Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില്ലറയൊന്നുമല്ല, നിലമ്പൂരിലുള്ളത് 2000 കിലോ സ്വർണ്ണം: വയനാട്ടിലും പാലക്കാടും വേറെ: ഖനനം എപ്പോള്‍

സ്വർണവില കുത്തനെ ഉയരുന്ന ഈ കാലഘട്ടത്തില്‍ രാജ്യത്ത് നിന്ന് തന്നെയുള്ള സ്വർണ്ണ ഉത്പാദനം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. നിലവില്‍ ഇന്ത്യയിലെ പ്രവർത്തന ക്ഷമമായ ഏക സ്വർണ ഖനി കർണാടകയിലെ ഹട്ടിയിലാണെങ്കിലും കൂടുതല്‍ സ്ഥലങ്ങളില്‍ വലിയ തോതില്‍ പര്യവേക്ഷണം നടന്നുകൊണ്ടിരിക്കുന്നു.

ആന്ധ്രയിലും കർണാടകയിലും ഓഡീഷയിലുമെല്ലാം സ്വർണ്ണ നിക്ഷേപം ഉള്ളതായി പര്യവേക്ഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. യഥാർത്ഥത്തില്‍ ഇവിടങ്ങളില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും അത്യാവശ്യം സ്വർണ്ണ നിക്ഷേപം ഉണ്ടെന്നാണ് യാഥാർത്ഥ്യം. വയനാടിനും നിലമ്പൂരിനും പുറമെ 2006 ല്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടി താഴ്വരയിലും സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെന്നാണ് കേരള സർക്കാറിന്റെ ഖനന ഭൂവിജ്ഞാന വകുപ്പ് തന്നെ വ്യക്തമാക്കുന്നത്.

gold-mine

കൃത്യമായി പറഞ്ഞാല്‍ കേരള സർക്കാറിന്റെ രേഖകള്‍ പ്രകാരം വയനാട് ജില്ലയിലെ മേപ്പാടി, ചുണ്ടേൽ, വൈത്തിരി, തരിയോട് പ്രദേശങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ താഴ്‌വരയിൽ മരുത, മണ്ണുചിനി, കാപ്പിൽ, കടന്നവണ്ണ പ്രദേശങ്ങളിലും ചാലിയാർ, പുന്നപ്പുഴ നദീതടങ്ങളിലും പാലക്കാട് ജില്ലയിൽ അട്ടപ്പാടി പ്രദേശത്തും സ്വർണ നിക്ഷേപമുണ്ട്.

വയനാട്ടിലെ സ്വർണ നിക്ഷേപ സാധ്യതകള്‍ യഥാർത്ഥത്തില്‍ ആദ്യം മനസ്സിലാക്കുന്നത് പണിയർ ഉൾപ്പെടുന്ന ഗോത്രവിഭാഗക്കാരാണെങ്കിലും ഈ വിവരം ബ്രീട്ടിഷുകാരുടെ അറിവിലേക്ക് എത്തിയതാണ് വഴിത്തിരിവായത്. ചാലിയാറിലൂടെ ഒഴുകിയെത്തുന്ന സ്വർണത്തിന്റെ യഥാർത്ഥ ഉറവിടം വയനാടന്‍ മലനിരകളായിരുന്നു. ആദിവാസികള്‍ തങ്ങളുടേതായ രീതികളിൽ സ്വർണ്ണം പുഴയിൽ നിന്ന് അരിച്ചെടുത്തിരുന്ന സ്ഥാനത്തേക്ക് 1877 ൽ പുതിയ കമ്പനി തന്നെ രൂപീകരിച്ച് ബ്രിട്ടീഷുകാർ ഖനനം ആരംഭിച്ചു.

വിതേഴ്സ് എന്ന ഓസ്ട്രേയിയക്കാരന്‍റെ ആൽഫ ഗോൾഡ് മൈൻ കമ്പനി വയനാടന്‍ കുന്നുകളിലും നാടുകാണി ചുരത്തിനപ്പുറം നിലമ്പൂരിലും മഞ്ഞ ലോഹം തേടി വ്യാപക തിരച്ചില്‍ ആരംഭിച്ചു. വൈത്തിരി മുതൽ ചേരമ്പാടി വരെയുള്ള പ്രദേശങ്ങളിൽ ഖനനം നടന്നിരുന്നുവെന്നാണ് രേഖകളിലുള്ളത്. നിലമ്പൂരിലെ ചാലിയാർ നദിയെ സ്വർണവാഹിനി എന്നാണു വിളിച്ചിരുന്നതെന്ന് മലബാർ മാന്വലില്‍ വില്യം ലോഗന്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

വയനാട്ടിലെ സ്വർണ ശേഖരത്തിന്റെ വിവരം അറിഞ്ഞതോടെ ആല്‍ഫ് ഗോള്‍ഡ് മൈന്‍ കമ്പനിക്ക് പുറമെ കൂടുതല്‍ കമ്പനികള്‍ ഇവിടേക്ക് എത്തി. മേപ്പാടി, പന്തലൂർ, വൈത്തിരി, തരിയോട് തുടങ്ങിയി ഭാഗങ്ങളിലാണ് 35 ലേറെ കമ്പനികള്‍ ഖനനം നടത്തിയെന്നാണ് ചരിത്രം. വലിയ മുതല്‍ മുടക്കോടെയാണ് ഖനനം ആരംഭിച്ചതെങ്കിലും പ്രതീക്ഷിച്ച പോലെ സ്വർണം വേർതിരിച്ചെടുക്കാന്‍ ഒരു കമ്പനിക്കും സാധിച്ചിരുന്നില്ല. ഇതോടെ ഓരോരുത്തരായി പതിയെ കമ്പനി പൂട്ടി മലയിറങ്ങുകയായിരുന്നു.

കമ്പനി പൊളിഞ്ഞതോടെ ഗോള്‍ഡ് മൈന്‍സ് ഇന്ത്യ എന്ന കമ്പനിയുടെ ഉടമ സ്മിത്ത് മൂണ്‍ എന്ന മുതലാളിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന കഥയും വയനാട്ടിലെ സ്വർണ്ണ മോഹങ്ങള്‍ക്ക് പറയാനുണ്ട്. സ്മിത്തിന്റെ മരണശേഷം ഭാര്യ ലിസി സ്മിത്ത് ഖനന പ്രദേശം മദ്രാസ് സർക്കാരിനു കൈമാറി. ഇന്ന് ഈ പ്രദേശം ലേഡി സ്മിത്ത് എന്ന് അറിയപ്പെടുന്ന വനമാണ്. സുഗന്ധഗിരിയിൽ ബ്രിട്ടീഷുകാർ സ്വർണം അരിച്ചെടുക്കുന്നതിനായി ഉപയോഗിച്ച കൂറ്റൻ ഉരുക്കു കട്ടകളുടെ ശേഷിപ്പുകളും ഇപ്പോള്‍ കാണാന്‍ സാധിക്കും.

സ്വാതന്ത്ര്യത്തിനു ശേഷം നടന്ന പഠനങ്ങളിലു തരിയോട് വലിയ സ്വർണ നിക്ഷേപമുള്ളതായി കേന്ദ്ര ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. ഖനന സാധ്യതകള്‍ തുടരാനായി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽ നിന്നും അനുമതിയും ലഭിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നടത്തിയ പഠനത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ലാഭകരമായി തന്നെ വയനാട്ടില്‍ നിന്നും സ്വർണം ഖനനം ചെയ്യാമെന്നും കണ്ടെത്തി. എന്നാല്‍ ഖനനം പരിസ്ഥിതിക്കു വലിയ ക്ഷതം ഉണ്ടാക്കുമെന്നതിനാലാണ് സർക്കാർ അതിനു തയാറയില്ല. പിന്നീട് ബാണാസുര സാഗർ ഡാം വന്നപ്പോള്‍ തരിയോട് എന്ന വയനാട്ടിലെ ഒരു കാലത്തെ ഏറ്റവും വലിയ 'പട്ടണവും' സ്വർണ്ണ നിക്ഷേപവും തന്നെ പൂർണ്ണമായി വെള്ളത്തിന് അടിയിലായി.

1993-94 കാലഘട്ടത്തില്‍ ജിയോളജി വകുപ്പ് നടത്തിയ പഠനത്തിലും നിലമ്പൂരിലെ മരുത ഭാഗത്ത് 250 ഹെക്ടര്‍ വനഭൂമിയില്‍ വലിയ തോതിലുള്ള സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിരുന്നു. തുടര്‍ പഠനങ്ങള്‍ക്കും മറ്റുമായി അന്ന് തന്നെ ഒന്നേമുക്കാല്‍ കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായി അന്ന് വാർത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇല്ലാതായി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ ശേഖരമുള്ള മണ്ണ് മരുതയിലേതാണെന്നാണ് പറയപ്പെടുന്നത്. 1960കളില്‍ തുടങ്ങിയ പൊന്നരിപ്പ് 1990 വരെ തുടര്‍ന്നു. കൂട്ടില്‍പ്പാറ, പരലുണ്ട, ഇരുള്‍കുന്ന്, മണ്ണിച്ചീനി എന്നിവിടങ്ങളിലെ വന പ്രദേശങ്ങളിലുള്ള മേല്‍മണ്ണില്‍ നിന്നും മലകളില്‍ നിന്നും മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന സ്വർണതരികള്‍ ലഭിച്ച് തുടങ്ങിയതോടെയാണ് മരുത വനങ്ങളിലെ മലകളില്‍ മേല്‍മണ്ണില്‍ സ്വര്‍ണ്ണ നിക്ഷേപമുണ്ടെന്ന് മനസ്സിലായി തുടങ്ങിയത്.

മരത്തില്‍ നിര്‍മ്മിച്ച മരവി എന്ന ഉപകരണവും തൂമ്പയുമായി മണ്ണ് കിളച്ചെടുത്ത് മഴവെള്ളച്ചാലുകളില്‍ സ്വര്‍ണ്ണം അരിച്ചെടുക്കുന്ന നൂറ് കണക്കിന് ആളുകള്‍ഒരുകാലത്ത് ഉണ്ടായിരുന്നുവെന്നാണ് നിലമ്പൂരിലെ പഴയ തലമുറ പറയുന്നത്. മലയില്‍ നെടുകെയും കുറുകെയും ആഴമുള്ള ചാലുകള്‍ നിര്‍മ്മിച്ച്. മലയില്‍ നിന്ന് വെള്ളം ചാലുകളിലേക്ക് ഒഴുക്കും. ഇതിന് ശഷം ഇവിടെയുള്ള മണ്ണ് ഈ വെള്ളത്തില്‍ അരിച്ചെടുത്ത് സ്വര്‍ണ്ണം വേര്‍തിരിക്കുക. ഇത്തരത്തില്‍ അരിച്ചെടുക്കുന്ന സ്വര്‍ണ്ണം വാങ്ങാനായി മാത്രം മരുത അങ്ങാടിയില്‍ പത്തോളം കടകളും ഉണ്ടായിരുന്നു.

മരുതപ്പുഴ, പാണ്ടിപ്പുഴ, ചാലിയാര്‍, പുന്നപ്പുഴ തുടങ്ങിയ പുഴകളിലും ആളുകള്‍ സ്വർണം തേടിയിറങ്ങി.
ലഭിക്കുന്ന സ്വര്‍ണ്ണത്തരികള്‍ മെര്‍ക്കുറി ചേര്‍ത്ത് ചെറിയ തുണിക്കഷണത്തില്‍ കെട്ടി വിളക്കിന്റെ നാളത്തില്‍ കത്തിച്ചായിരുന്നു സ്വർണം കട്ടയാക്കി മാറ്റിയിരുന്നത്. ഇങ്ങനെ ലഭിച്ച വരുമാനത്തിലൂടെ വീട് വെച്ചവരും, സ്ഥലം വാങ്ങിയവരും ഗള്‍ഫില്‍ പോയവരുമെല്ലാം അക്കാലത്ത് നിരവധിയായിരുന്നു.

മരുത മലയിലെ പൊന്നരിപ്പിന് വലിയ രീതിയലുള്ള പ്രത്യാഘാതങ്ങളും ഉണ്ടായിരുന്നു. പൊന്നരിപ്പ് മൂലം
മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന മണ്ണ് സമീപത്തെ പാടങ്ങളില്‍ കൃഷി അസാധ്യമാക്കിയതോടെ കർഷകർ സംഘടിച്ച് പ്രതിഷേധിക്കാന്‍ തുടങ്ങി. ഇതോടെ അനധികൃതമായി വനത്തില്‍ നടക്കുന്ന സ്വര്‍ണ്ണഖനനം 1991ല്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇതിന് ശേഷമാണ് 1993-94 വര്‍ഷങ്ങളില്‍ ജിയോളജി വകുപ്പ് നടത്തിയ പഠനത്തില്‍ മരുതയിലുള്ള 250 ഹെക്ടര്‍ വനഭൂമിയില്‍ സ്വര്‍ണ്ണ നിക്ഷേപമുള്ളതായി കണ്ടെത്തുന്നത്.

മരുതയില്‍ മാത്രമല്ല വഴിക്കടവ് പഞ്ചായത്തിന്റെ മറ്റ് പ്രദേശങ്ങള്‍, എടക്കര, മൂത്തേടം, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെ മേല്‍ മണ്ണിലും സ്വര്‍ണ നിക്ഷേപമുള്ളതായി പറയുന്നു. അട്ടപ്പാടി, വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലായി പതിനായിരം കോടി രൂപയിലധികം മൂല്യമുള്ള സ്വര്‍ണ്ണശേഖരമുള്ളതായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പുതിയ കണ്ടെത്തല്‍. എന്നാല്‍ സ്വര്‍ണ്ണം ഖനനം ചെയ്യുന്നത് വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ ഇടയാക്കും എന്നതാണ് പ്രധാന തടസ്സം.

കർണാടകയിലെ കോലാറിൽനിന്ന‌് വ്യത്യസ‌്തമായി വളരെ ആഴത്തിലുള്ള പാറകളിലാകാം ഇവിടെ സ്വർണ സാധ്യതയുള്ളത‌െന്നാണ് 1993 ലെ പര്യവേക്ഷണത്തില്‍ പങ്കാളിയായ ജി എസ‌് ഐ തിരുവനന്തപുരം കേന്ദ്രത്തിലെ മുന്‍ ഡയറക്ടർ മാത്യു ജോസഫ‌് നേരത്തെ വ്യക്തമാക്കിയത്. നിലമ്പൂര്‍ മേഖലയില്‍ 2000 കിലോഗ്രാം സ്വര്‍ണ്ണശേഖരമുള്ളതായും കണക്കാക്കുന്നു.

പാലക്കാട്ടെയും വയനാട്-നിലമ്പൂർ മേഖലകളിലെയും സ്വർണ്ണ നിക്ഷേപങ്ങളിൽ പര്യവേക്ഷണത്തിന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ), മൈനിംഗ് ആൻഡ് ജിയോളജി വകുപ്പുമായി (ഡിഎംജി) സഹകരിച്ച് പുതിയൊരു നീക്കം നടത്തുന്നതായി 2020 ല്‍ വാർത്തയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതേക്കുറിച്ചും യാതൊരു സൂചനകളും ഇല്ലാതായി.

"അട്ടപ്പാടിയിലും വയനാട്ടിലും പര്യവേക്ഷണ പഠനങ്ങൾ നടന്നുവരികയാണ്. ഈ പ്രദേശങ്ങളിലെ സ്വർണ്ണ ശേഖരത്തിന്റെ സാധ്യതകൾ സൂചിപ്പിച്ച ജിഎസ്ഐ വിശദമായ സർവേ നടത്തിവരികയാണ്. ഖനനത്തിന് ലൈസൻസ് നൽകുന്നതിനായി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു," എന്നായിരുന്നു അന്നത്തെ ഡിഎംജി ഡയറക്ടർ കെ ബിജു പറഞ്ഞത്.

2006 ൽ ബെംഗളൂരു ആസ്ഥാനമായുള്ള ഡെക്കാൻ ഗോൾഡ് മൈൻസ് (ഡിജിഎം) അട്ടപ്പാടിയിൽ സ്വർണ്ണ ശേഖരം ഉണ്ടാകാനുള്ള സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് പര്യവേക്ഷണം നടത്തിയിരുന്നു. 2006 ലും 2008 ലും ഡിജിഎം പ്രസിദ്ധീകരിച്ച പര്യവേക്ഷണ റിപ്പോർട്ടിൽ ഈ സ്ഥലത്ത് നടത്തിയ പഠനങ്ങളെക്കുറിച്ച് പരാമർശിക്കുകയും ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+