വീരസ്മരണകളുടെ ഇരമ്പത്തിന് ഇനി ജനഹൃദയങ്ങളില്‍ വിശ്രമം; വിഎസ് മടങ്ങി
വി എസ് മടങ്ങിയിരിക്കുന്നു. പി കൃഷ്ണപിള്ളയും ടി വി തോമസും പി ടി പുന്നൂസും കെ ആര് ഗൗരിയമ്മയും പി കെ ചന്ദ്രാനന്ദനും ഒക്കെ ഉറങ്ങുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ അവസാനത്തെയാള്‍ക്ക് അന്ത്യവിശ്രമം. തന്റെ സ്വന്തം പേരിലുള്ള വലിയ ചുടുകാട്ടില്‍ പ്രവേശനഗേറ്റിന്റെ ഇടതുവശത്ത് ഇനി വിഎസിന്റെ വീരസ്മരണകളുടെ ഇരമ്പം ആര്‍ത്തലക്കും.
എപ്പോഴും കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമായിരുന്നു വിഎസ്. ജനങ്ങള്‍ക്കിടയിലായിരുന്നു വിഎസ് . ജീവിച്ചപ്പോഴും ഇപ്പോഴിതാ വിട വാങ്ങിയപ്പോഴും. സംഘടനാസംവിധാനങ്ങളുടെ അച്ചടക്കം മറികടന്ന് അണികള്‍ പാര്‍ട്ടി നേതൃത്വത്തെ തിരുത്തിയത് വിഎസിന് വേണ്ടിയായിരുന്നു. ഇപ്പോള്‍ നേതൃത്വവും ഭരണസംവിധാനവും നിശ്ചയിച്ച അന്തിമയാത്രയുടെ സമയക്രമവും അണികള്‍ തിരുത്തി. അതും കാലാവസ്ഥയോട് വരെ കലഹിച്ച്.

വര്‍ഷങ്ങളായി വിഎസ് സജീവരാഷ്ട്രീയത്തില്‍ ഇല്ല. പദവികളില്‍ ഇല്ല. വാര്‍ത്തകളില്‍ ഇല്ല. സാമൂഹികമാധ്യമങ്ങളില്‍ ഇല്ല. എന്നിട്ടും വിഎസ് പോയെന്ന് അറിഞ്ഞപ്പോള്‍ അവസാനമായി കാണാന്‍ ജനമൊഴുകി. എകെജി സെന്ററിലും ദര്‍ബാര്‍ ഹാളിലും വേലിക്കകത്ത് വീട്ടിലും ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിലും എല്ലാം ആളിരമ്പി. സ്ത്രീകളും കുട്ടികളും ഉള്‍പെടെ മണിക്കൂറുകളോളം കാത്തുനിന്നു. തെരുവോരങ്ങള്‍ക്ക് മുഷ്ടി ചുരുട്ടിയ കൈകള്‍ മേലാപ്പിട്ടു. കണ്ണേ കരളേ വിഎസേ.....ഇല്ല ഇല്ല മരിക്കില്ല.......ജീവിക്കുന്നു ഞങ്ങളിലൂടെ ....അങ്ങനെ അങ്ങനെ വീരസഖാവിന് അഭിവാദ്യമര്‍പിച്ച് ആകാശം പൊട്ടുമാറ് മുദ്രാവാക്യങ്ങള്‍ മുഴങ്ങി. കേരളത്തിന്റെ ജില്ലാ അതിര്‍ത്തികള്‍ ആലപ്പുഴയില്‍ അലിഞ്ഞ് ചേര്‍ന്നു.
എന്തുകൊണ്ടാണ് വിഎസ് ഇത്ര ജനകീയനായത്? എന്തുകൊണ്ടാണ് പാര്‍ട്ടി സഖാക്കള്‍ അല്ലാത്ത സ്ത്രീകള്‍ക്കിടയിലും ഇത്രയും പിന്തുണ കിട്ടിയത്? യുവാക്കള്‍ അണിനിരന്നത്? ഉത്തരം ഒരു വാക്കില്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ അതൊന്ന് മാത്രം. പോരാളി. അതായിരുന്നു വിഎസ്. നിരന്തരപോരാളി. ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങളില്‍ ഉറച്ച് നിന്ന, അനീതിയോട് നിരന്തരം കലഹിച്ച് നിന്ന സമരസഖാവ്. ഭരണവും സമരവും എന്ന പാര്‍ട്ടി നിലപാട് ജീവിതത്തില്‍ നടപ്പാക്കിയ കമ്മ്യൂണിസ്റ്റ്.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ വിഎസിനോളം തയ്യാറായ മറ്റൊരു നേതാവില്ല. അവര്‍ക്ക് വേണ്ടി അദ്ദേഹം നിയമയുദ്ധങ്ങള്ക്കിറങ്ങി. തെരുവിലിറങ്ങി. സ്ത്രീകളുടെ സമരത്തോട് പൊതുവെ കാട്ടുന്ന മെല്ലെപ്പോക്ക് സമീപനം വിഎസിന് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് വനിതാനേതാക്കളെ ഉള്‍പെടെ ഓടിച്ച് വിട്ട പെമ്പിളൈ ഒരുമൈ കൂട്ടം വിഎസിനെ സ്വാഗതം ചെയ്തത്. സമരം ചെയ്ത നഴ്സുമാര്‍ വിഎസിനെ കാണണമെന്ന് ആവശ്യപ്പെട്ടത്. കല്ലിടിച്ചും ഇഷ്ടിക ചുമന്നും കയര്‍ പിരിച്ചും അധ്വാനിക്കുന്ന പെണ്ണുങ്ങള്‍ക്കും അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയ പെണ്ണുങ്ങള്‍ക്കും വിഎസിനോട് തോന്നിയത് പിതാവിനോടും സഹോദരനോടും ഒക്കെ തോന്നുന്ന വൈകാരികമായ അടുപ്പം.

സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്ക് വേണ്ടിയും കവിയൂര്‍ കേസിലും ഐസ്ക്രീം കേസിലുമെല്ലാം അദ്ദേഹം ശബ്ദമുയര്‍ത്തിയപ്പോഴും നിയമപോരാട്ടത്തിന് തുനിഞ്ഞിറങ്ങിയപ്പോഴും ഈ നാട്ടിലെ സ്ത്രീകള്‍ രക്ഷകനെ കണ്ടു. ഒപ്പം ഒരാളെങ്കിലും ഉണ്ടെന്ന് ആശ്വസിച്ചു. അതു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാലും അല്ലാതെയുള്ള പരിപാടികള്‍ക്കായും വിഎസ് എത്തുന്നുണ്ട് എന്നറിഞ്ഞാല്‍ ഒന്ന് കാണാന്‍ സ്ത്രീകള്‍ കാത്ത് നിന്നത്. പൊതുവെ താരങ്ങളോടുള്ള തരം സ്വീകാര്യതയും ആരാധനയും. കാരണം വരുന്നത് അവരുടെ ആശയും പ്രതീക്ഷയും ആത്മവിശ്വാസവും ആയിരുന്നു. വിഎസ് എന്ന രണ്ടക്ഷരം സ്ത്രീകള്‍ക്ക് തന്ന ബലം എത്രത്തോളമായിരുന്നു എന്നതിന്റെ തെളിവാണ് സജീവമല്ലാതെയായി വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിക്കാനും പ്രണാമം അര്‍പ്പിക്കാനും രാത്രിയുടെ ഇരുട്ടും മഴയുടെ തണുപ്പും പകലിന്റെ ചൂടും മണിക്കൂറുകളുടെ നില്പും അവഗണിച്ച് കാത്ത് നിന്ന പെണ്‍കൂട്ടം.
പരിസ്ഥിതിക്കായി വിഎസ് നിലപാടെടുത്തു. മാധ്യമമുതലാളിമാരോടും വമ്പന്മാരോടും നിയമവ്യവഹാരങ്ങളോട് തന്നെയും കലഹിച്ച് വിഎസ് പോരാട്ടത്തിനിറങ്ങി. മതികെട്ടാനിലും മൂന്നാറിലും അദ്ദേഹം നേരിട്ടിറങ്ങി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സമരം ചെയ്തു. വാക്കിലും പ്രവര്‍ത്തിയിലും ആത്മാര്‍ത്ഥത പുലര്‍ത്തി. ബോധ്യങ്ങളില്‍ ഉറച്ച് നിന്നു. തിരുത്തേണ്ടപ്പോള്‍ തിരുത്തി. നിയമത്തിന്റെ ചട്ടങ്ങളും അദ്ദേഹത്തിന് ആയുധമായി. വിജിലന്‍സ് കോടതി, ഹൈക്കോടതി, സുപ്രീംകോടതി തുടങ്ങി കോടതികള്‍ കയറിയിറങ്ങാന്‍ മടികാട്ടിയില്ല. കേരളത്തിന്റെ രാഷ്ട്രീയത്തെയും സമൂഹത്തെയും സ്വാധീനിച്ച നിരവധി പോരാട്ടങ്ങളാണ് നിയമപുസത്കങ്ങള് ഉയര്‍ത്തി അദ്ദേഹം നടത്തിയത്. ഇടമലയാര്‍ കേസ്, പാമൊലിന്‍ കേസ് , സോളര്‍ കേസ്, ബാര്‍ കോഴക്കേസ്, പാറ്റൂര്‍ അഴിമതിക്കേസ്, മൈക്രോ ഫിനാന്‍സ് കേസ് തുടങ്ങിയവയൊക്കെ ഉദാഹരണങ്ങള്‍ മാത്രം.

സ്ത്രീകള്‍ക്ക് വേണ്ടിയും മണ്ണിന് വേണ്ടിയും അഴിമതിക്ക് എതിരെയും മാത്രമല്ല അദ്ദേഹം പോരാടിയത്. ഇടതുപക്ഷത്തിലെ മറുപക്ഷത്തിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഭരണകാലത്തും സാമൂഹികവും രാഷ്ട്രീയവും ആയ അനീതികള്‍ക്ക് എതിരെ പോരാടണമെന്ന പാര്‍ട്ടി നയം പുസ്തകത്തിലൊതുക്കുകയല്ല അദ്ദേഹം ചെയ്തത്, പ്രാവര്‍ത്തികമാക്കുകയാണ്. സ്വന്തം തട്ടകത്തില്‍ തന്നെ തോറ്റപ്പോഴും മത്സരിക്കേണ്ടെന്ന് പറഞ്ഞപ്പോഴും മുഖ്യമന്ത്രിയായ വേളയില്‍ നിയന്ത്രണങ്ങളുടെ നീണ്ട പട്ടിക വഴി തടസ്സമായപ്പോഴും ബക്കറ്റിലെ തിര പ്രയോഗം കേട്ടിരുന്നപ്പോഴും വിഎസ് വിഎസ് ആയി തന്നെ നിന്നു. പാര്‍ട്ടി അച്ചടക്കമെന്ന കണ്ണുരുട്ടലിന് വഴങ്ങിയില്ല. വിയോജിപ്പുകള്‍ ഉള്ളവരും രാഷ്ട്രീയ എതിരാളികളും പോലും വിഎസിന്റെ പോരാട്ടവീര്യത്തെ ബഹുമാനിച്ചു.
എല്ലാ പോരാട്ടവും വിഎസ് വിജയിച്ചില്ല. മൂന്നാറില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാനെത്തിയ ബുള്‍ഡോസര്‍ ഈ നാടിന് നല്കിയ പ്രതീക്ഷ വലുതായിരുന്നു. പക്ഷേ അത് മുന്നോട്ട് പോയില്ല. പല കേസുകളിലും അദ്ദേഹം ആഗ്രഹിച്ച വിധിയെത്തിയില്ല. പക്ഷേ അധഃസ്ഥിതര്‍ക്കും ദളിതര്‍ക്കും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി അദ്ദേഹം പോരാടിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിലെ പോരാളിയെ പലപ്പോഴും കേരളം ഓര്‍ത്തു. മിസ്സ് ചെയ്തു. ഇപ്പോള്‍ വിഎസ് ഉണ്ടായിരുന്നെങ്കില്‍ എന്ന ആലോചന ഏത് സമരഘട്ടത്തിലും ഉയര്‍ന്ന് വന്നു. ഒരു ദശകം ഇനിയും ഏത് പാര്‍ട്ടി വേദികളില്‍ ഉയരുമ്പോഴും വിഎസ് ഓര്‍മിക്കപ്പെടും
അഴിമതി മദം പൂണ്ടൊരു ഐരാവതങ്ങളെ
അടിപെടുത്താനിതൊരു തുടലായ്
അധികാര സാമ്രാജ്യ സിംഹാസനങ്ങള്‍ക്ക്
പിറകൊള്ളുവാന് ചൂണ്ടുവിരലായ്
വിടരാന്‍ സുഗന്ധം പരത്താന്‍ തുടിക്കുന്ന
വികസനപ്പൂവിന്റെ മധുവായ്
അവകാശ സംരക്ഷണത്തിന്റെ
വഴികളില്‍
അടരാടിടുന്ന ചെങ്കൊടിയായ്
ഒരു ദശകമിവിടെ ഇത് വിടച്ചൊല്ലി
മറയുന്നു
ഒരു പൂമരക്കാറ്റ് പെയ്ത പോലെ
നിറയെ ചുവന്ന പൂക്കള്‍
പാതയില്‍ സമരങ്ങള്‍ തന്
മുദ്രകള്‍
എല്ലാ യുദ്ധവും ജയിക്കുന്നവര്‍ അല്ല എപ്പോഴും നായകന്മാര്. പോരാടുന്നവരാണ്. അവരെയാണ് കാലം ഓര്‍ക്കുക. അവരുടെ പോരാട്ടങ്ങളാണ് ഓര്‍മകളില്‍ ആവര്‍ത്തിക്കപ്പെടുക. പുരാണത്തിലെ കര്‍ണനെ പോലെ. വിഎസ് തികഞ്ഞ പോരാളിയായിരുന്നു. സമരസപ്പെടാത്ത പോരാളി. അദ്ദേഹം ബക്കറ്റിലൊതുങ്ങിയ കടല്‍ത്തുള്ളി ആയിരുന്നില്ല. ജനസാഗരത്തില്‍ അലകള്‍ സൃഷ്ടിച്ച സമരസഖാവായിരുന്നു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications