സ്വര്‍ണവില വര്‍ധിച്ചു; ഒരാഴ്ച്ചയ്ക്ക് ശേഷം... വില കുറയുമെന്ന് നിരീക്ഷണം, അഡ്വാന്‍സ് ബുക്കിങ് ഉയര്‍ന്നു
കൊച്ചി: ഏഴ് ദിവസത്തിന് ശേഷം കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായി കുറഞ്ഞുവരുന്നത് വിപണിക്ക് ആശ്വാസമായിരിക്കെയാണ് ഇന്നത്തെ വര്‍ധനവ്. അതേസമയം, ഈ വര്‍ധനവില്‍ ആശങ്ക വേണ്ട എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. നേരിയ തോതില്‍ ഇനിയും കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഒരു പവന് 120 രൂപയാണ് ഉയര്‍ന്നത്.
വെള്ളിയാഴ്ച സ്വര്‍ണത്തിന് വലിയ കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ഒരു പവന് 43280 രൂപ എന്ന സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ച വില കൂടുകയാണ് ചെയ്തത്. ഇന്ന് ഒരു പവന് 43400 രൂപയും ഗ്രാമിന് 5425 രൂപയുമാണ് കേരളത്തില്‍ ഈടാക്കുന്നത്.

അതേസമയം, വെള്ളിയാഴ്ച വില വലിയ അളവില്‍ കുറഞ്ഞതോടെ കേരളത്തിലെ ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് കൂടി. ആറ് മാസം കാലയളവിലേക്കാണ് അഡ്വാന്‍സ് ബുക്കിങ്. ബുക്ക് ചെയ്യുന്ന വിലയോ, വാങ്ങുന്ന സമയത്തെ വിലയോ ഏതാണ് കുറവ് ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നതാണ് അഡ്വാന്‍സ് ബുക്കിങിന്റെ നേട്ടം.
സ്വര്‍ണവില ഇനിയും കുറയാനാണ് സാധ്യത എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഹൃസ്വകാലത്തേക്കാണ് ഈ കുറവ് അനുഭവപ്പെടുക എന്നും വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വില കുറയുന്ന സമയത്ത് തന്നെ സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. കൂടുതല്‍ കുറയാന്‍ കാത്തിരിക്കുന്നത് ബുദ്ധിയാകില്ല.
പ്രധാന കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണവിലയില്‍ ഇടിവ് വരാന്‍ ഇടയാക്കുമത്രെ. ബാങ്ക് ഓഫ് ഇംഗ്ലണ്ട് 50 ബേസിസ് പോയന്റ് പലിശ നിരക്ക് ഉയര്‍ത്തി. അപ്രതീക്ഷിതമായിട്ടായിരുന്നു ഈ നീക്കം. പണപ്പെരുപ്പത്തെ നേരിടാണ് പലിശ നിരക്ക് ഉയര്‍ത്തുന്നത്. അതേസമയം, അമേരിക്കന്‍ കേന്ദ്രബാങ്ക് നടപ്പുസാമ്പത്തിക വര്‍ഷം രണ്ടുതവണ കൂടി പലിശ നിരക്ക് ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡോളര്‍ ഇന്‍ഡക്‌സ് ഇന്ന് അല്‍പ്പം ഉയര്‍ന്നു. 102.87 എന്ന നിരക്കാണ് ഏറ്റവും ഓടുവില്‍ രേഖപ്പെടുത്തുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ സ്വര്‍ണവില കുറയും. ഇതും വരുംദിവസങ്ങളില്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ട് എന്ന നിഗമനത്തിലേക്ക് നയിക്കുന്നു. രൂപയുടെ മൂല്യം ഇന്ന് ഡോളറിനെതിരെ 81.96 എന്ന നിരക്കിലാണ്.
സ്വര്‍ണവില കുറഞ്ഞാല്‍ മാത്രമേ ജ്വല്ലറി വ്യാപാരം മെച്ചപ്പെടൂ എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വില കൂടിയ ഘട്ടത്തില്‍ വില്‍പ്പന വലിയ അളവില്‍ കുറഞ്ഞു. പഴയ സ്വര്‍ണം മാറ്റിവാങ്ങിയാണ് പലരും അവശ്യഘട്ടങ്ങളില്‍ ഉപയോഗിച്ചത്. ചിലര്‍ ക്യാരറ്റ് കുറവുള്ള സ്വര്‍ണം വാങ്ങുന്നതിനും താല്‍പ്പര്യം പ്രകടിപ്പിച്ചു. ഒരു പവന് 43400 രൂപയാണെങ്കിലും പണിക്കൂലി, ജിഎസ്ടി എന്നിവയെല്ലാം ആഭരണം വാങ്ങുന്ന വേളയില്‍ അധികമായി നല്‍കേണ്ടി വരും.












Click it and Unblock the Notifications