സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം; ലാഭമുണ്ടാക്കാന്‍ ഇങ്ങനെ ഒരു വഴിയുണ്ട്, ഇല്ലെങ്കില്‍ വലിയ നഷ്ടം
കൊച്ചി: അടിക്കടി വില മാറി കൊണ്ടിരിക്കുകയാണ് സ്വര്‍ണത്തിന്. ഏറിയും കുറഞ്ഞും മാറ്റം വരുന്നുണ്ടെങ്കിലും വിലയില്‍ ക്രമേണയുള്ള വര്‍ധനവ് പ്രകടമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 26 ശതമാനം വില കൂടി. ഈ വര്‍ഷം ഇതുവരെ 25 ശതമാനത്തിലധികമാണ് വില മുന്നേറ്റം. അതായത്, ഓരോ വര്‍ഷവും വിലയില്‍ ക്രമേണയുള്ള വര്‍ധനവുണ്ടാകുന്നു. സ്വര്‍ണത്തെ പാടേ മാറ്റി നിര്‍ത്തിയുള്ള കടുത്ത തീരുമാനം മലയാളി എടുക്കില്ല.
പക്ഷേ, സ്വര്‍ണം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും അല്‍പ്പം ബുദ്ധിപരമായി നീങ്ങിയാല്‍ ഇതുവഴി ലാഭമുണ്ടാക്കാം. എങ്ങനെയാണ് സ്വര്‍ണവിപണി പ്രവര്‍ത്തിക്കുന്നത്, വില നിശ്ചയിക്കുന്നത് എങ്ങനെ, ഓരോ ദിവസവും സംഭവിക്കുന്ന മാറ്റമെന്താണ്, എന്തൊക്കെ കാര്യങ്ങളാണ് ഈ വില മാറ്റത്തെ സ്വാധീനിക്കുന്നത്. വില്‍ക്കുമ്പോഴും വാങ്ങുമ്പോഴുമുള്ള വില... തുടങ്ങിയ ഏതാനും കാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി നേട്ടം കൊയ്യാന്‍.

സ്വര്‍ണം വിവിധ പരിശുദ്ധിയിലാണുള്ളത്. 24, 22, 18 എന്നിവയാണ് കേരളത്തില്‍ പ്രചാരം. ഇതിന് പുറമെ 21, 14 കാരറ്റുകളിലെ സ്വര്‍ണവും ലഭ്യമാണ്. ഓരോ കാരറ്റും ആ സ്വര്‍ണത്തിന്റെ പരിശുദ്ധിയെ കാണിക്കുന്നു. 24 കാരറ്റ് സ്വര്‍ണം എന്നത് പൂര്‍ണമായും സ്വര്‍ണമാണ്. 22 കാരറ്റില്‍ അല്‍പ്പം മാത്രം ചെമ്പ് അല്ലെങ്കില്‍ മറ്റു ലോഹം ചേരും. 18 കാരറ്റില്‍ 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും. 14 കാരറ്റില്‍ 52 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ് അല്ലെങ്കില്‍ വെള്ളിയുമായിരിക്കും.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 71920 രൂപയാണ് വില. ഗ്രാമിന് 8990 രൂപയാണ്. ഇതിനേക്കാള്‍ 700 രൂപ വരെ ഏകദേശം കൂടുതലായിരിക്കും 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7375 രൂപയാണ് നല്‍കേണ്ടത്. 24 കാരറ്റ് പൂര്‍ണമായും സ്വര്‍ണം ആയതിനാല്‍ അവ ഉപയോഗിച്ച് ആഭരണം നിര്‍മിക്കില്ല. കാരണം കരുത്ത് കുറയും. മറ്റു ലോഹങ്ങള്‍ ചേര്‍ത്ത് കരുത്ത് കൂട്ടിയാണ് ആഭരണങ്ങള്‍ നിര്‍മിക്കുക.
ഈ സ്വര്‍ണം വാങ്ങിയാല്‍ ലാഭം
24 കാരറ്റ് ഒഴികെയുള്ള കാരറ്റുകളിലാണ് ആഭരണങ്ങള്‍ ഉള്ളത്. 24 കാരറ്റില്‍ കോയിനും ബാറുകളുമാണ് ഉണ്ടാകുക. ഭാവിയില്‍ ലാഭം കിട്ടണം, ആവശ്യം വന്നാല്‍ വിറ്റ് പണമാക്കണം തുടങ്ങിയ ഉദ്ദേശത്തോടെയാണ് സ്വര്‍ണം വാങ്ങുന്നതെങ്കില്‍ നല്ലത് 24 കാരറ്റാണ്. പ്രമുഖ ജ്വല്ലറികളിലെല്ലാം ഇവ കിട്ടും. നികുതിക്ക് പുറമെ നേരിയ പണിക്കൂലി മാത്രമാണ് ഇതിന് ഈടാക്കുക. മാത്രമല്ല, വില്‍ക്കുന്ന വേളയില്‍ വലിയ നഷ്ടം സംഭവിക്കുകയുമില്ല.
ഓരോ ദിവസവും സ്വര്‍ണത്തിന് വില മാറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 24 കാരറ്റിലെ സ്വര്‍ണത്തിന് ഓരോ നിമിഷവും വില മാറ്റമുണ്ടാകാം. അതുകൊണ്ടുതന്നെ ജ്വല്ലറികള്‍ ബോര്‍ഡില്‍ വില പ്രദര്‍ശിപ്പിക്കാറില്ല. വാങ്ങുന്ന സമയത്ത് വില പരിശോധിച്ച് പറയുകയാണ് ജ്വല്ലറിയിലുള്ളവര്‍ ചെയ്യുക. കാരണം അന്താരാഷ്ട്ര വ്യാപാരം നടക്കുന്നത് ഈ കാരറ്റിലാണ്. വില്‍ക്കുന്ന വേളയിലും ആ നിമിഷത്തെ വില എത്രയാണോ അതു പ്രതീക്ഷിക്കുകയും ചെയ്യാം.
സ്വര്‍ണത്തില്‍ നഷ്ടം വരുന്നത് ഇവിടെ
അതേസമയം, 22 കാരറ്റില്‍ കോയിനും ആഭരണവും കിട്ടും. മറ്റു കാരറ്റുകളില്‍ ആഭരണങ്ങള്‍ മാത്രമാണ് കിട്ടുക. ആഭരണം വാങ്ങുമ്പോള്‍ ജ്വല്ലറിക്കാര്‍ പണിക്കൂലി വാങ്ങും. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമാണ് പണിക്കൂലി. ഇത് 20 ശതമാനം വരെ ഉയരുകയും ചെയ്യും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി നിശ്ചയിക്കുക. ഉപഭോക്താവിന് ഇക്കാര്യത്തില്‍ വിലപേശല്‍ നടത്തി പണിക്കൂലി കുറയ്ക്കാനും സാധിക്കും.
പണിക്കൂലിയായി നല്‍കിയ തുക ആഭരണങ്ങള്‍ വില്‍ക്കുന്ന വേളയില്‍ നഷ്ടമാകും. ഒപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജിനുള്ള തുകയും തിരിച്ചുകിട്ടില്ല. ജിഎസ്ടിയുടെ കാര്യവും അങ്ങനെതന്നെ. ഏത് വസ്തു വാങ്ങുമ്പോഴും നികുതി നല്‍കണം എന്നത് നിയമ ബാധ്യതയാണ്. 22 കാരറ്റില്‍ ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിനുള്ള വിലയ്ക്ക് പുറമെ ഏകദേശം 6000 രൂപ അധികമായി നല്‍കേണ്ടി വരും. വില്‍ക്കുന്ന വേളയില്‍ ഇത്രയും തുക കിട്ടുകയുമില്ല.
മാത്രമല്ല, തിരിച്ചുവില്‍ക്കുമ്പോള്‍ 24 കാരറ്റ് ഒഴിച്ച് മറ്റു കാരറ്റിലെ സ്വര്‍ണത്തിന് വിപണി വില ജ്വല്ലറിക്കാര്‍ തരില്ല. രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള തുകയാണ് തരിക. അപ്പോള്‍ വീണ്ടും നഷ്ടം സംഭവിക്കും. അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം. ഭാവിയില്‍ ലാഭമുണ്ടാക്കലാണ് ലക്ഷ്യമെങ്കില്‍ 24 കാരറ്റ് സ്വര്‍ണമാണ് നല്ലത്. മറ്റു കാരറ്റിലെ സ്വര്‍ണത്തിന് വില്‍ക്കുമ്പോള്‍ വലിയ നഷ്ടം സഹിക്കേണ്ടി വരും.












Click it and Unblock the Notifications