'നന്നായി ഒലത്തിക്കോ, വെള്ള പൂശി പടവും എടുത്ത് നടപ്പാണ് ഷണ്ഡൻ'; ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് എംഎം മണി
ഇടുക്കി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഇടുക്കിയിലെ സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഡീൻ കുര്യാക്കോസിനെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി. തന്റെ പ്രസംഗത്തിനിടെ ഡീൻ കുര്യാക്കോസിനെ ഷണ്ഡൻ എന്ന് വിളിച്ച എംഎം മണി പിജെ കുര്യനെയും മോശം ഭാഷയിൽ വിമർശിച്ചു.
ഡീൻ കുര്യാക്കോസിന് കെട്ടിവച്ച കാശ് പോലും കൊടുക്കരുതെന്നും, മണ്ഡലത്തിനായി ഒന്നും ചെയ്‌തിട്ടില്ലെന്നും ആരോപിച്ചായിരുന്നു വ്യക്തപരമായ അധിക്ഷേപം. വെറുക്കാതെ ബ്യൂട്ടി പാർലറിൽ കയറി വെള്ളപൂശി നടപ്പാണെന്നും ഡീനിനെ കുറിച്ച് മണി പരാമർശിച്ചു. വീണ്ടും വന്നിരിക്കുകയാണെന്നും നീതിബോധം ഉള്ളവരാണേൽ കെട്ടിവച്ച കാശ് പോലും കൊടുക്കാൻ പാടില്ലെന്നും എംഎം മണി ചൂണ്ടിക്കാട്ടി.

ഈ കേരളത്തിന് വേണ്ടി ശബ്‌ദിച്ചിട്ടുണ്ടോ? പാർലമെന്റിൽ പ്രസംഗിച്ചോ, എന്ത് ചെയ്‌തു? ചുമ്മാതെ വന്നിരിക്കുകയാ പൗഡറും പൂശി. ബ്യൂട്ടിപാർലറിൽ കയറി വെള്ള പൂശീട്ട് പടോം എടുത്ത് നടപ്പാണ്. ജനങ്ങളോടൊപ്പം നിൽക്കാതെ ജനങ്ങൾക്ക് വേണ്ടി ശബ്‌ദിക്കാതെ, ഷണ്ഡൻ. ഷണ്ഡൻമാരെ ഏൽപ്പിക്കുകയാ, ഏൽപ്പിച്ചോ. കഴിഞ്ഞ തവണ വോട്ടുചെയ്തോരൊക്കെ അനുഭവിച്ചോ.' മണി ഇടുക്കിയിലെ പ്രസംഗത്തിൽ പറഞ്ഞു.
'വീണ്ടും വന്നിരിക്കുകയാ, ഞാനിപ്പോ ഉണ്ടാക്കാം ഒലത്താം എന്ന് പറഞ്ഞ്. നന്നായി ഒലത്തിക്കോ. അതുകൊണ്ട് ഉണ്ടല്ലോ നീതിബോധമുള്ളവരാണേൽ കെട്ടിവച്ച കാശ് കൊടുക്കാൻ പാടില്ല. പിന്നെ പിജെ കുര്യൻ, കുര്യൻ വേറെ പണിയാരുന്നു, പെണ്ണുപിടി. എന്തെല്ലാം കേസ് ആണ് ഉണ്ടായത്, നമ്മള് ഇതെല്ലം മറന്നോ' ഡീൻ കുര്യാക്കോസിന് പുറമെ പിജെ കുര്യനെതിരെയും മണി ആഞ്ഞടിച്ചു.
അതേസമയം, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വ്യക്തി അധിക്ഷേപം, വ്യാജ പ്രചാരണം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചു കൊണ്ടാണ് മണി കോൺഗ്രസ് സ്ഥാനാർത്ഥിക്ക് എതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയത്.
ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനും, എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജിനും ഇത് മൂന്നാമത്തെ ഊഴമാണ്. കഴിഞ്ഞ രണ്ട് വട്ടവും ഇരുവരും ഇതേ മണ്ഡലത്തിൽ ഏറ്റുമുട്ടി. ഓരോ തവണ വീതം ജയവും സ്വന്തമാക്കി. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡലത്തിൽ ആര് ജയിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications