വീട്ടിലുള്ള സ്വർണം വില്‍ക്കാന്‍ പോകുകയാണോ? ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും: നികുതി ഘടന അറിയാം
ട്രംപ് ഉയർത്തിവിട്ട താരിഫ് ഭീഷണികളുടെ ചുവടുപിടിച്ചുകൊണ്ട് സംസ്ഥാനത്തെ സ്വർണ വില വീണ്ടും അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ ആളുകളെ സംബന്ധിച്ച് സ്വർണ വില ഇത്തരത്തില്‍ ഉയർന്ന് നില്‍ക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ മറുവശത്ത് സ്വർണം വില്‍ക്കാനായി തീരുമാനിച്ചവർക്ക് വില വർധനവ് നല്‍കുന്ന ആശ്വാസം ചെറുതല്ല. അതേസമയം തന്നെ സ്വർണം വില്‍ക്കുന്നത് നിശ്ചിത പരിധിയില്‍ കൂടുതലാണെങ്കില്‍ രാജ്യത്ത് നിലനില്‍ക്കുന്ന നികുതി വ്യവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
പരമ്പരാഗതമായി ലഭിച്ച സ്വർണമാണെങ്കില്‍ ഇന്ത്യൻ നികുതി നിയമങ്ങൾ പ്രകാരം ക്യാപിറ്റൽ അസറ്റ് (മൂലധന ആസ്തി) ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ സ്വർണം വില്‍ക്കുമ്പോള്‍ ഇത് വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ബാധകമാണ്. പ്രധാനമായി, ലാഭം കണക്കാക്കുമ്പോൾ, സ്വർണം വാങ്ങിയ യഥാർത്ഥ ഉടമകള്‍ ( മാതാപിതാക്കൾ, മുത്തശ്ശി) വാങ്ങിയ തീയതിയും വിലയുമാണ് പ്രധാനമായി പരിഗണിക്കുക.

അതായത് നിങ്ങളുടെ മുത്തശ്ശി 1981-ൽ വാങ്ങിയ സ്വർണമാണ് നിങ്ങള്‍ക്ക് നല്‍കിയതെങ്കില്‍ 1981-ലെ വിലയും തീയതിയുമാണ് നികുതി കണക്കാക്കാൻ ഉപയോഗിക്കുക. 2001 ഏപ്രിൽ 1-ന് മുമ്പ് വാങ്ങിയ സ്വർണമാണെങ്കിൽ, ആ തീയതിയിലെ ന്യായവില (Fair Market Value - FMV) ഉപയോഗിക്കാം. ഏറെ പഴയ ആഭരണങ്ങളുടെ രേഖകള്‍ ലഭ്യമല്ല എന്നതിനാലാണ് ഇത്തരത്തില്‍ അടിസ്ഥാന ന്യായവില ഏർപ്പാടാക്കിയിരിക്കുന്നത്.
നികുതി ഈടാക്കുന്നത്
സ്വർണം എത്ര കാലം കൈവശം വച്ചു എന്നതിനെ ആശ്രയിച്ചാണ് നികുതി. മുമ്പ്, 36 മാസത്തിൽ കൂടുതൽ കൈവശം വച്ച സ്വർണം ലോങ്-ടേം ക്യാപിറ്റൽ ഗെയിൻ ആയി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, 2024-ലെ ധനകാര്യ നിയമപ്രകാരം, ഇപ്പോൾ 24 മാസം മതി. 24 മാസത്തിൽ കൂടുതൽ കൈവശം വച്ച സ്വർണത്തിന് 12.5% നികുതിയാണ് ഈടാക്കുന്നത് (ഇൻഡക്സേഷൻ ആനുകൂല്യമില്ലാതെ). മറിച്ച് 24 മാസത്തിനുള്ളിൽ വില്‍ക്കുകയാണെങ്കില്‍ വരുമാന നികുതി സ്ലാബ് അനുസരിച്ചുള്ള നികുതിയാണ് ഈടാക്കുക.
രേഖകൾ ഇല്ലെങ്കിൽ എന്തുചെയ്യും?
പരമ്പരാഗതമായി ലഭിക്കുന്ന സ്വർണത്തിന്റെ രേഖകള്‍ കൈവശം ഉണ്ടാകില്ലെന്നാണ് പ്രധാനപ്പെട്ട ഒരു പ്രശ്നം. ഇത്തരം സാഹചര്യങ്ങളില്‍ ഒരു സർട്ടിഫൈഡ് ജ്വല്ലറിൽ നിന്ന് വാല്യുവേഷൻ റിപ്പോർട്ട് സ്വന്തമാക്കാവുന്നതാണ്. പ്രാദേശിക ജ്വല്ലറി അസോസിയേഷന്റെ ചരിത്രപരമായ സ്വർണവില ഉപയോഗിക്കാം. നികുതി അധികാരികൾ ഇവ രണ്ടും സ്വീകാര്യമായ രേഖകളായി കണക്കാക്കുന്നു.
കുടുംബസ്വർണം വിൽക്കുമ്പോൾ നികുതി ബാധകമാണെങ്കിലും, ദീർഘകാല കൈവശം വച്ച സ്വർണത്തിന് നികുതി നിരക്ക് വളറെ കുറവാണ്. കൂടാതെ, സ്വർണത്തിന്റെ ലാഭ മാർജിൻ സാധാരണയായി ഉയർന്നതാണ്. ശരിയായ രേഖകൾ-വാല്യുവേഷൻ റിപ്പോർട്ട്, FMV രേഖകൾ, അല്ലെങ്കിൽ രസീതുകൾ-ഉണ്ടെങ്കിൽ നികുതി പ്രക്രിയ ലളിതമാണ്. സ്വർണം വിൽക്കുന്നതിന് മുമ്പ്, നികുതി നിയമങ്ങൾ മനസിലാക്കി, ആവശ്യമായ രേഖകൾ തയ്യാറാക്കുന്നത് നല്ലതാണ്












Click it and Unblock the Notifications