ഹാദിയ കേസില്‍ പ്രതിഷേധം ശക്തമാകുന്നു; കേരളം പൊട്ടിത്തെറിക്കും? ജഡ്ജിയുടെ സുരക്ഷ കൂട്ടി

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഹാദിയ കേസില്‍ മുസ്ലിം ഏകോപന സമിതി പ്രതിഷേധം ശക്തമാക്കുന്നു. കോടതി വിധി പൗരാവകാശ ലംഘനമാണെന്ന് സൂചിപ്പിച്ച നേതാക്കള്‍ ഹാദിയയുടെ വൈക്കത്തെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്നു മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഏകോപന സമിതി കൂടുതല്‍ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നാണ് നേതാക്കള്‍ നല്‍കിയ സൂചന. ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

ജഡ്ജിമാരുടെ വീട്ടിലേക്ക് മാര്‍ച്ച്

വിധി പ്രഖ്യാപിച്ച ജഡ്ജിമാരുടെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിനിടെയാണ് നേതാക്കള്‍ പറഞ്ഞത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ വിപി നസറുദ്ദീന്‍ എളമരം ആണ് പ്രതിഷേധത്തിനിടെ ഇക്കാര്യം സൂചിപ്പിച്ചത്.

പൗരവകാശം വകവച്ചുകൊടുക്കണം

നസറുദ്ദീന്‍ എളമരമാണ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഹാദിയ കേസില്‍ പെണ്‍കുട്ടിയുടെ പൗരവകാശം വകവച്ചുകൊടുത്തില്ലെങ്കില്‍ ജഡ്ജിമാരുടെ വീടുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അശോകന്റെ വീട്ടിലേക്കും സമരം

ഹാദിയയുടെ പിതാവ് അശോകന്റെ വീട്ടിലേക്കും വേണ്ടി വന്നാല്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും എളമരം മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ വീടിന് സുരക്ഷ ശക്തമാക്കി.

കൂടുതല്‍ സേനയെ വിന്യസിക്കും

ജഡ്ജിമാരുടെ വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വേണമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത 3000 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രസംഗ വീഡിയോ പരിശോധിക്കുന്നു

നേതാക്കള്‍ക്കെതിരേയും കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതതിരേയുമാണ് കേസെടുത്തിരിക്കുന്നത്. നേതാക്കളുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച് വരികയാണ്. അതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു.

വകുപ്പുകള്‍ ഇവയാണ്

അനുവാദമില്ലാതെ ജാഥ നടത്തല്‍, പോലീസിനെ ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു. വീഡിയോ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

അപ്പീല്‍ പരിഗണനയില്‍

ഒരു ഭാഗത്ത് ജനകീയ പ്രതിഷേധം ശക്തമാക്കാനും മറുഭാഗത്ത് നിയമ നടപടികള്‍ സ്വീകരിക്കാനുമാണ് നേതാക്കളുടെ തീരുമാനം. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോവുന്ന കാര്യം പരിഗണനയിലാണെന്നും വിധിയെ നിയമപരമായി നേരിടുമെന്നും മുസ്ലിം ഏകോപന സമിതി ഭാരവാഹികര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മതപരമായ വിഷയത്തിനപ്പുറം

മതപരമായ വിഷയത്തിനപ്പുറം ഇതൊരു പൗരാവകാശ ലംഘനത്തിന്റെ വിഷയമാണെന്ന് നേതാക്കള്‍ പറയുന്നു. പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനും അവകാശമുണ്ട്. അതിവിടെ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും നേതാക്കള്‍ പറയുന്നു.

വരും ദിവസങ്ങളില്‍ തീരുമാനം

ഹൈക്കോടതി മാര്‍ച്ചിനെതിരേ പോലീസ് നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്തുടനീളം മുസ്ലിം ഐക്യവേദി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധത്തിലേക്ക് കടക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് വരും ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്നും നേതക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അക്രമാസക്തം

ഇമാംസ് കൗണ്‍സില്‍, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, മെക്ക, ജമാഅത്ത് കൗണ്‍സില്‍, ജമാഅത്ത് ഫെഡറേഷന്‍ തുടങ്ങിയ നിരവധി സംഘടനകള്‍ ചേര്‍ന്നാണ് ഹൈക്കോടതി മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസുകാരും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

കോട്ടയം സ്വദേശി ഹാദിയ

കോട്ടയം സ്വദേശി ഹാദിയയുടെ വിവാഹമാണ് കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതി അസാധുവാക്കിയത്. പെണ്‍കുട്ടിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചെന്നും മതംമാറ്റിയെന്നും ആരോപിക്കുന്ന ഹേബിയസ് ഹര്‍ജി നിലവിലിരിക്കെ വിവാഹിതയായത് നിയമത്തിന്റെ ദൃഷ്ടിയില്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിവാഹം അസാധുവാക്കിയത്.

യുവതിയെ പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയി

കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഹാദിയയെ പോലീസ് വൈക്കം ടിവി പുരത്തെ അച്ഛന്റെയും അമ്മയുടെയും അടുത്തെത്തിച്ചിരുന്നു. ബലം പ്രയോഗിച്ചാണ് യുവതിയെ പോലീസ് വീട്ടിലേക്ക് കൊണ്ടുപോയത്. വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് അവര്‍ പറഞ്ഞിരുന്നെങ്കിലും പോലീസ് കൂട്ടാക്കിയില്ല.

മുസ്ലിം സംഘടനകളുടെ ആവശ്യം

ഹൈക്കോടതി വിധി റദ്ദാക്കണമെന്നും വീട്ടുതടങ്കലില്‍ നിന്നു ഹാദിയയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുസ്ലിം സംഘടനകള്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ഹൈക്കോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത് അനിയോജ്യമായ രീതിയല്ലെന്ന് വിവിധ കോണുകളില്‍ നിന്നു അഭിപ്രായമുയരുന്നുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് സംഘാടകര്‍ പറയുന്നു.

നേതാക്കള്‍ പറയുന്നത് ഇങ്ങനെ

ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് വിധിയെന്ന് മുസ്ലിം നേതാക്കള്‍ പറയുന്നു. ഹാദിയയുടെ ഭാഗം കേള്‍ക്കാതെയും അവരെ മുഖവിലക്കെടുക്കാതെയുമാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നതെന്നും കേവലം ഊഹങ്ങളുടെ പുറത്താണ് വിധി പ്രസ്താവമെന്നും ഏകോപനസമിതി ചെയര്‍മാന്‍ കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി, കണ്‍വീനര്‍ വികെ ഷൗക്കത്തലി, വൈസ് ചെയര്‍മാന്‍ സലീം കൗസരി എന്നിവര്‍ ആരോപിച്ചു.

English summary
Hadiya case: More Protest will start Muslim coordination committee. Case registered Against Muslim Leaders who Participated High Court March.
Please Wait while comments are loading...