സർക്കാരിന് ആശ്വാസം, ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഏറെ നാളുകള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ ഭേദഗതിയില്‍ ഒപ്പ് വെയ്ക്കാന്‍ തയ്യാറായത്. ലോകായുക്ത നിയമത്തില്‍ 14 വകുപ്പ് പ്രകാരം വിധി അതേപടി അംഗീകരിക്കണം എന്നുളളതിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ഗവര്‍ണര്‍ ഒപ്പിട്ടതോടെ ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഇതോടെ കുറ്റക്കാരെന്ന് ലോകായുക്ത കണ്ടെത്തിയാലും സര്‍ക്കാരിന് ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി തള്ളാനാകും.
ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. ബന്ധുത്വ നിയമന വിവാദത്തില്‍ ലോകായുക്ത വിധിക്ക് പിന്നാലെയാണ് കെടി ജലീലിന് മന്ത്രി സ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നത്. പുതിയ ഭേദഗതിയോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറായത്.

ലോകായുക്തയ്ക്ക് എതിരെ രൂക്ഷ വിമർശനം നടത്തുന്ന മുൻ മന്ത്രി കെടി ജലീൽ വിധിയോട് പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ''മഹാത്മാ ഗാന്ധിയുടെ കരങ്ങളിൽ കൊടുത്ത ആയുധം തിരിഞ്ഞു മറിഞ്ഞെത്തിയത് ഗോദ്‌സെയുടെ കയ്യിൽ. സമൂഹ നൻമ ലാക്കാക്കി അത് തിരിച്ചു വാങ്ങി. ചെയ്തുകൂട്ടിയ പാപങ്ങളുടെ ശമ്പളം പറ്റി ശിരസ്സ് കുനിച്ച് അപമാനിതനായി ഇനി ശിഷ്ടകാലം കഴിക്കാം. സ്വന്തം ഭാര്യാ സഹോദരീ ഭർത്താവിന്റെ ജേഷ്ഠൻ ഫാദർ കോട്ടൂർ ഉൾപ്പടെയുളള അഭയ കേസിലെ പ്രതികളുടെ ശിക്ഷാ കാലാവധി കുറക്കാനുള്ള "യുദ്ധ"ത്തിൽ പൂർണ്ണമായും വ്യാപൃതനാകാം. ഒപ്പം സഹോദര പുത്രിയെ ഉത്തുംഗ പദവിയിൽ എത്തിക്കാനുള്ള കരുനീക്കങ്ങളിൽ സജീവവുമാകാം. ഗുഡ് നൈറ്റ്'' .
ലോകായുക്ത നിയമ ഭേദഗതിയിൽ ഒപ്പിട്ട ഗവർണറുടെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ളത് സൗന്ദര്യ പിണക്കമാണെന്നും അത് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരുണ്ടെന്നും തങ്ങൾ നേരത്തെ പറഞ്ഞതാണ്. അതിപ്പോൾ അക്ഷരംപ്രതി ശരിയായി എന്നും വിഡി സതീശൻ പ്രതികരിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങലാണ്.
ലോകായുക്ത കുരയ്ക്കുക മാത്രമേയുള്ളൂ കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തി. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ബിജെപി നേതാവിനെ നിയമിക്കാന്‍ നീക്കമെന്നും വിഡി സതീശൻ ആരോപിച്ചു. 'എന്തിനാണ് നിയമസഭ?, നിയമസഭയെ നോക്കുകുത്തിയാക്കിയാണ് മുഖ്യമന്ത്രിയും ഗവർണറും ലോകായുക്ത ഓർഡിനൻസ് പുറത്തിറക്കുന്നത് എന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. ലോകായുക്ത ഓർഡിനൻസിനെ സിപിഐ എതിർക്കുകയാണ്. ഇപ്പോഴും എതിർക്കുന്നുവെന്നും സിപിഐഎമ്മുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.












Click it and Unblock the Notifications