ആദ്യ വനിത ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടു; പൈലറ്റും ജീവനക്കാരുമടക്കം വനിതകള്‍
മലപ്പുറം: കേരളത്തില്‍ നിന്ന് വനിത തീര്‍ത്ഥാടകര്‍ക്കായുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു. 145 ഹജ്ജ് തീര്‍ത്ഥാടകരുമായി ( ലേഡീസ് വിത്തൗട്ട് മെഹ്രം കാറ്റഗറി) ഇന്നലെ വൈകീട്ട് 6.35ന് ആണ് വിമാനം പുറപ്പെട്ടത്. വിമാനത്തിലെ പൈലറ്റും മറ്റ് ജീവനക്കാരും വനിതകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ ഫ്‌ളൈറ്റ് ഒപ്പറേഷന്‍, ലോഡിംഗ് ആന്‍ഡ് ക്ലീനിംഗ്, എന്‍ജിനിയറിംഗ്, ഗ്രൗണ്ട് സര്‍വീസ് തുടങ്ങി വിമാനം പുറപ്പെടുന്നതിന് മുമ്പുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചതും വനിതകളാണ്.
ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബിര്‍ള നിര്‍വഹിച്ചു. തീര്‍ത്ഥാടകര്‍ക്കുള്ള ബോര്‍ഡിംഗ് പാസ് സംഘത്തിലെ ഏറ്റവും പ്രായം കൂടിയ കോഴിക്കോട് കാര്‍ത്തികപ്പള്ളി സ്വദേശി സുലൈഖയ്ക്ക് (76) നല്‍കി മന്ത്രി നിര്‍വഹിച്ചു. കേരളത്തില്‍ നിന്ന് 2733 പേരാണ് ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി മുഖേന ലേഡീസ് വിത്തൗട്ട് മെഹ്രം കാറ്റഗറിയില്‍ പോകുന്നത്.

1718 പേര്‍ കരിപ്പൂരില്‍ നിന്നും 563 പേര്‍ കൊച്ചിയില്‍ നിന്നും 452 പേര്‍ കണ്ണൂരില്‍ നിന്നുമാണ് പോകുന്നത്. തിങ്കളാഴ്ച വരെ പത്ത് വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇന്നും നാളെയും മൂന്ന് വിമാനങ്ങളും ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളില്‍ രണ്ട് വീതം വിമാനങ്ങളും സര്‍വീസ് നടത്തും.
നേരത്തെ സ്ത്രീകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കണമെങ്കില്‍ ഭര്‍ത്താവോ അല്ലെങ്കില്‍ രക്ത ബന്ധത്തിലുള്ള ആണ്‍തുണയോ ആവശ്യമായിരുന്നു. എന്നാല്‍ ഇത്തവണ സ്ത്രീകള്‍ക്ക് ആണ്‍തുണ (മെഹ്‌റം) ഇല്ലാതെ സ്വന്തമായി ഹജ്ജ് ചെയ്യാനുള്ള അവസരം ലഭിച്ചുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനം നിര്‍വഹിക്കണമെങ്കില്‍ ഭര്‍ത്താവോ പിതാവോ സഹോദരനോ പോലുള്ള വിവാഹബന്ധം വിലക്കപ്പെട്ട അടുത്ത കുടുംബക്കാര്‍ അഥവാ മെഹ്‌റം കൂട്ടായി ഉണ്ടാവണമെന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍ സൗദി അധികാരികള്‍ ഇത്തവണ ആ വ്യവസ്ഥ ഒഴിവാക്കുകയായിരുന്നു. ഹജ്ജ് രജിസ്‌ട്രേഷന്‍ വേളയില്‍ സൗദി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ അവസരം സ്വദേശികളും വിദേശികളുമായ വനിതകള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് ഈ അവസരം ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഈ വര്‍ഷം പോകാന്‍ ഒരുങ്ങുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്ത് നടപ്പിലാക്കുന്ന സാമൂഹിക പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് സ്ത്രീകള്‍ക്ക് പുരുഷ രക്ഷിതാവിന്റെ കൂടെ മാത്രമേ ഹജ്ജിന് പോകാവൂ എന്ന വ്യവസ്ഥയില്‍ ഇളവ് ചെയ്തത്. മെഹ്‌റമിന്റെ കൂടെ പോകുന്നതിന് പകരം സ്ത്രീകള്‍ക്ക് വനിതകളുടെ ഗ്രൂപ്പിലെ അംഗമായി പോയാല്‍ മതിയെന്നതാണ് പുതിയ നിര്‍ദ്ദേശം.












Click it and Unblock the Notifications