'9000 ത്തിൽ 1000 വോട്ട് തരൂരിന് കിട്ടിയതൊന്നും കാര്യമല്ല, പഴയതൊക്കെ ഇപ്പോൾ പറയുന്നതിൽ പ്രസക്തിയില്ല'
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ആയിരം വോട്ട് നേടിയത് വലിയ കാര്യമായി മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. 9000 പേർ വോട്ട് ചെയ്ത് തിരഞ്ഞെടുപ്പിലാണ് 1000 വോട്ട് തരൂരിന് ലഭിച്ചത്. ആയിരമാണോ എട്ടായിരമാണോ വലുതെന്ന് ചിന്തിക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം പി.

കൊടിക്കുന്നിന്റെ വാക്കുകളിലേക്ക് -'9,000 പേർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ 1,000 വോട്ട് ഒരു സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത് വളരെ സ്വാഭാവികമാണ്. അത് വലിയ നേട്ടമായി ഉയർത്തിക്കാട്ടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ലഭിച്ചത് പ്രതീക്ഷിച്ച വോട്ടുകൾ തന്നെയാണ്. എട്ടാനയിരത്തോളം വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിന് അടുത്ത് തന്നെ കിട്ടി. അസാധുവായ 416 വോട്ടുകളിൽ 400 വോട്ടുകളും ലഭിച്ചത് മല്ലികാർജ്ജുൻ ഖാർഗെയ്ക്കുള്ളതായിരുന്നു. അത് ലഭിച്ചിരുന്നുവെങ്കിൽ 8000 വോട്ട് കിട്ടുമായിരുന്നു.

തരൂരിന് ലഭിച്ച വോട്ടുകളിൽ കൂടുതലും കേരളത്തിൽ നിന്നാണോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടുകളും മിക്സ് ചെയ്താണ് എണ്ണിയത്. അതുകൊണ്ട് തന്നെ സംസ്ഥാനം തിരിച്ച് വോട്ടുകളുടെ എണ്ണം കണക്കാക്കാൻ സാധിക്കില്ല. പക്ഷേ പോളിംഗ് ഏജന്റ് എന്ന നിലയിൽ ഒരു സംസ്ഥാനത്ത് നിന്നും തരൂരിന് ഏകപക്ഷീയമായൊരു മുന്നേറ്റം നേടാൻ സാധിച്ചിട്ടില്ലെന്ന് തനിക്ക് പറയാൻ സാധിക്കുമെന്ന് കൊടിക്കുന്നിൽ പറഞ്ഞു.

അതേസമയം മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പല സംസ്ഥാനത്ത് നിന്നും 99 ശതമാനം വോട്ടും ലഭിച്ചതായി വോട്ടെടുപ്പിൽ കാണാൻ സാധിച്ചിട്ടുണ്ട്. തരൂരിന് ഒറ്റപ്പെട്ട വോട്ടുകൾ വന്നാണ് 1000ത്തിലധികം ലഭിച്ചിട്ടുണ്ട്, കൊടുക്കുന്നിൽ പറഞ്ഞു. ജിതേന്ദ്ര പ്രസാദയ്ക്ക് മൂന്നക്കം തികച്ചാൻ സാധിച്ചിരുന്നില്ലല്ലോയെന്ന ചോദ്യത്തിന് അതിനെ കുറിച്ച് പറയുന്നതിന് ഇപ്പോൾ പ്രസക്തിയില്ലെന്നായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം.

ശശി തരൂർ ഉയർത്തിയ കാര്യങ്ങൾ എന്ന് പ്രത്യേകിച്ചൊരു കാര്യവുമില്ല. പാർട്ടി നേരിടുന്ന വെല്ലുവിളികൾ, വരുത്തേണ്ട മാറ്റങ്ങൾ എന്നിവ എന്താണെന്ന് പാർട്ടി നേതൃത്വത്തിന് വളരെ നന്നായി അറിയാം. അതിന് വേണ്ടിയാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. ഖാർഗെ അധ്യക്ഷനായി എത്തിയതോടെ പല മാറ്റങ്ങളും പാർട്ടിയിൽ വരും. വർക്കിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കണം,പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ മാറ്റങ്ങൾ വരുത്തണം, പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഇന്നത്തെ കാലത്ത് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ ഉണ്ടാക്കണമെന്നതെല്ലാം പാർട്ടി വർക്കിംഗ് കമ്മിറ്റിയിലാണ് തീരുമാനിക്കുക. ഉചിതമായ നടപടികൾ ഉടൻ പാർട്ടിയിൽ നടപ്പാക്കുമെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ 7897 വോട്ടുകളാണ് ഖാർഗെയ്ക്ക് ലഭിച്ചത്. 1072 വോട്ടുകളാണ് തരൂരിന് നേടാൻ സാധിച്ചത്. അതിനിടെ തെരഞ്ഞെടുപ്പ് മത്സരത്തില്‍ തരൂര്‍ മാന്യത പുലര്‍ത്തിയെന്നും അദ്ദേഹത്തോട് ശത്രുത ഇല്ലെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. തരൂരിനെ ഉൾക്കൊണ്ട് കൊണ്ട് തന്നെ കോൺഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹത്തിന് പാർട്ടിയിൽ അർഹമായ സ്ഥാനം നൽകുമെന്നും സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications