സ്വർണം അഡ്വാൻസ് ബുക്കിങ് ഇനിയില്ല?: ജ്വല്ലറികള്‍ നയം മാറ്റുന്നു; പഴയത് പോലെയല്ല, പോക്കറ്റ് കീറും
ഭാവിയില്‍ സ്വർണത്തിനുണ്ടാകുന്ന വിലക്കയറ്റത്തില്‍ നിന്നും രക്ഷനേടാന്‍ സാധാരണക്കാർക്ക് സഹായകരമാകുന്ന സംവിധാനമാണ് മുന്‍കൂട്ടിയുള്ള ബുക്കിങ്. ഒരു നിശ്ചിത തുക നല്‍കി ആവശ്യമായ സ്വർണ്ണം ബുക്ക് ചെയ്താല്‍ നമുക്ക് വേണ്ട ദിവസം ബുക്കിങ് സമയത്തെ നിരക്കില്‍ തന്നെ സ്വർണ്ണം ലഭിക്കുന്ന രീതിയിലാണ് ഇത്. വിലകൂറയുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ തന്നെ ലഭിക്കുകയും ചെയ്യും. കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ രാജ്യത്തെ ഒട്ടുമിക്ക ജ്വല്ലറികളും ഈ സേവനം നല്‍കി വരുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഈ സംവിധനത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ജ്വല്ലറി ഗ്രൂപ്പുകള്‍ നിർബദ്ധിതരായിരിക്കുകയാണ്.
സ്വർണവിലയിലെ അസാധാരണമായ വർധനവും അസ്ഥിരതയും കാരണം ബുക്കിംഗ് സമയത്ത് തന്നെ മുഴുവന്‍ തുകയും ആളുകളോട് ആവശ്യപ്പെടാൻ തുടങ്ങിയിരിക്കുകയാണ് രാജ്യത്തെ പല ജ്വല്ലറി ഉടമകളും. ഇതോടെ 15-20% മുൻകൂർ തുക മാത്രം നൽകി ആഭരണങ്ങൾ സുരക്ഷിതമാക്കുന്ന പരമ്പരാഗത ടോക്കൺ സംവിധാനം ഇതോടെ ഇനി ചരിത്രമായേക്കും. ഇത്തരം ഒരു മാറ്റം ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ നഷ്ടമാണെങ്കിലും തങ്ങളെ സംബന്ധിച്ച് അനിവാര്യമായ മാറ്റം ആണെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

സമീപകാലത്ത് രാജ്യത്ത് സ്വർണ്ണവിലയില്‍ ഞെട്ടിക്കുന്ന രീതിയിലുള്ള വർധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ശരാശരി 83500-84000 രൂപ എന്ന നിരക്കിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു പവന്‍ സ്വർണ്ണം വിറ്റത്. ആഭരണമായി വാങ്ങിക്കുകയാണെങ്കില്‍ 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ ആഭരണം വാങ്ങാനുള്ള ചെലവ് 95000 കടക്കും. രാജ്യാന്തരവിപണിയിലെ സ്വർണവിലക്കയറ്റിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വില കുത്തനെ ഉയരുന്നത്.
'വർഷങ്ങളായി ടോക്കൺ അടിസ്ഥാനത്തിലുള്ള ബുക്കിംഗ് സുഗമമായി നടന്നുവരികയായിരുന്നു. അതിനുള്ള പ്രധാന കാരണം സ്വർണത്തിന്റെ വില പ്രവചനാത്മകമായ പരിധികളിൽ ഒതുങ്ങിയിരുന്നു. എന്നാൽ, 1 ലക്ഷം രൂപയുടെ അതിർത്തി കടന്നതോടെ സ്ഥിതി മാറി. ഇപ്പോൾ ബുക്കിംഗും ഡെലിവറിയും തമ്മിലുള്ള കാലയളവിൽ വില 10%ലധികം ചാഞ്ചാടുന്നത് വ്യാപാരികളുടെ ബാലൻസ് ഷീറ്റുകളെ ബാധിക്കുന്നു.' അഹമ്മദാബാദിലെ ഒരു ജ്വല്ലറി വ്യാപാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
"ഈ സംവിധാനം പൂർണ്ണമായി പരിഷ്കരിക്കേണ്ടി വരുന്നു. വ്യാപാരികൾ റീട്ടെയിൽ ഉപഭോക്താക്കള്‍ക്കം സ്വർണം വിൽക്കാനായി ബുള്ളിയൻ ട്രേഡർമാരിൽ നിന്നാണ് സ്റ്റോക്ക് വാങ്ങുന്നത്. ഇപ്പോൾ ബുള്ളിയൻ ട്രേഡർമാർ തന്നെ വ്യാപാരികളോട് മുഴുവന്‍ തുകയും സ്പോട്ട് പേയ്മെന്റ് ആവശ്യപ്പെടുന്നു. അതിനാൽ, ഉപഭോക്താക്കളിൽ നിന്നും സ്വർണത്തിന്റെ മുഴുവന്‍ തുകയും മുൻകൂറായി ശേഖരിക്കേണ്ടി വരുന്നു. മേക്കിംഗ് ചാർജുകൾ പിന്നീട് നൽകിയാൽ മതി." ജ്വല്ലേഴ്സ് അസോസിയേഷൻ അഹമ്മദാബാദ് (ജെഎഎ) ട്രഷറർ ജിഗർ പട്ടേൽ പറഞ്ഞു
"മുഴുവന്‍ തുകയും പേയ്മെന്റ് ആയി ലഭിച്ചാൽ മാത്രമേ ബുക്കിംഗ് സ്വീകരിക്കൂ. ഇത് പെട്ടെന്നുള്ള വിലവർധനകളിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കുന്നു. അല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ വൻ നഷ്ടം സംഭവിക്കാം." പ്രമുഖ ജ്വല്ലറി ഉടമ കൽപനിക് ചോക്സിയും വ്യക്തമാക്കുന്നു. "ലാബ്-ഗ്രോൺ ഡയമണ്ടുകളോ 9-കാരറ്റ് ആഭരണങ്ങളോ ആണെങ്കിലും, സ്വർണത്തിന്റെ പൂർണ്ണമായ തുക നൽകണം. ഭാവിയില്‍ എന്ത് സംഭവിക്കും എന്ന് അറിയില്ല. അതുകൊണ്ട് തന്നെ ബുക്കിങ് സംവിധാനം ഇനി പ്രാവർത്തികമാകില്ല." മറ്റൊരു ജ്വല്ലറി ഉടമയും വ്യക്തമാക്കുന്നു.
അതേസമയം, സ്വർണ്ണവിലയില്‍ ഇനിയും വളർച്ചയുണ്ടാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. . "ഭൌമരാഷ്ട്രീയ അസ്ഥിരതകള്‍, യുഎസ് ഫെഡറൽ റിസർവിന്റെ നിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾ, താരിഫ്-സംബന്ധിച്ച അസ്ഥിരതകൾ എന്നിവ നിക്ഷേപകരെ സ്വർണം, വെള്ളി പോലുള്ള സുരക്ഷിത ആസ്തികളിലേക്ക് കൂടുതലായി നയിക്കുന്നു. എന്നാൽ വിലകൾ ഉയരുമ്പോഴും ഉപഭോക്തൃ ഡിമാൻഡ് കുറവാണ്, ആവശ്യകത അടിസ്ഥാനമാക്കിയ വാങ്ങലുകളിൽ മാത്രം ഒതുങ്ങുന്നു," ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ (ഐബിജെഎ) ഡയറക്ടർ ഹരേഷ് അച്ചാര്യ വിശദീകരിക്കുന്നു.












Click it and Unblock the Notifications