കേരളത്തില്‍ വീണ്ടും വര്‍ധിച്ച് സ്വര്‍ണ വില, ഇന്ന് വര്‍ധിച്ചത് 200 രൂപ; പവന്റെ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 200 വര്‍ധിച്ച് 52800 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 6600 രൂപ നല്‍കണം. മഞ്ഞലോഹം വാങ്ങണമെങ്കില്‍ കൈപൊള്ളുമെന്ന് വിലയിലൂടെ വ്യക്തമാണ്. മണിക്കൂറുകള്‍ക്കിടെയാണ് സ്വര്‍ണ വില ഉയര്‍ന്നത്.
ഓഹരി വിപണിയിലെ മാറ്റങ്ങളാണ് ഇതിന് കാരണമായിരിക്കുന്നത്. വൈകാതെ പവന്റെ വില 60000 പിന്നിടുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സ്വര്‍ണ നിരക്ക് കുതിക്കുന്നത്. അതേസമയം ഓഹരി വിപണി നഷ്ടത്തിലാവാതെ തന്നെയാണ് സ്വര്‍ണത്തിന്റെ ഈ മുന്നേറ്റം.

ഇന്ന് രാവിലെ സ്വര്‍ണ വില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ 2343 ഡോളറായിരുന്നു സ്വര്‍ണവില. ഉച്ചയ്ക്ക് ശേഷം രാജ്യാന്തര വില 2354 ഡോളറിലേക്ക് ഉയരുകയായിരുന്നു. ഇതോടെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്വര്‍ണവില കുതിച്ച് കയറുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റം കേരള വിപണിയില്‍ അടക്കം പ്രതിഫലിക്കുകയായിരുന്നു.
അതേസമയം ദേശീയ തലത്തിലും സ്വര്‍ണം കുതിപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ 24 ക്യാരറ്റ് സ്വര്‍ണ വില പത്ത് ഗ്രാമിന് 71430 രൂപയിലെത്തിയിരുന്നു. മുംബൈയില്‍ പത്ത് ഗ്രാമിന് 71280 രൂപയും, ചെന്നൈയില്‍ പത്ത് ഗ്രാമിന് 72150 രൂപയുമായിരുന്നു വില.
യുഎസ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി നാളെയാണ് പുറത്തിറക്കുന്നത്. ഇത് വ്യാപാരത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. സ്വര്‍ണ വില ഇനിയും ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡോളര്‍ സൂചികയില്‍ ഇടിവ് വന്നതും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിലായി 0.63 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഫെഡറല്‍ നിരക്ക് കുറയുന്നതോടെ ഡോളറിന്റെ നിരക്കും കുറയും. ഇതോടെയാണ് സാധാരണ സ്വര്‍ണ വില വര്‍ധിക്കാറുള്ളത്. അതേസമയം ഇന്ന് രാവിലെ സ്വര്‍ണവില ഏറ്റവും വലിയ ഉയരത്തിലെത്തിയിരുന്നു. 240 രൂപയായിരുന്നു പവന് വര്‍ധിച്ചത്. ഉച്ചയ്ക്ക് ശേഷം 440 രൂപയായിരുന്നു ഉയര്‍ന്നത്.
നേരത്തെ ഫോറെക്‌സ് വിന്യാസത്തിന്റെ ഭാഗമായി ഇന്ത്യയും സ്വര്‍ണം ശേഖരിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ജനുവരി മാസത്തില്‍ ആര്‍ബിഐ 8.7 ടണ്‍ സ്വര്‍ണം കരുതല്‍ ശേഖരത്തിലേക്ക് വാങ്ങിയിരുന്നു. ഇന്ത്യയുടെ സ്വര്‍ണശേഖരം ഇതോടെ 803.58 ടണ്ണില്‍ നിന്ന് 812.3 ടണ്ണിലെത്തിയിരുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വിലെ മാറ്റം മാത്രമല്ല, കിഴക്കന്‍ യൂറോപ്പിലെയും, പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങളും സ്വര്‍ണ വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമായി കണ്ട് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം ഉയര്‍ന്നതും വിലയിലെ കുതിപ്പിന് കാരണമാണ്.












Click it and Unblock the Notifications