സ്വർണ വില ബജറ്റിന് ശേഷം കുറയും; ജിഎസ്ടിക്കൊപ്പം ഇറക്കുമതി നികുതിയും കുറക്കും? വൻ ലോട്ടറി ഉടനെന്ന്
സംസ്ഥാനത്ത് സ്വർണ വില പിടിവിട്ട് പറക്കുകയാണ്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൂടിയത് 3760 രൂപയാണ്. ഗ്രാം വില ആദ്യമായി ഇന്നലെ 15000 കടന്നു. 15,315 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 1,22,520 രൂപയാണ് പവൻവില. ചരിത്രത്തിലാദ്യമായി പവൻ വില 1.20 ലക്ഷം കടന്നതും ഇങ്ങനെ തന്നെ. ഇനിയെങ്കിലും സ്വർണം താഴേക്ക് വരുമോയെന്നതാണ് ആഭരണപ്രേമികൾക്ക് അറിയേണ്ടത്. എന്നാൽ അത്തരമൊരു സാധ്യത ഇല്ലെന്ന് ആവർത്തിക്കുകയാണ് വിദഗ്ധർ. ആഗോള പ്രതിസന്ധികൾ ഉയർന്ന് നിൽക്കുന്ന പശ്ചാത്തലത്തിൽ സ്വർണ വില ഇനിയും കുതിക്കുമെന്ന് ഇവർ പറയുന്നു. അതേസമയം കേന്ദ്രബജറ്റോട് കൂടി ഇന്ത്യയിലെ സ്വർണ വിലയിൽ നേരിയ തോതിലുള്ള ഇടിവിന് സാധ്യതയുണ്ടെന്ന് പറയുകയാണ് ഓൾ കേരള ഗോൾഡ് ആൻ്റ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്ര. സീ ന്യൂസ് മലയാളത്തോട് അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
''സ്വർണ വില വർധനവിന് കേന്ദ്ര ബഡ്ജറ്റുമായി ബന്ധമില്ല. ഭൌമരാഷ്ട്രീയ സംഘർഷങ്ങളാണ് ഇപ്പോഴത്തെ വില വർധനവിന് കാരണം. ഇറക്കുമതി ചെലവ് 15 ആയിരുന്നത് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 6 ആക്കി കുറച്ചിരുന്നു. ഇത്തവണ അത് 3 ശതമാനമാക്കി കുറയ്ക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചത്. മാത്രമല്ല ജി എസ് ടി 3 ശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കി കുറക്കാനുള്ള നീക്കവും കാണുന്നുണ്ട്. അങ്ങനെ വന്നാൽ അല്പം ആശ്വാസം ഇതിനകത്ത് ഉണ്ടാവുമെങ്കിലും വില കുറയാൻ അത് പോര. കാരണം ആഗോള പ്രതിസന്ധികളും യുദ്ധ ഭീതിയുമൊക്കെ പഴയപോലെ തന്നെ നിലനിൽക്കുകയാണ്. അതുകൊണ്ട് വില കൂടാൻ തന്നെയാണ് സാധ്യത.

ജനുവരി- ഫെബ്രുവരി ഒക്കെ ആകുമ്പോൾ സ്വർണ വില ഗ്രാമിന് 14000ത്തിലേക്ക് എത്തുമെന്ന തരത്തിലായിരുന്നു ഡിസംബറിലൊക്കെ പറഞ്ഞിരുന്നത്. എന്നാൽ ഗ്രാമിന് ഇപ്പോൾ വില 15000 കടന്ന് മുന്നോട്ട് പോകുകയാണ്. പല നിഗമനങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത് ഒന്നര രണ്ടു ലക്ഷം രൂപയോളം പവൻ എത്തുമെന്നുള്ള ഒരു ധാരണയിലാണ് ഇപ്പോൾ നിൽക്കുന്നത്. കച്ചവടക്കാരേയും ഉപഭോക്താക്കളേയും സംബന്ധിച്ച്
വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കാര്യങ്ങൾ പോകുന്നത്. കച്ചവടമൊക്കെ കുറയുകയാണ്.
സാധാരണക്കാരന് സ്വർണം എടുക്കാനുള്ള ബുദ്ധിമുട്ടുകൾ വരുന്നു, അങ്ങനെയുള്ള പ്രശ്നങ്ങൾ എല്ലാവരെയും ബാധിക്കും.
വാങ്ങുന്നതിനേക്കാൾ വിൽകുന്നതല്ലേ നല്ലത് എന്ന് ആളുകൾ ചിന്തിക്കും. കാരണം സ്വർണ വില കുത്തനെ മുകളിലേക്കാണ്. സ്വർണവില രണ്ടാഴ്ചയോളമെങ്കിലും സ്റ്റഡിയായി നിന്ന് കഴിഞ്ഞാൽ അത് കച്ചവടത്തിന് പ്രയോജനപ്പെടും. എന്നാൽ വില കൂടുമോയെന്ന് നോക്കിക്കൊണ്ടിരിക്കുന്നവർക്ക് മുൻപിൽ പ്രതീക്ഷ ഇരട്ടിപ്പിച്ച് വില കുതിച്ചുയരുകയാണ്. അതുകൊണ്ട് അത്യാവശ്യക്കാരല്ലാത്തവരെ സംബന്ധിച്ചെടുത്തോളം സ്വർണം വിക്കാൻ മടി കാണിക്കും, മാക്സിമം ആയിട്ട് കൊടുക്കാമെന്ന് ചിന്തിക്കും .
ഈ അടുത്ത ദിവസങ്ങളിലും അടുത്ത മാസങ്ങളിലും നമ്മൾ ഒരു വിലക്കുറവ് പ്രതീക്ഷിക്കേണ്ട കാര്യമില്ല. കാരണം യുദ്ധഭീഷണിയും ട്രംപിൻ്റെ പോളിസികളും ഒന്നിനൊന്ന് വഷളായികൊണ്ടിരിക്കുകയാണ്. അതിനാൽ യാതൊരു പ്രതീക്ഷയും അക്കാര്യത്തിൽ വേണ്ടതില്ല. സ്വർണത്തേക്കാൾ ഇപ്പോൾ വില വർധിക്കുന്നത് വെള്ളിക്കാണ്. ആഭരണങ്ങൾക്കല്ല വെള്ളി പ്രധാനമായും ഉപയോഗിക്കുന്നത്.
വെള്ളിയുടെ 60 ശതമാനത്തോളം ഉപയോഗം പോകുന്നത് വ്യവസായിക ആവശ്യങ്ങൾക്കാണ്. ഇലക്ട്രിക് കാറുകളുടെ ബാറ്ററിക്കൊക്കെ വെളളി ആവശ്യമാണ്. ഒരു ബാറ്ററി ഉണ്ടാക്കാൻ ഒരു കിലോ വെള്ളിയാണ് ആവശ്യം വരുന്നത് . ഫോണിൽ സോളാറിൽ ഇങ്ങനെ എല്ലാം വെള്ളി ആവശ്യമാണ്.
അതുകൊണ്ട് തന്നെ വെള്ളി വിലയും ഇനിയും കൂടാൻ തന്നെയാണ് സാധ്യത.












Click it and Unblock the Notifications