'ജനങ്ങളോട് അധികാര ഗര്‍വ് കാണിക്കരുത്, തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തും..'; പി ജയരാജൻ
കണ്ണൂർ: നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനമെന്നും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍. മാധ്യമ പ്രവർത്തകൻ ജിബിൻ പി മൂഴിക്കല്‍ അനുസ്‌മരണ സമ്മേളനത്തില്‍ 'ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പോ' എന്ന വിഷയത്തിലെ സംവാദം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി പ്രവർത്തകർ വിനീതരായി പെരുമാറണമെന്നും ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുതെന്നും പി ജയരാജൻ പറഞ്ഞു. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും ജയരാജൻ വ്യക്തമാക്കി. രാമക്ഷേത്ര വിഷയത്തിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

രാമക്ഷേത്രത്തിന് ശിലയിടേണ്ടിയിരുന്നത് മത പുരോഹിതരാണ്. എന്നാല്‍, മോദിയാണ് ശിലയിട്ടത്. ഇപ്പോൾ പ്രതിഷ്ഠാ ചടങ്ങും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. കേന്ദ്ര സർക്കാർ ഒരിക്കലും പ്രതിഷ്ഠാ ചടങ്ങ് നടത്താൻ പാടില്ല. വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും ജയരാജൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 'ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണ്. ആരിഫ് മുഹമ്മദ് ഖാൻ വിഡ്ഢി വേഷം കെട്ടുകയാണ്. മുമ്പ് ഗവർണറായിരുന്ന പി സദാശിവം കോമാളി വേഷം കെട്ടിയില്ല. സ്ഥാനത്തിന്റെ മഹത്വം അറിയുന്ന ആളായിരുന്നു സദാശിവം. എന്നാൽ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുകൾ അധഃപതിച്ചതാണ്. അപൂർവമായി മാത്രം കേരളത്തിൽ എത്തുന്ന അദ്ദേഹം മുഖ്യമന്ത്രിയെ അസഭ്യം പറയുന്നത് പതിവാക്കുകയാണ്.' ജയരാജൻ ആരോപിച്ചു.
'ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനയെയും സുപ്രീം കോടതിയെയും പരിഹസിക്കുന്നു. ബില്ലുകളിൽ ഒപ്പിടാതെ അടയിരിക്കുന്നു. ഗവർണർ ഒരിക്കലും കേന്ദ്ര സർക്കാരിന്റെ ഏജന്റ് ആയി പ്രവർത്തിക്കാൻ പാടില്ല. ആര്‍എസ്എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ട് ആജ്ഞ സ്വീകരിക്കുകയാണ്. അപമാനമാണ് ഈ നീക്കം. ഇത്തരം ബന്ധങ്ങൾ അവസാനിപ്പിച്ച് വേണം ഗവർണറായി തുടരാൻ.' പി ജയരാജൻ ചൂണ്ടിക്കാട്ടി.
ജി സുധാകരന്റെ വിമർശനം എന്തെന്ന് അറിയില്ലെന്ന് പി ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഎം നേതൃത്വത്തിന്റെ പരോക്ഷമായി വിമർശിച്ച് ജി സുധാകരൻ രംഗത്ത് വന്നിരുന്നു. മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും, ഞങ്ങള് കുറച്ചുപേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ലെന്നായിരുന്നു ജി സുധാകരന്റെ പ്രസ്‌താവന.
ഇതിന് പിന്നാലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കിയിരുന്നു. പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്നാണ് ജി സുധാകരനെ ഒഴിവാക്കിയത്. സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റി ഓഫിസാണിതെന്നാണ് ശ്രദ്ധേയം.












Click it and Unblock the Notifications