ആത്മാർത്ഥമായ ബോധം അവർക്കും ഉണ്ടാകണം. പ്രതീക്ഷ പകരുന്ന വാക്കുകൾ. സ്വന്തം പൈസ പോലെ സർക്കാർ പൈസയെ കാണുമ്പോൾ ആത്മാർത്ഥമായി പണിയെടുക്കാൻ കഴിയും. ഇതൊക്കെ ഒരു പൊതു മുതലാണ് എന്നൊരു സാമൂഹ്യബോധം ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഉണ്ടാകണം. പെരുമാറ്റം മാറണം, ആരും ആരുടെയും മുകളിലല്ല എന്ന മനോഭാവമാണ് വേണ്ടത്.
സർക്കാരിനും മന്ത്രിക്കും കെഎസ്ആർടിസി ജീവനക്കാർക്കും മാത്രമല്ല നമ്മുടെ പൊതുസമൂഹം കൂടി ആ കാര്യത്തിൽ ഉത്തരവാദിത്വം പുലർത്തണം. ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുള്ളതാണ്..... ഗുണകരമായ മാറ്റങ്ങൾ പലപ്പോഴും തുടർച്ചയാകുന്നില്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ പരാജയം അത് നിലനിർത്താൻ സാധിക്കണം. പുത്തൻ ആശയങ്ങളും സാങ്കേതികവിദ്യയും കൂട്ടിയിണക്കി സമയബന്ധിതമായ പദ്ധതികൾ നടപ്പിലാക്കി നല്ല സേവനം നൽകിയാൽ യാത്രക്കാരും ജനങ്ങളും ഒരുപോലെ കൈകൾ നൽകും.
ആഴ്ചയിൽ ഒരിക്കലെങ്കിലും വണ്ടി ഫുൾ വാഷ് ചെയ്യാനുള്ള സംവിധാനം അതിനുള്ള മെഷീൻ എല്ലാ ഡിപ്പോയിലും ഉണ്ടാകണം. ദീർഘദൂര ബസ്സിലെ ജീവനക്കാർക്ക് ഉറങ്ങാൻ ഒരു മുറി അല്ലെങ്കിൽ ഡോർമെട്രി പോലുള്ള സൗകര്യം എല്ലാ ഡിപ്പോകളിലും വേണം. നിലവിൽ ബസ് രാത്രി എത്തി പുലർച്ചെ പുറപ്പെടുന്ന ബസുകളിലെ കണ്ടക്ടർ ഡ്രൈവർമാർ ബസ്സിൽ തന്നെ കൊതുകു വലയും കെട്ടി ഉറങ്ങുന്ന കാഴ്ച ഞാൻ കണ്ടിട്ടുണ്ട്. അത് മാറണം. അവർക്ക് വിശ്രമിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുക തന്നെ വേണം.
ദീർഘദൂര വോൾവോ ഇന്റർസ്റ്റേറ്റ് ബസുകളിൽ ബയോ ടോയ്ലറ്റ് കൂടി കൊണ്ടുവരണം. യാത്രക്കാർ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് വൃത്തിയുള്ള ടോയ്ലറ്റിന്റെ അഭാവമാണ്. ഡിപ്പോകളിലും നാറ്റം ഇല്ലാത്ത ടോയ്ലറ്റുകൾ വേണം ക്ലീനിങ്ങിന് കൃത്യമായി ആളെ വെക്കണം. ട്രെയിൻ സ്റ്റാറ്റസ് പോലെ ബസുകളുടെ കൃത്യമായ ഓൺലൈൻ റണ്ണിങ് ട്രാക്കിംഗ് സ്റ്റാറ്റസ് യാത്രക്കാർക്ക് അറിയാൻ സാധിച്ചാൽ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും.
ചിത്രത്തിലുള്ള വണ്ടിയുടെ ഡിസൈൻ ഗംഭീരമായിട്ടുണ്ട്. അടുത്ത തവണ ഡിസൈൻ കോമ്പറ്റീഷൻ വെച്ച് ജനങ്ങൾക്കും ഡിസൈൻ ചെയ്യാൻ അവസരം നൽകിയാൽ കെഎസ്ആർടിസി കൂടുതൽ ജനകീയമാവും. ചെറിയ സർവീസ് ആണെങ്കിലും വലിയ കളക്ഷൻ നേടിത്തരുന്ന റൂട്ടുകൾ ഉണ്ട്. ഗ്രാമീണ ഇടറോഡുകളിൽ നിർത്തലാക്കിയ ട്രിപ്പുകൾ പുനരാരംഭിക്കണം പലതുള്ളി പെരുവെള്ളം എന്നല്ലേ.... എല്ലാ ഡിപ്പോകളിലും നല്ല ക്വാളിറ്റി ഫുഡ് കൊടുക്കാൻ ചെറിയ കാന്റീനുകൾ ഉൾപ്പെടുത്തണം.കുടുംബശ്രീ പോലുള്ള യൂണിറ്റുകൾക്ക് ടെൻഡർ കൊടുക്കണം.
എൽഇഡി ഡിജിറ്റൽ ബോർഡ് നല്ലതാണ്. പക്ഷേ പ്രായമുള്ളവർ വഴി വായിക്കുമ്പോഴേക്കും ബസ് അതിന്റെ വഴിക്ക് പോയിട്ടുണ്ടാവും. അതുകൊണ്ട് താഴെ നെയിംബോർഡ് കൂടെ വെക്കണം. പ്രൈവറ്റ് സ്ഥാപനങ്ങളിലുള്ള പോലെ ഓവർടൈം ബോണസ്,ടാർഗറ്റ്, ഫൈൻ കൊണ്ടുവന്നാൽ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിക്കും. ജീവനക്കാർ കഞ്ചാവ്,മദ്യം ഉപയോഗിച്ചതായി തെളിഞ്ഞാൽ സസ്‌പെൻഷൻ അല്ല സർവീസിൽ നിന്ന് തന്നെ പിരിച്ചു വിട്ടേക്കണം. മികച്ച മുന്നേറ്റം, പോസിറ്റീവ് ആയ വാർത്തകളാണ് വരുന്നത്. തീർച്ചയായും ഒരു നല്ല നാളെ കെഎസ്ആർടിസിയെ കാത്തിരിക്കുന്നുണ്ട്. കെഎസ്ആർടിസി ലാഭത്തിൽ എന്ന വാർത്ത ഉടൻ തന്നെ കേരളം കേൾക്കും. പ്രിയപ്പെട്ട മന്ത്രിക്കും കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും അഭിനന്ദനങ്ങൾ''.












Click it and Unblock the Notifications