സ്വര്‍ണം ഇഷ്ടംപോലെയുണ്ട്; പക്ഷേ എടുക്കാനാകില്ല, കേരളത്തിലെ 3 ജില്ലകളിലെ നിധി
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് വിലയില്‍ എത്തിയിരിക്കുകയാണ്. 1.04 ലക്ഷമാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഡോളറിനേക്കാള്‍ പ്രാധാന്യം ലോകാടിസ്ഥാനത്തില്‍ സ്വര്‍ണത്തിന് ലഭിക്കുന്നതിനാല്‍ സ്വര്‍ണവില ഇനിയും കയറുമെന്ന് തന്നെയാണ് കരുതുന്നത്. ആവശ്യക്കാര്‍ ഏറിയതും ലഭ്യത കുറവായതുമാണ് സ്വര്‍ണത്തിന് വില കുതിക്കാന്‍ കാരണം.
നേരത്തെ സീസണില്‍ മാത്രമായിരുന്നു സ്വര്‍ണവില കയറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓരോ ദിവസവും വില കൂടുകയാണ്. പല ദിവസങ്ങളിലും ഒന്നിലധികം തവണ വില ഉയരുന്നു. ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണവില്‍പ്പനയും വില്‍ക്കലും ആരംഭിച്ചതാണ് ഈ മാറ്റത്തിന് കാരണം. സ്വര്‍ണം കൈവശമുള്ളവര്‍ ഇന്ന് സമ്പന്നരാണ്. 100 പവന്‍ ഉണ്ടെങ്കില്‍ കോടിപതിയാകും. ഈ വേളയില്‍ കേരളത്തില്‍ എവിടെയാണ് കൂടുതല്‍ സ്വര്‍ണമുള്ളത് എന്ന ചര്‍ച്ചയും സജീവമായിട്ടുണ്ട്.

കേരളത്തില്‍ പ്രകൃതിദത്തമായ സ്വര്‍ണ നിക്ഷേപം മൂന്ന് ജില്ലകളിലാണുള്ളത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങളില്‍ മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പാറകള്‍ക്കിടയിലും തീരങ്ങളിലെ മണലിലുമാണ് സ്വര്‍ണത്തിന്റെ അംശം. നിലമ്പൂരില്‍ സ്വര്‍ണം അരിച്ചെടുക്കല്‍ സംഭവങ്ങള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെ ഏഴുപേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഇവിടെ സ്വര്‍ണം എടുക്കാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപ സാധ്യതയുള്ള ഇടമാണ് നിലമ്പൂര്‍ മേഖല. ഇവിടെ മരുതയിലാണ് കൂടുതല്‍ സ്വര്‍ണ നിക്ഷേപം. ഏകദേശം 0.55 ദശലക്ഷം ടണ്‍ സ്വര്‍ണ അയിര് ഇവിടെയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ചാലിയാര്‍, പുന്നപ്പുഴ നദികളിലെ മണലില്‍ സ്വര്‍ണത്തരികള്‍ കാണപ്പെടാറുണ്ട്. ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ച സ്വര്‍ണ ഖനനം പാതിവഴിയില്‍ നിലച്ചു. എങ്കിലും പ്രാദേശികമായി ചിലര്‍ സ്വര്‍ണം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്.
പാലക്കാട്, വയനാട് ജില്ലകളില്‍ സ്വര്‍ണം ഇവിടെ?
പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിലും സ്വര്‍ണത്തിന്റെ നിക്ഷേപമുണ്ട് എന്നാണ് കരുതപ്പെടുന്നത്. സിരുവാണി നദിയുടെ തീരങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് പ്രതീക്ഷ. കൂടാതെ കോട്ടത്തറയില്‍ മികച്ച ഗുണനിലവാരമുള്ള സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. പുത്തുമല, നായ്ക്കുപാടി തുടങ്ങിയ സ്ഥലങ്ങളും സ്വര്‍ണ നിക്ഷേപത്തില്‍ ശ്രദ്ധേയമാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് വയനാട്ടിലെ തവിഞ്ഞാല്‍, വൈത്തിരി മേഖലകളില്‍ വ്യാപകമായി സ്വര്‍ണ ഖനനത്തിന് ശ്രമം നടന്നിരുന്നു. മേപ്പാടി, പന്തല്ലൂര്‍ ഭാഗങ്ങളിലും സ്വര്‍ണ സാന്നിധ്യമുണ്ടെന്നാണ് പറയപ്പെടുന്നത്. കൂടാതെ ചാവക്കാട്-പൊന്നാനി കടല്‍തീരത്തെ മണലിലും വളരെ ചെറിയ അളവില്‍ സ്വര്‍ണ സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചിരുന്നു. ചവറ, ആലപ്പുഴ, പുനലൂര്‍ മേഖലകളിലും സ്വര്‍ണത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് കരുതപ്പെടുന്നത്.
നിലവില്‍ കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സ്വര്‍ണ ഖനനം നടക്കുന്നില്ല. പരിസ്ഥിതി പ്രശ്‌നങ്ങളും ഖനനത്തിനുള്ള ഉയര്‍ന്ന ചെലവുമാണ് ഇതിന് പ്രധാന തടസം. നിലമ്പൂര്‍ മേഖലയില്‍ ഖനനത്തിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും അവിടെയുണ്ട്. എന്നാല്‍ ഖനനത്തിലൂടെ സ്വര്‍ണം എടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.












Click it and Unblock the Notifications