സ്വര്‍ണം ഇറക്കുമതി നികുതി 3% ആക്കുമോ? പ്രതീക്ഷിച്ച് വ്യാപാരികള്‍, ഇറക്കുമതി കുറയ്ക്കാനുള്ള വഴിയും
കൊച്ചി: കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയോടെ സ്വര്‍ണ വ്യാപാരികള്‍. ഇറക്കുമതി നികുതി കുറയ്ക്കണം എന്ന ആവശ്യമാണ് അവര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഒപ്പം സ്വര്‍ണ ഇറക്കുമതി കുറയ്ക്കാനുള്ള ചില വഴികളും രൂപ കരുത്ത് വര്‍ധിപ്പിക്കാനുള്ള തന്ത്രവും അവര്‍ പങ്കുവച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്‍ ശനിയാഴ്ചയാണ് ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കേന്ദ്രം കുറച്ചിരുന്നു. 15ല്‍ നിന്ന് ആറ് ശതമാനമാക്കിയാണ് കുറച്ചത്. ഉയര്‍ന്ന നികുതി കാരണം വെട്ടിപ്പ് വ്യാപിക്കുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. നികുതി കുറച്ചതോടെ അനധികൃതമായി സ്വര്‍ണം കൊണ്ടുവരുന്നത് കുറഞ്ഞു. അതേസമയം, സ്വര്‍ണം ഇറക്കുമതി കൂടുകയും ചെയ്തു.

സ്വര്‍ണത്തിന്റെ ഇറക്കുമതി കൂടിയത് കാരണം രാജ്യത്തിന്റെ വിദേശ വ്യാപാര കമ്മി കൂടിയെന്നാണ് നിരീക്ഷണം. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഇറക്കുമതി നികുതി വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്ന് വിലയിരുത്തുന്ന വിപണി നിരീക്ഷകരുണ്ട്. എന്നാല്‍ ജ്വല്ലറി വ്യാപാരികളുടെ ആവശ്യം മറിച്ചാണ്. ഇറക്കുമതി നികുതി ഇനിയും കുറച്ച് മൂന്ന് ശതമാനമാക്കണം എന്നാണ് അവര്‍ മുന്നോട്ട് വെക്കുന്നത്.
നികുതി കുറയ്ക്കുന്നത് വഴി നികുതി വെട്ടിപ്പ് തടയാമെന്ന് വ്യാപാരികള്‍ പറയുന്നു. മാത്രമല്ല, നികുതി വരുമാനം കൂടാനും ഇത് സഹായിക്കും. അതേസമയം, ഇറക്കുമതി കുറയ്ക്കാനുള്ള ഉപായവും ജ്വല്ലറി വ്യാപാരികള്‍ മുന്നോട്ട് വച്ചു. ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി ജനപ്രിയമാക്കണം എന്നാണ് ആവശ്യം. ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ ജനങ്ങളുടെ കൈവശം 25000 ടണ്ണില്‍ അധികം സ്വര്‍ണമുണ്ടെന്നാണ് കരുതുന്നത്. ഇവ പുനരുപയോഗത്തിന് വേണ്ടി പൊതുവിപണിയില്‍ എത്തിക്കാന്‍ പര്യാപ്തമായ നടപടികള്‍ വേണമെന്ന് ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെടുന്നു. മോണിറ്റൈസേഷന്‍ പരിധി കൂട്ടിയും പലിശ ആകര്‍ഷണീയമാക്കിയും പദ്ധതി ജനപ്രിയമാക്കാമെന്നും വ്യാപാരികള്‍ പറയുന്നു.
ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി ജനപ്രിയമാക്കി ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം വിപണിയില്‍ പുനരുപയോഗത്തിന് എത്തിക്കാന്‍ സാധിച്ചാല്‍ ഇറക്കുമതി കുറയ്ക്കാമെന്നാണ് വ്യാപാരികളുടെ നിലപാട്. ഇതുവഴി വ്യാപാര കമ്മി കുറയ്ക്കാന്‍ സാധിക്കും. സാമ്പത്തിക രംഗം ശക്തിപ്പെടുകയും ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണം വാങ്ങുമ്പോളുള്ള പാന്‍കാര്‍ഡ് പരിധി അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തണം. ബുള്ളിയന്‍ ബാങ്ക് സ്ഥാപിക്കണം, സ്വര്‍ണം വാങ്ങാന്‍ ബാങ്കുകളില്‍ ഇഎംഐ സംവിധാനം കൊണ്ടുവരണം. എംഎസ്എംഇ യൂണിറ്റുകള്‍ക്കുള്ള ആനുകൂല്യം വര്‍ധിപ്പിക്കണം. ജ്വല്ലറി പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ പാക്കേജ് അനുവദിക്കണം, സ്വര്‍ണത്തിന്റെ ജിഎസ്ടി 1.25 ശതമാനമാക്കി കുറയ്ക്കണം. സ്വര്‍ണ വ്യാപാര മേഖലയ്ക്ക് മാത്രമായി പ്രത്യേക മന്ത്രാലയം വേണമെന്ന് ആവശ്യപ്പെടുന്ന വ്യാപാരികള്‍ ഇറക്കുമതി നികുതി കൂട്ടുന്നതിലുള്ള ആശങ്കയും പങ്കുവച്ചു.












Click it and Unblock the Notifications