ഹരിത നേതാക്കളെ പുറത്താക്കും; തെഹ്‌ലിയക്കെതിരെയും നടപടിക്ക് സാധ്യത... മുസ്ലിം ലീഗ് തീരുമാനം ഉടന്‍
കോഴിക്കോട്: മുസ്ലിം ലീഗ് നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷം എടുത്ത തീരുമാനം തള്ളിയ ഹരിത നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. എംഎസ്എഫ് നേതാക്കളും ഹരിത ഭാരവാഹികളും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ലീഗ് നേതൃത്വം ഇടപെടുകയും പലതവണ ചര്‍ച്ചകള്‍ നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ധാരണ പ്രകാരം എംഎസ്എഫ് നേതാക്കള്‍ സോഷ്യല്‍ മീഡിയ വഴി ഖേദം പ്രകടിപ്പിച്ചു.
പക്ഷേ, എംഎസ്എഫ് നേതാക്കള്‍ക്കെതിരായ പരാതി ഹരിത ഭാരവാഹികള്‍ ഇതുവരെ പിന്‍വലിച്ചില്ല. ഹരിത നേതാക്കള്‍ പരാതി പിന്‍വലിക്കാതിരിക്കാന്‍ കാരണം എംഎസ്എഫ് നേതൃനിരയിലെ ചിലരാണ് എന്ന് മുസ്ലിം ലീഗ് വൃത്തങ്ങള്‍ പറയുന്നു. ഇതോടെ ശക്തമായ നടപടി എടുക്കാനാണ് ആലോചന. ഉന്നതാധികാര സമിതി വൈകാതെ ചേര്‍ന്ന് കടുത്ത നടപടി സ്വീകരിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

ജൂണില്‍ കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് യോഗത്തില്‍ ഹരിതയുടെ നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ചു എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിന് ഹരിത ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നു. നടപടിയില്ലാത്തതിനെ തുടര്‍ന്ന് വനിതാ കമ്മീഷനെ സമീപിച്ചു. വനിതാ കമ്മീഷന്‍ വെള്ളയില്‍ പോലീസിന് പരാതി കൈമാറി. അേേന്വഷണം നടക്കുകയാണ്.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് ഹരിത ഭാരവാഹികളുടെ പരാതി. ഇവര്‍ക്കെതിരെ നടപടിയടുത്താല്‍ മാത്രമേ കേസ് പിന്‍വലിക്കൂ എന്ന് ഭാരവാഹികള്‍ ആദ്യം പറഞ്ഞിരുന്നു. പിന്നീട് നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷം ചില ധാരകളുണ്ടാക്കി.

പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആവശ്യം ഹരിത ഭാരവാഹികള്‍ തള്ളിയിരുന്നു. ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലാണ് പിന്നീട് സമവായത്തിലെത്തിയത്. രാത്രി 12 മണിവരെ മലപ്പുറത്തെ ലീഗ് ഓഫീസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സമവായം. ഇതുപ്രകാരം എംഎസ്എഫ് നേതാക്കള്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കാനും ഹരിത ഭാരവാഹികള്‍ പരാതി പിന്‍വലിക്കാനും തീരുമാനിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഔദ്യോഗികമായി വിവരം മാധ്യമങ്ങളെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ എംഎസ്എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ ഹരിത ഭാരവാഹികള്‍ ഇതുവരെ കേസ് പിന്‍വലിച്ചിട്ടില്ല. വെള്ളയില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഇതോടെയാണ് മുസ്ലിം ലീഗ് നേതൃത്വം കടുത്ത തീരുമാനത്തിന് ഒരുങ്ങുന്നത്.
സാനിയ ഇയ്യപ്പന്‍ വേറെ ലെവലാണ്; പഹാഠി വേഷത്തില്‍ കസോളില്‍... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

മുസ്ലിം ലീഗിന്റെ സമുന്നതരായ നേതാക്കള്‍ ആലോചിച്ച് എടുത്ത തീരുമാനം അംഗീകരിക്കാത്ത ഹരിത ഭാരവാഹികള്‍ നേതാക്കളെ പരിഹാസ്യരാക്കി എന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. മാപ്പ് പറയുന്നതില്‍ കാര്യമില്ലെന്നും സംഘടനാ തലത്തിലുള്ള നടപടി വേണമെന്നുമാണ് ഹരിത ഭാരവിഹികളുടെ നിലപാട് എന്നാണ് വിവരം.

ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് ഹരിത വിഷയത്തില്‍ തീരുമാനം എടുക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. ഇടി മുഹമ്മദ് ബഷീര്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. അദ്ദേഹം നാട്ടിലെത്തിയാല്‍ ഉന്നതാധികാര സമിതി യോഗം ചേരും. പത്ത് ഹരിത ഭാരവാഹികളാണ് പരാതി നല്‍കിയത്. ഇവരെ സംഘടന പുറത്താക്കിയേക്കും. പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട്.

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ മലപ്പുറത്ത് നടന്ന സമവായ യോഗത്തില്‍ സംബന്ധിച്ചിരുന്നു. മുസ്ലിം ലീഗ് നേതൃത്വം ആദ്യമെടുത്ത തീരുമാനം ഉചിതമായില്ല എന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തെഹ്‌ലിയക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട് എന്നാണ് മുസ്ലിം ലീഗ് വൃത്തങ്ങള്‍ പറയുന്നത്. എംഎസ്എഫിലെ ചില നേതാക്കള്‍ തന്നെയാണ് ഹരിത ഭാരവാഹികള്‍ പരാതി പിന്‍വലിക്കാതിരിക്കാന്‍ കാരണം എന്നാണ് മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തുന്നത്.












Click it and Unblock the Notifications