'തട്ടിപ്പില്‍ വീഴില്ല എന്ന് സ്വയം തീരുമാനിക്കണം.. സഹകരണബാങ്കില്‍ നടക്കുന്നതും നരബലി'; സുരേഷ് ഗോപി
ആലപ്പുഴ: തിരുവല്ല നരബലി കേസില്‍ പ്രതികരണവുമായി നടനും മുന്‍ എം പിയുമായ സുരേഷ് ഗോപി. തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞിട്ടും വീണ്ടും അതില്‍ പോയി വീഴുന്നു എന്നതാണ് പ്രശ്‌നം എന്ന് സുരേഷ് ഗോപി പറഞ്ഞു. മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ നിക്ഷേപ തട്ടിപ്പിന് എതിരെ ഏകദിന സത്യഗ്രഹം അനുഷ്ഠിക്കുവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തട്ടിപ്പിന് ഇരയാകേണ്ട എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ് എന്നും വീണ്ടും അതില്‍ പോയി വീഴുന്നു എന്നതാണ് പ്രശ്‌നം എന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകളില്‍ ചെന്ന് ചാടരുത് എന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണോ എന്നും സുരേഷ് ഗോപി ചോദിച്ചു. അധമ പ്രവര്‍ത്തനങ്ങളില്‍ തന്റെ സംഭാവന ഉണ്ടാകില്ല എന്ന് ഓരോ വ്യക്തിയും കരുതണം.

അങ്ങനെയെങ്കില്‍ പ്രശ്‌നം തീരും. അക്കാര്യത്തില്‍ ജനങ്ങള്‍ സ്വയം തീരുമാനം എടുക്കണം എന്നും നേരത്തെയും ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. സിദ്ധന്‍ എന്ന് പറഞ്ഞ് വരുന്നവരുടെ തട്ടിപ്പുകളില്‍ ജനങ്ങള്‍ വീഴരുത് എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. കേരളത്തിലെ സഹകരണ മേഖലയില്‍ നടന്ന തട്ടിപ്പും കര്‍ഷക ആത്മഹത്യകളും നരബലി തന്നെയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.

90 കളില്‍ സംസ്ഥാനത്ത് എത്രയെത്ര മാതാപിതാക്കളും കര്‍ഷകരുമാണ് ആത്മഹത്യ ചെയ്തത് എന്നും സുരേഷ് ഗോപി പറഞ്ഞു. ആരാണ് ലോണ്‍ നല്‍കിയത്, ആരാണ് ജപ്തിക്ക് മുന്നോട്ട് ചെന്നത്, ആ മാതാപിതാക്കളുടെ മക്കള്‍ എത്തേണ്ടിടത്ത് എത്തിയോ? എത്തിക്കാത്തത് ആരാണ് എന്നും സുരേഷ് ഗോപി ചോദിച്ചു.

ഇത്തരം ആത്മഹത്യകളും ഒരുതരത്തില്‍ നരബലിയാണ് എന്നും ചിട്ടിക്കമ്പനികളുടെ പൊല്ലാപ്പും റമ്മി പോലെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പിന്നിലെ ചതിക്കുഴികളും വാര്‍ത്തകളിലൂടെ പുറത്തുവന്നിട്ടും എന്തുകൊണ്ടാണ് ആളുകള്‍ ഇതൊന്നും മനസിലാക്കാത്തത് എന്നും സുരേഷ് ഗോപി ചോദിച്ചു.

ആഭിചാരക്രിയകള്‍ അഭിവൃദ്ധിക്ക് വേണ്ടി ചെയ്യുന്നത് പോലെ തന്നെയാണ് നിക്ഷേപകര്‍ അവരുടെ അഭിവൃദ്ധിക്ക് വേണ്ടി പണം ബാങ്കിനെ ഏല്‍പ്പിക്കുന്നതും. അവര്‍ ചതിക്കപ്പെട്ട് ആത്മഹത്യയിലേക്ക് തിരിയുമ്പോള്‍ അതും നരബലിയാകുകയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ നരബലി നടത്തി കൊന്ന സംഭവം ഇന്നലെയാണ് പുറത്തായത്.

റോസ്ലി, പത്മം എന്നീ മധ്യവയസ്‌കരായ സ്ത്രീകളെയാണ് സമ്പല്‍ സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നീവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പത്മത്തെ കാണാനില്ല എന്ന മകന്റെ പരാതി അന്വേഷിച്ച് ചെന്നപ്പോഴാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞത്.












Click it and Unblock the Notifications