ഗണേശ പ്രതിമ കൊണ്ടുപോയവർക്കൊക്കെ പ്രശ്നത്തോട് പ്രശ്നം; ഗതികെട്ട് പുഴയിലെറിഞ്ഞു; എന്നിട്ടും തീർന്നില്ല..
ഇരിട്ടി പഴശ്ശി ജലസംഭരണിയിൽ നിന്ന് ഗണേശ പ്രതിമ കണ്ടെത്തിയിരുന്നു. എവിടെ നിന്നാണ് ഈ വിഗ്രഹം വന്നത് എന്നറിയാതെ എല്ലാവരും ആശങ്കയിലായിരുന്നു. ഇപ്പോൾ ഈ വിഗ്രഹം ഒരു വീട്ടിൽ സൂക്ഷിച്ചിരുന്നത് ആണെന്ന് കണ്ടെത്തി.
ഇനി പറയാൻ പോകുന്നത് സിനിമ കഥയെ വെല്ലുന്ന കഥയാണ്. ചില സിനിമകളിൽ കണ്ട രംഗങ്ങളായിരിക്കും ഇനി പറയുന്ന കാര്യം കേൾക്കുമ്പോൾ നിങ്ങൾക്ക് ഓർമ വരിക. വീട്ടിൽ ഈ ഗണേശ പ്രതിമ സൂക്ഷിച്ചതിന് പിന്നാലെ അനർത്ഥങ്ങൾ സംഭവിക്കാൻ തുടങ്ങിയപ്പോഴാണ് ഉടമ വീട്ടിൽ നിന്നും മാറ്റാനായി ഈ വിഗ്രഹം പുഴയിൽ നിക്ഷേപിച്ചതെന്നാണ് പോലീസ് പറയുന്നത്. പഴയ ഒരു സിനിമയിലെ കഥയ്ക്ക് സമാനമായ സംഭവങ്ങളാണ് നടന്നത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരിട്ടി പുഴയുടെ ഭാഗമായ തന്തോട് വെള്ളത്തിൽ ഗണേശ പ്രതിമ കണ്ടെത്തിയത്. പിന്നാലെ തന്നെ ഈ വിഗ്രഹത്തെക്കുറിച്ചായി ചർച്ച. നാട്ടുകാർ സംഭവസ്ഥലത്തേക്ക് എത്തി, പോലീസുമെത്തി. ഗണേശ പ്രതിമയെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് അമ്പരിപ്പിക്കുന്ന സംഭവങ്ങൾ. ട്വിസ്റ്റോട് ട്വിസ്റ്റായിരുന്നു.
ഗണേശ പ്രതിമയെക്കുറിച്ച് അന്വേഷണം നടത്തിയ ഇരിട്ടി സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത് ഇങ്ങനെ: 2010 ൽ ഇരിട്ടിയിലെ ഒരു ജ്വല്ലറി ഉടമ കണ്ണൂരിൽ നിന്നും 6800 രൂപയ്ക്ക് ഒരു ഗണപതി പ്രതിമ വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നു. 2017 ൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ പൂജയ്ക്കെത്തിയ കർണാടക സ്വദേശിയായ പൂജാരി ഈ വിഗ്രഹം തനിക്ക് തരുമോ എന്ന് ചോദിച്ചു. ഇതിന് പിന്നാലെ ജ്വല്ലറി ഉടമ വിഗ്രഹം പൂജാരിക്ക് നൽകുന്നു.
പൂജാരി ഈ വിഗ്രഹം വീട്ടിൽ കൊണ്ടുപോയി പൂജകൾ നടത്തി. ഇതിന് ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ പല അനർത്ഥ സംഭവങ്ങളും നടക്കുന്നു. പൂജാരി വിഗ്രഹം എടുത്ത് വാരന്തയിൽ വെച്ചു. രണ്ടാഴ്ച മുൻപ് പഴയ സാധനങ്ങൾ ശേഖരിക്കാൻ എത്തിയ പുന്നാട് സ്വദേശി പ്രതിമ തരുമോ എന്ന് പൂജാരിയോട് ചോദിച്ചു. പൂജാരി ഈ വിഗ്രഹം അയാൾക്ക് നൽകി.
ഇയാൾ ഈ വിഗ്രഹം വീട്ടിൽ കൊണ്ടുപോയി. ആരുമറിയാതെ ചകിരിക്കിടയിൽ പ്രതിമ ഒളിപ്പിച്ചുവെച്ചു. പക്ഷേ വിഗ്രഹം അവിടെ വെച്ചതിന് പിന്നാലെ ഇദ്ദേഹത്തിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായി എന്നാണ് പറയുന്നത്. തുടർന്നാണ് വാഹനത്തിൽ പ്രതിമയെ കൊണ്ടുപോയി പുഴയിൽ ഉപേക്ഷിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. ഗണേശ പ്രതിമ വീണ്ടും കർണാടക സ്വദേശിക്ക് തന്നെ തിരിച്ചുനൽകും.












Click it and Unblock the Notifications